IPL 2024: അവസാന 4 സീസണില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്, തലപ്പത്ത് ആര്? കോലി പിന്നില്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ ഇനി 6 ദിവസമാണുള്ളത്. 22ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇൗ സീസണിന് ശേഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ എല്ലാവരും വളരെ വാശിയോടെയാണ് ഈ സീസണെ കാണുന്നത്. മിനി താരലേലത്തിലൂടെ ടീമുകളെല്ലാം കരുത്തുയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.
ഇത്തവണയും മികച്ച യുവതാരങ്ങള്‍ കരുത്തുകാട്ടാന്‍ കാത്തിരിക്കുകയാണ്. അവസാന നാല് സീസണുകളിലെ കണക്ക് പരിശോധിക്കുമ്പോള്‍ കൂടുതല്‍ തവണ കളിയിലെ താരമായത് ആരാണെന്ന് അറിയാമോ? പരിശോധിക്കാം. സിഎസ്‌കെയുടെ റുതുരാജ് ഗെയ്ക് വാദാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 52 മത്സരങ്ങളില്‍ നിന്ന് 10 തവണയാണ് റുതുരാജ് ഈ നേട്ടത്തിലേക്കെത്തിയത്. ഇന്ത്യന്‍ ടീമില്‍ റുതുരാജിന് സീറ്റില്ല. പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും സ്ഥിരമായി അവസരം അവകാശപ്പെടാനാവില്ല.
എന്നാല്‍ സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് റുതുരാജ് നടത്തുന്നത്. സ്ഥിരതയോടെ കളിക്കുന്ന റുതുരാജ് സിഎസ്‌കെയുടെ അടുത്ത നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഈ സീസണിലും സിഎസ്‌കെ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് റുതുരാജെന്ന് പറയാം. ഈ സീസണിലും നിരവധി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം താരം പ്രതീക്ഷിക്കുന്നു. രണ്ടാം സ്ഥാനത്തുള്ളത് കെ എല്‍ രാഹുലാണ്.
51 മത്സരത്തില്‍ നിന്ന് 8 തവണ അദ്ദേഹം കളിയിലെ താരമായി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായ രാഹുല്‍ നിലവില്‍ ഓപ്പണറായാണ് കളിക്കുന്നത്. എന്നാല്‍ അടുത്ത സീസണില്‍ രാഹുല്‍ മധ്യനിരയില്‍ കളിച്ചേക്കുമെന്നാണ് വിവരം. ഗുജറാത്ത് ടൈറ്റന്‍ നായകനായ ശുബ്മാന്‍ ഗില്ലും 8 തവണ കളിയിലെ താരമായി. എന്നാല്‍ 64 മത്സരങ്ങള്‍ കളിച്ചു. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയതോടെയാണ് ശുബ്മാന്‍ ഗില്ലിന് നായകസ്ഥാനം ലഭിച്ചത്.

മൂന്നാം സ്ഥാനത്ത് മൂന്ന് താരങ്ങളാണുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലര്‍, പഞ്ചാബ് കിങ്‌സിന്റെ ശിഖര്‍ ധവാന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജ എന്നിവരാണ് മൂന്നാം സ്ഥാനത്ത്. ഈ മൂന്ന് പേരും 6 തവണ വീതമാണ് ഈ നേട്ടത്തിലേക്കെത്തിയത്. ബട്‌ലര്‍ രാജസ്ഥാനൊപ്പം റെക്കോഡ് പ്രകടനമാണ് 15ാം സീസണില്‍ കാഴ്ചവെച്ചത്. എന്നാല്‍ 16ാം സീസണില്‍ ശരാശരി പ്രകടനമാണ് നടത്തിയത്. ഇത്തവണ ബട്‌ലറുടെ പ്രകടനത്തില്‍ രാജസ്ഥാന് പ്രതീക്ഷകളേറെ.
രവീന്ദ്ര ജഡേജയുടെ മികവിലാണ് അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കപ്പടിച്ചത്. ഓള്‍റൗണ്ട് പ്രകടനവുമായി ജഡേജ സിഎസ്‌കെയ്ക്കായി കസറുന്നു. ഇത്തവണയും ഈ മികവ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. ശിഖര്‍ ധവാന്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ്.
ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാന്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം തുടരുകയാണ്. യുസ് വേന്ദ്ര ചഹാല്‍, ക്വിന്റന്‍ ഡീകോക്ക്, ഫഫ് ഡുപ്ലെസിസ്, യശ്വസി ജയ്‌സ്വാള്‍, മാര്‍ക്കസ് സ്റ്റോയിണിസ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അഞ്ച് തവണ വീതം കളിയിലെ താരമായിട്ടുണ്ട്.
കോലി നാല് തവണയും രോഹിത് 2 തവണയും ഈ കാലയളവില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്. ധോണിക്ക് ഒരു തവണ പോലും ഈ നേട്ടത്തിലെത്താനായില്ല. ഇത്തവണത്തെ ഐപിഎല്ലില്‍ പല യുവതാരങ്ങളും ശ്രദ്ധേയ പ്രകടനം നടത്താന്‍ സാധ്യതയുണ്ട്. യശ്വസി ജയ്‌സ്വാള്‍ ഇത്തവണ ഓറഞ്ച് ക്യാപ്പ് നേടുമെന്ന് പ്രവചിക്കുന്നവര്‍ ഏറെയാണ്.
റിങ്കു സിങ്ങിന്റേയും ദ്രുവ് ജുറേലിന്റേയും ഫിനിഷിങ് മികവ് കാണാനും ആരാധകര്‍ കാത്തിരിക്കുകയാണ്. ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങളെല്ലാം ഏറ്റവും മികച്ച പ്രകടനം തന്നെ ഐപിഎല്ലില്‍ കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications