IPL 2024: പവര്‍പ്ലേയില്‍ ഇവര്‍ തീ, ടോപ് ത്രീയില്‍ രോഹിത്തില്ല! രണ്ട് ഇന്ത്യന്‍ താരങ്ങള്‍- കണക്കിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ കരുത്തുറ്റ താരനിരയാണ് എല്ലാ ടീമുകള്‍ക്കൊപ്പവുമുള്ളത്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്നുറപ്പ്. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പും വരാന്‍ പോവുകയാണ്. ടീം തിരഞ്ഞെടുപ്പിനെ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്നതിനാല്‍ എല്ലാവരും ഐപിഎല്ലിലെ പ്രകടനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ടി20 ഫോര്‍മാറ്റില്‍ മത്സരഫലം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്നത് ആദ്യത്തെ 6 ഓവറിലെ പ്രകടനമാണ്.
ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചാല്‍ ടീം സ്‌കോറിനത് വലിയ കരുത്താവുകയും വിജയ സാധ്യത ഉയരുകയും ചെയ്യും. ഐപിഎല്ലിന്റെ ചരിത്രത്തില്‍ വമ്പനടിക്കാരായ പല താരങ്ങളെ കാണാനാവും. എന്നാല്‍ പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് ആര്‍ക്കാണെന്ന് അറിയാമോ?. ശിഖര്‍ ധവാനാണ് തലപ്പത്ത്. പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും കണക്കുകളില്‍ ധവാനാണ് മുന്നിട്ട് നില്‍ക്കുന്നത്.
മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി, ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്നീ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള ധവാന്‍ നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനാണ്. 3316 റണ്‍സാണ് പവര്‍പ്ലേയിലെ ധവാന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റിലേക്ക് വരുമ്പോള്‍ ധവാന്‍ അല്‍പ്പം മോശമാണ്. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിട്ടും 126 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഡേവിഡ് വാര്‍ണറാണ്.
മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഡേവിഡ് വാര്‍ണര്‍. 3191 റണ്‍സാണ് വാര്‍ണര്‍ പവര്‍പ്ലേയില്‍ നേടിയിട്ടുള്ളത്. 138 സ്‌ട്രൈക്ക് റേറ്റാണ് വാര്‍ണര്‍ക്കുള്ളത്. ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിലാണ് വാര്‍ണറുള്ളത്. 138 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും വാര്‍ണര്‍ക്കുണ്ട്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് വിരാട് കോലിയാണ്. ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പര്‍ താരമാണെങ്കിലും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണറാണ് കോലി.

2426 റണ്‍സാണ് കോലിയുടെ പവര്‍പ്ലേയിലെ സ്‌കോര്‍. 119 ആണ് സ്‌ട്രൈക്ക് റേറ്റ്. മധ്യനിരയിലെ കിങ് കോലിയാണ്. 7 മുതല്‍ 15വരെയുള്ള ഓവറുകളില്‍ കൂടുതല്‍ റണ്‍സ് കോലിയുടെ പേരിലാണ്. 3465 റണ്‍സാണ് കോലി അടിച്ചെടുത്തത്. അതും 123 സ്‌ട്രൈക്ക് റേറ്റില്‍. ഫോമിലേക്കെത്തിയാല്‍ അവസാനംവരെ ബാറ്റുചെയ്യാന്‍ കഴിവുള്ള താരമാണ് കോലി. രണ്ടാം സ്ഥാനത്ത് സുരേഷ് റെയ്‌നയാണ്. 131 സ്‌ട്രൈക്ക് റേറ്റില്‍ 3077 റണ്‍സാണ് മുന്‍ സിഎസ്‌കെ വൈസ് ക്യാപ്റ്റന്‍ നേടിയത്.
മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഗംഭീര റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ് റെയ്‌ന. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മുന്‍ മുംബൈ ഇന്ത്യന്‍സ് നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ്. 120 സ്‌ട്രൈക്ക് റേറ്റില്‍ 2860 റണ്‍സാണ് രോഹിത് നേടിയത്. ഡെത്തോവറിലെ ബാറ്റിങ് കണക്കുകളില്‍ തലപ്പത്ത് എംഎസ് ധോണിയാണ്. സിഎസ്‌കെ നായകനും ഫിനിഷറുമായ ധോണിയാണ് ഡെത്തോവറുകളില്‍ ഏറ്റവും സ്ഥിരതയോടെ കസറുന്നത്.
3131 റണ്‍സാണ് 16-20 ഓവറിനുള്ളില്‍ ധോണി നേടിയത്. അതും 175 സ്‌ട്രൈക്ക് റേറ്റില്‍. അവസാന ഓവറുകളില്‍ ധോണിക്കെതിരേ പന്തെറിയുകയെന്നത് വളരെ കടുപ്പമാണ്. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞാല്‍ ധോണിയത് ഹെലികോപ്ടര്‍ ഷോട്ടിലൂടെ സിക്‌സര്‍ പറത്തും. രണ്ടാം സ്ഥാനത്തുള്ള കറെന്‍ പൊള്ളാര്‍ഡ് 2032 റണ്‍സാണ് ഡെത്തോവറില്‍ നേടിയിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സിന്റെ ഫിനിഷറായിരുന്ന പൊള്ളാര്‍ഡ് പല മത്സരങ്ങളും ഒറ്റക്ക് ജയിപ്പിച്ചിട്ടുണ്ട്.
മൂന്നാം സ്ഥാനത്ത് എബി ഡിവില്ലിയേഴ്‌സാണ്. 1868 റണ്‍സാണ് മുന്‍ ആര്‍സിബി താരമായ ഡിവില്ലിയേഴ്‌സ് നേടിയത്. 223 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന ഡിവില്ലിയേഴ്‌സിനെതിരേ അവസാന ഓവറില്‍ പന്തെറിയുന്നവര്‍ തല്ലുവാങ്ങി കരയുമെന്നുറപ്പ്. അപൂര്‍വ്വം സമയത്താണ് ഡെത്തോവറുകളില്‍ എബിഡി മുട്ടുകുത്തിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications