ഐപിഎല്ലിന്റെ പുതിയൊരു സീസണിനു അടുത്ത മാസം 22ന് തുടക്കമാവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐപിഎല്‍ പൂരത്തിനു കൊടിയേറുന്നത്. 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും വലിയ പ്രതീക്ഷയിലാണ്. 2022ല്‍ സഞ്ജുവിനു കീഴില്‍ ഫൈനല്‍ വരെയെത്തിയ റോയല്‍സ് ഇത്തവണ രണ്ടാം കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
വളരെ ശക്തമായ, സന്തുലിതമായ സ്‌ക്വാഡിനെയാണ് സഞ്ജുവിനു ഇത്തവണ ലഭിച്ചിരിക്കുന്നത്. കാര്യമായ വീക്ക്‌നെസുകളൊന്നും തന്നെ അവര്‍ക്കു ചൂണ്ടിക്കാണിക്കാനില്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റനെന്ന നിലയില്‍ ഇതു സഞ്ജുവിന്റെ സമ്മര്‍ദ്ദവും ഉയര്‍ത്തുമെന്നുറപ്പാണ്. ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ മൂന്നൂ സീസണുകളിലും മോശമല്ലാത്ത പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

പക്ഷെ ചില അബദ്ധങ്ങള്‍ മറ്റു ക്യാപ്റ്റന്മാരെപ്പോലെ സഞ്ജുവിനും സംഭവിച്ചിട്ടുണ്ട്. ഏതായിരിക്കും റോയല്‍സ് നായകനായ ശേഷം അദ്ദേഹം കളിക്കളത്തില്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം? ഭൂരിഭാഗവും പേരും എടുത്തുകാണിക്കുക കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയിലെ ഒരു പിഴവായിരിക്കും. അന്നു ഈ അബദ്ധത്തിന്റെ പേരില്‍ സഞ്ജുവിനു ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു.
ചില മുന്‍ താരങ്ങളടക്കമുള്ളവരും അന്നു അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഭവമെന്താണെന്നു നമുക്കു പരിശോധിക്കാം. മേയ് ഏഴിനു ഹൈദരാബാദുമായി ഹോംഗ്രൗണ്ടായ ജയ്പൂരില്‍ നടന്ന കളിയിലായിരുന്നു സഞ്ജുവിന്റെ മണ്ടത്തരം കാരണം ജയിക്കാമായിരുന്ന മല്‍സരം റോയല്‍സ് നാലു വിക്കറ്റിനു പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. ഇത്രയും വലിയൊരു സ്‌കോര്‍ മുമ്പൊരിക്കലും ഹൈദരാബാദ് ചേസ് ചെയ്ത് ജയിച്ചിട്ടുമില്ല. മറുപടിയില്‍ ഓറഞ്ച് ആര്‍മി വീറോടെ തന്നെ പൊരുതി. അവസാനത്തെ രണ്ടോവറില്‍ അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കെ 41 റണ്‍സായിരുന്നു ഹൈദരാബാദിനു ജയിക്കാന്‍ വേണ്ടിയിരുന്നത്.
റോയല്‍സ് ഏറെക്കുറെ വിജയം ഉറപ്പിച്ച മട്ടായിരുന്നു. പക്ഷെ 19ാമത്തെ ഓവറില്‍ സഞ്ജു വലിയൊരു മണ്ടത്തരം കാണിച്ചു. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയ്ക്ക് ഓവര്‍ ബാക്കിയുണ്ടായിട്ടും അദ്ദേഹം പേസര്‍ കുല്‍ദിപ് യാദവിനെ പരീക്ഷിക്കുകയായിരുന്നു. ഇതു ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. ക്രീസിലുണ്ടായിരുന്ന ഗ്ലെന്‍ ഫിലിപ്‌സും അബ്ദുള്‍ സമദും ചേര്‍ന്ന് 24 റണ്‍സാണ് ഓവറില്‍ വാരിക്കൂട്ടിയത്.
ആദ്യത്തെ ബോളില്‍ സിക്‌സറടിച്ചാണ് കുല്‍ദിപിനെ ഫിലിപ്സ് വരവേറ്റത്. തുടര്‍ന്നുള്ള രണ്ടു ബോളുകളും സിക്‌സറിലേക്കു പറത്തിയ ഫിലിപ്‌സ് റോയല്‍സിനെയും സഞ്ജുവിനെയും ശരിക്കും ഞെട്ടിച്ചു. നാലാമത്തെ ബോള്‍ ബൗണ്ടറിയും കടന്നു. അഞ്ചാമത്തെ ബോളില്‍ ഫിലിപ്‌സിനെ കുല്‍ദിപ് പുറത്താക്കിയെങ്കിലും അപ്പോഴേക്കും 22 റണ്‍സ് അക്കൗണ്ടിലേക്കു വന്നിരുന്നു. അവസാന ബോളില്‍ ഡബിളെടുത്ത് മാര്‍ക്കോ യാന്‍സണ്‍ ടീം സ്‌കോറിലേക്കു രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഇതോടെ അവസാന ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മയ്ക്കു പ്രതിരോധിക്കേണ്ടിയിരുന്നത് 15 റണ്‍സായിരുന്നു. രണ്ടാമത്തെ ബോളില്‍ സമദ് സിക്‌സറടിച്ചെങ്കിലും ബാക്കിയുള്ള ബോളുകളില്‍ ഫോറോ, സിക്‌സറോ വഴങ്ങിയില്ല. അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സായിരുന്നു.
സന്ദീപ് റണ്ണൊന്നും വഴങ്ങിയില്ലെങ്കിലും പിന്നാലെ അംപയറുടെ നോ ബോള്‍ കോള്‍, തുടര്‍ന്ന് ഫ്രീഹിറ്റും. ഈ ബോള്‍ സിക്‌സറിലേക്കു പറത്തി സമദ് ഹൈദരാബാദിനു നാലു വിക്കറ്റിന്റെ നാടകീയ ജയവും സമ്മാനിച്ചു. ഈ കളി ജയിച്ചിരുന്നെങ്കില്‍ റോയല്‍സിനു പ്ലേഓഫിലും കടക്കാമായിരുന്നു. ഒരു ജയം മാത്രമകലെയാണ് അവര്‍ക്കു പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
മുന്‍ താരം മുഹമ്മദ് കൈഫ് രൂക്ഷമായാണ് ഹൈദരാബാദിനെതിരേ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചത്. എന്തൊരു ദയനീയ ക്യാപ്റ്റന്‍സിയാണിത്. 'ബോധം' നഷ്ടമായാണോ അദ്ദേഹം കുല്‍ദിപ് യാദവിനു 19ാം ഓവര്‍ നല്‍കിയത്. ഒബെഡ് മക്കോയ്ക്കാണ് അതു ലഭിക്കേണ്ടിയിരുന്നത്. ഈ മണ്ടത്തരം എസ്ആര്‍എച്ചിനു അനുകൂലമായി കാര്യങ്ങള്‍ മാറ്റിയതായും കൈഫ് തുറന്നടിച്ചിരുന്നു.