അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 18ാം സീസണില്‍ പുതിയൊരു ലുക്കിലാവും മുഴുവന്‍ ടീമുകളെയും നമുക്കു കാണാന്‍ സാധിക്കുക. കാരണം സീസണിനു മുമ്പ് മെഗാ താരലേലം വരാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ലേലത്തിനു മുമ്പ് ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിക്കുക വെറും നാലു പേരെ മാത്രമാണ്. ബാക്കിയുള്ളവരെ മുഴുവന്‍ കൈവിടേണ്ടി വരും. ഇവരില്‍ ഒരാളെ ലേലത്തില്‍ റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് വഴി ടീമുകള്‍ക്കു തിരികെ വാങ്ങാനും സാധിക്കും. ഈ സീസണില്‍ ഏറെ സന്തുലിതമായ ടീമുകളിലൊന്നായിരുന്നു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്.
പക്ഷെ അടുത്ത സീസണില്‍ ഇതേ ടീമിനെ നമുക്കു കാണാന്‍ സാധിക്കില്ല. ഏറ്റവും പ്രധാനപ്പെട്ട നാലു പേരെയൊഴികെ ബാക്കിയുള്ളവരെയെല്ലാം റോയല്‍സിനു ഒഴിവാക്കേണ്ടതായി വരും. ആരൊക്കെയാവും റോയല്‍സ് നിലനിര്‍ത്താന്‍ പോവുന്ന നാലു കളിക്കാര്‍? ആരാധകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. റോയല്‍സ് നിലനിര്‍ത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

നിലവിലെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണായിരിക്കും റോയല്‍സ് നിലനിര്‍ത്തുന്നവരുടെ ലിസ്റ്റിലെ ആദ്യത്തെയാള്‍. റോയല്‍സിനെ സംബന്ധിച്ച് ഒരു കുടുംബാംഗം തന്നെയാണ് അദ്ദേഹം. 2013ല്‍ റോയല്‍സിനൊാപ്പം കരിയറാരംഭിച്ച താരമാണ് സഞ്ജു. 2021 മുതല്‍ അദ്ദേഹം ടീമിനെ നയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
റോയല്‍സിനെ സംബന്ധിച്ച് ഒരിക്കലും സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. തീര്‍ച്ചയായും അടുത്ത സീസണിലും റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ അദ്ദേഹമുണ്ടാവും. ബാറ്ററെന്ന നിലയില്‍ സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 500 പ്ലസ് റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.
റോയല്‍സ് നിലനിര്‍ത്തുന്ന രണ്ടാമത്തെയാള്‍ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലറായിരിക്കും. സഞ്ജുവിനെക്കൂടാതെ റോയല്‍സിന്റെ മറ്റൊരു നെടുംതൂണെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് അദ്ദേഹം.
മാത്രമല്ല ടീമിന്റെ അടുത്ത ക്യാപ്റ്റന്‍സി ഓപ്ഷനും കൂടിയാണ് ബട്‌ലര്‍. തുടര്‍ച്ചയായി നാലു സീസണുകളായി ടീമിനെ നയിച്ചു കൊണ്ടിരിക്കുന്ന സഞ്ജുവിനെ മാറ്റി അടുത്ത സീസണില്‍ പുതിയൊരു നായകനെ റോയല്‍സ് കൊണ്ടു വരികയാണെങ്കില്‍ ബട്‌ലര്‍ തന്നെയായിരിക്കും ഫസ്റ്റ് ചോയ്‌സ് ഓപ്ഷന്‍.

റോയല്‍സ് നിലനിര്‍ത്തുന്ന അടുത്ത രണ്ടു പേര്‍ ഭാവി സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധിക്കുന്ന ഇന്ത്യന്‍ സെന്‍സേഷനുകളായ യശസ്വി ജയ്‌സ്വാളും റിയാന്‍ പരാഗുമായിരിക്കും. ഈ സീസണില്‍ ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും ജയ്‌സ്വാളിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുന്ന താരമാണ് ജയ്‌സ്വാള്‍. മാത്രമല്ല അടുത്ത 5-10 വര്‍ഷത്തേക്കു റോയല്‍സിനു വേണ്ടി കളിക്കാന്‍ സാധിക്കുന്നയാള്‍ കൂടിയാണ് അദ്ദേഹം.
പരാഗിന്റെ ബ്രേക്ക്ത്രൂ സീസണായിരുന്നു ഇത്തവണത്തേത്. റോയല്‍സിനു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും അദ്ദേഹമാണ്. 573 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്. ഓള്‍റൗണ്ടര്‍ കൂടിയായ അദ്ദേഹത്തിനു ടീമിലെ നിര്‍ണായക താരമായി മാറാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഈ കാരണത്താല്‍ തന്നെ പരാഗിനെയും ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തും.
ഈ നാലു പേരെ നിലനിര്‍ത്തുന്നതിനൊപ്പം ആര്‍ടിഎം വഴി ലേലത്തില്‍ ഒരാളെക്കൂടി തിരികെ വാങ്ങാനും റോയല്‍സിനു കഴിയും. അത് ആരാവുമെന്നതാണ് ഏറ്റവും വലിയ സസ്പെന്‍സ്. ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരിലൊരാളെയാവും റോയല്‍സ് വാങ്ങിയേക്കുക.