ഐപിഎല്ലിന്റെ 17ാമത് സീസണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാര്‍. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സോ, അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സോ, ഗുജറാത്ത് ടൈറ്റന്‍സോ ആയിരിക്കില്ല ഇത്തവണ ചാംപ്യന്‍മാരാവുകയെന്നാണ് പ്രവീണിന്റെ പ്രവചനം. ഒരു സര്‍പ്രൈസ് ടീമിനെയാണ് അദ്ദേഹം ജേതാക്കളായി തിരഞ്ഞെടുത്തിട്ടുള്ളത്.
അടുത്ത വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിനു കൊടിയേറുക. ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സിഎസ്‌കെയും ഫാഫ് ഡുപ്ലെസി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ആദ്യ പോരാട്ടത്തില്‍ കച്ചമുറുക്കുക. അവസാന സീസണില്‍ ജിടിയെ വീഴ്ത്തിയാണ് സിഎസ്‌കെ കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ അഞ്ചു ട്രോഫികളെന്ന മുംബൈയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം സിഎസ്‌കെ എത്തുകയും ചെയ്തിരുന്നു.

ഇതു വരെ ഐപിഎല്ലില്‍ ചാംപ്യന്‍മാരാാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ആര്‍സിബിയാണ് ഇത്തവണ ജേതാക്കളാവുകയെന്നാണ് പ്രവീണിന്റെ പ്രവചനം. ഇത്തവണ ആര്‍സിബി കിരീടമണിയും. എന്തുകൊണ്ടാണ് ആര്‍സിബിയെ ഞാന്‍ തിരഞ്ഞെടുത്തതെന്നു മാത്രം ചോദിക്കരുത്. അതു പിന്നീടൊരിക്കല്‍ പറയാം.
ആര്‍സിബിയെ സംബന്ധിച്ച് ഇത്തവണ നല്ല കാര്യങ്ങളായിരിക്കും സംഭവിക്കുക. ഇപ്പോൾ വൈകുന്നേരമാണ്, സമയം ഏഴു മണിയോട് അടുക്കുന്നു. എന്റെ വായില്‍ നിന്നും ആര്‍സിബിയുടെ പേര് പെട്ടെന്നു വരികയും ചെയ്തു. എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാമെന്നും പ്രവീണ്‍ പറഞ്ഞു. ഈ സീസണില്‍ ആര്‍സിബി കിരീടം നേടുമെന്നു എന്റെ വായില്‍ നിന്നും അവിചാരിതമായി വന്നു പോയതാണ്. ഞാന്‍ ഈ തരത്തില്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ സംഭവിക്കാറുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കളിച്ചിരുന്ന കാലത്തു ഐപിഎല്ലില്‍ ഏതെങ്കിലും ടീമിനായി ഇറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നോയെന്നതിനെക്കുറിച്ചും പ്രവീണ്‍ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഏതെങ്കിലുമൊരു പ്രത്യേക ടീമിനു വേണ്ടി കളിക്കണമെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. ഏതു ടീമില്‍ അവസരം ലഭിച്ചാലും ദൈവത്തിന്‍റെ പേരില്‍ ഏറ്റവും മികച്ച പ്രകടനം നടത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്.
ഐപിഎല്‍ കരിയറില്‍ കളിച്ചിട്ടുള്ള ടീമുകള്‍ക്കെല്ലാം വേണ്ടി ഞാന്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തിട്ടുണ്ട്. സണ്‍റൈസഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ആര്‍സിബി, ജിടി, മുംബൈ എന്നിവര്‍ക്കു വേണ്ടിയാണ് ഐപിഎല്ലില്‍ ഞാന്‍ കളിച്ചത്. എല്ലാവര്‍ക്കും വേണ്ടി നന്നായി കളിക്കുകയും ചെയ്തതായി വിശ്വസിക്കുന്നതായും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ആര്‍സിബി മൂന്നു തവണ കിരീടത്തിനു കൈയെത്തുംദൂരത്ത് വരെയെത്തിയിട്ടുണ്ട്. പക്ഷെ ഫൈനലെന്ന അവസാനത്തെ കടമ്പയില്‍ തട്ടി അവര്‍ വീഴുകയായിരുന്നു. 2009ലെ രണ്ടാം സീസണിലായിരുന്നു അവരുടെ കന്നി ഫൈനല്‍. അന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദിനു മുന്നില്‍ ആര്‍സിബി മുട്ടുമടക്കി. അതിനു ശേഷം വീണ്ടുമൊരു ഫൈനലില്‍ അവര്‍ എത്തുന്നത് 2011ലാണ്. പക്ഷെ ഇത്തവണ സിഎസ്‌കെയാണ് ആര്‍സിബിയെ ഫൈനലില്‍ വീഴ്ത്തിയത്.
അതിനു ശേഷം അവസാനമായി ബാംഗ്ലൂരിനെ ഫൈനലില്‍ കണ്ടത് 2016ലായിരുന്നു. വിരാട് കോലിക്കു കീഴിലായിരുന്നു ഇത്. എന്നാല്‍ ഇത്തവണയും ആര്‍സിബിക്കു കിരീടഭാഗ്യമുണ്ടായില്ല. കോലി കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത സീസണിന്റെ ഫൈനലില്‍ ഹൈദരാബാദായിരുന്നു എതിരാളികള്‍.
ഡേവിഡ് വാര്‍ണര്‍ നയിച്ച ഓറഞ്ച് ആര്‍മി മിന്നുന്ന ജയത്തോടെ കന്നി ഐപിഎല്‍ ട്രോഫി സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. 16 വര്‍ഷം നീണ്ട കാത്തിരിപ്പിന് ഇത്തവണയെങ്കിലും അന്ത്യമുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ആര്‍സിബി ഈ ടൂര്‍ണമെന്റിനു തയ്യാറെടുക്കുന്നത്.