കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ത്രില്ലിങ് മാച്ചില്‍ വിവാദങ്ങള്‍ക്കും തീപാറുന്ന വാക്‌പോരിനുമൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. കളിയില്‍ വിരാട് കോലിയുടെ വിവാദ പുറത്താവലും അതിനു ശേഷം അംപയറോടു അദ്ദേഹം കയര്‍ത്തതും രോഷം പ്രകടിപ്പിച്ച് കളം വിട്ടതുമെല്ലാം ലോകം കണ്ടതാണ്. അതിനു ശേഷം കളിയുടെ മറ്റൊരു ഘട്ടത്തില്‍ കെകെആറിന്റെ മുഖ്യ ഉപദേശകന്‍ ഗൗതം ഗംഭീര്‍ ഡഗൗട്ടില്‍ വച്ച് ഫോര്‍ത്ത് അംപയറോടു രൂക്ഷമായി കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ എന്തായിരുന്നു ഗംഭീറിനെ ഇത്ര മാത്രം ക്ഷുഭിതനാക്കിയത്? ഇതേക്കുറിച്ചറിയാം.
ആര്‍സിബിയുടെ റണ്‍ചേസിന്റെ അവസാന ഘട്ടത്തിലായിരുന്നു ഗംഭീറിന്റെ നിയന്ത്രണം വിട്ടത്. 18ാം ഓവറിനിടെയായിരുന്നു ഡഗൗട്ടില്‍ നാടകീയ രംഗങ്ങള്‍. ആര്‍സിബിക്കു അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 12 ബോളില്‍ 31 റണ്‍സായിരുന്നു. സ്‌ട്രൈക്ക് നേരിട്ടത് ദിനേശ് കാര്‍ത്തിക്കുമാണ്.

ഓണ്‍ഫീല്‍ഡ് അംപയറുമായി എന്തോ സംസാരിച്ചതിനു ശേഷം കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സ്വന്തം ടീമിന്റെ ഡഗൗട്ടിലേക്കു പോവുകയും അവിടെ വച്ച് ഗംഭീര്‍, മുഖ്യ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് എന്നിവരോടു സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന ആകാംക്ഷയിലുമായിരുന്നു കാണികള്‍.
ശ്രേയസുമായുള്ള ചര്‍ച്ചയ്ക്കു പിറകെയാണ് കട്ടക്കലിപ്പില്‍ ഗംഭീര്‍ ഫോര്‍ത്ത് അംപയര്‍ക്കു അരിലേക്കു കുതിച്ചത്. തുടര്‍ന്ന് അദ്ദേഹത്തോടു കയര്‍ത്തു സംസാരിക്കുകയും വാദിക്കുകയും ചെയ്തു. കോച്ച് പണ്ഡിറ്റും ഗംഭീറിനോടൊപ്പം കോച്ചുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. എന്താണ് ഇത്തരമൊരു വാക്‌പോരിലേക്കു നയിച്ചതെന്നു കമന്റേറ്റര്‍ക്കും അപ്പോള്‍ മനസ്സിലായില്ല. പിന്നീടാണ് ഇതിനു പിന്നിലെ കാരണമെന്താണെന്നു വ്യക്തമായത്.
അവസാനത്തെ രണ്ടോവറുകളില്‍ സുനില്‍ നരെയ്‌നു പകരം ഫീല്‍ഡിങില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ ഇറക്കാന്‍ കെകെആര്‍ ആഗ്രഹിച്ചിരുന്നു. നരെയ്ന്‍ അപ്പോഴേക്കും തന്റെ നാലോവര്‍ ക്വാട്ടയും പൂര്‍ത്തിയാക്കിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു പകരം സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി ഗുര്‍ബാസിനെ അയക്കാനായിരുന്നു കെകെആറിന്റെ പ്ലാന്‍. റണ്‍ചേസില്‍ ആര്‍സിബി ശക്തമായ വെല്ലുവിളിയുയര്‍ത്തവെ കൂടുതല്‍ ചടുലമായ ഫീല്‍ഡിങിനു ശേഷിയുള്ള വിക്കറ്റ് കീപ്പര്‍ കൂടിയായ ഗുര്‍ബാസുണ്ടെങ്കില്‍ അതു ഗുണം ചെയ്യുമെന്ന് കെകെആര്‍ കണക്കുകൂട്ടി.

ഇതിനായി നരെയ്‌നെ പിന്‍വലിച്ച് ഗുര്‍ബാസിനെ ഗ്രൗണ്ടിലേക്കേു കെകെആര്‍ അയക്കുകയും ചെയ്തിരുന്നു. പക്ഷെ ഇതു ശ്രദ്ധയില്‍ പെട്ട അംപയര്‍ നീക്കം തടയുകയും ഗുര്‍ബാസിനെ തിരിച്ചുവിളിക്കാന്‍ കെകെആറിനോടു ആവശ്യപ്പെടുകയുമായിരുന്നു. ഇതാണ് ഗംഭീറിനെ രോഷാകുലനാക്കിയത്. അംപയറുടെ തീരുമാനത്തിനെതിരേ ഫോര്‍ത്ത് അംപയറോടു അദ്ദേഹം വാദിക്കുകയും ചെയ്യുകയായിരുന്നു. പക്ഷെ അംപയര്‍ തന്‍റെ തീരുമാനത്തില്‍ ഒരു മാറ്റവും വരുത്തിയില്ല.
അതേസമയം, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ത്രില്ലറില്‍ ആര്‍സിബിയെ ഒരു റണ്‍സിനു കെകെആര്‍ കൊമ്പുകുത്തിക്കുകയായിരുന്നു. കെകെആര്‍ നല്‍കിയ 223 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്കു ആര്‍സിബി അവസാന ബോള്‍ വരെ പൊരുതിനോക്കിയെങ്കിലും 221 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.
ഒരു വിക്കറ്റ് കൈയിലിരിക്കെ അവസാന ബോളില്‍ ആര്‍സിബിക്കു ജയിക്കാന്‍ മൂന്നു റണ്‍സാണ് വേണ്ടിയിരുന്നത്. രണ്ടു റണ്‍സ് നേടിയാല്‍ കളി ടൈയാവുകയും തുടര്‍ന്നു സൂപ്പര്‍ ഓവര്‍ വേണ്ടി വരികയും ചെയ്യും. പക്ഷെ ഡബിളിനു ശ്രമിച്ച ആര്‍സിബിക്കു ഒരു റണ്‍സ് പൂര്‍ത്തിയാക്കാനേ സാധിച്ചുള്ളൂ. രണ്ടാമത്തെ റണ്‍സിനു മുമ്പ് ലോക്കി ഫെര്‍ഗൂസനെ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് കിടിലനൊരു സ്റ്റംപിങിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു.