ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് എന്തുകൊണ്ടാണ് തന്നെ നിലനിര്‍ത്തിയതെന്നു തകര്‍പ്പന്‍ സെഞ്ച്വറിയുമായി തെളിയിച്ചിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദ്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ സഞ്ജു സാംസണ്‍ നയിച്ച കേരളത്തിനു വേണ്ടിയാണ് സെഞ്ച്വറിയുമായി വിഷ്ണു മിന്നിച്ചത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം വെറും 85 ബോളില്‍ വാരിക്കൂട്ടിയത് 120 റണ്‍സായിരുന്നു. അഞ്ചു ഫോറും എട്ടു വമ്പന്‍ സിക്‌സറുകളുമടക്കമായിരുന്നു ഇത്.
ഒഡീഷയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറാവുമ്പോഴേക്കും നാലു വിക്കറ്റിനു 75 റണ്‍സെന്ന നിലയില്‍ പതറിയെങ്കിലും വിഷ്ണുവിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് കേരളത്തെ രക്ഷിച്ചു. ഒമ്പതു വിക്കറ്റിനു 286 റണ്‍സെന്ന മികച്ച ടോട്ടല്‍ 50 ഓവറില്‍ പടുത്തുയര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞു.

വിഷ്ണുവിനെക്കൂടാതെ ഓള്‍റൗണ്ടര്‍ അബ്ദുള്‍ ബാസിത്ത് (48*), അഖില്‍ സ്‌കറിയ (34) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മൂന്നാം നമ്പറില്‍ ഇറങ്ങിയ നായകന്‍ സഞ്ജു നിരാശപ്പെടുത്തി. 21 ബോളില്‍ രണ്ടു ഫോറടക്കം 15 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.
മറുപടിയില്‍ കേരളത്തിന്റെ ഉജ്ജ്വല ബൗള്ങിങിനു മുന്നില്‍ ഒഡീഷ കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയില്ല. 43.3 ഓവറില്‍ 208 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. 78 റണ്‍സിന്റെ ആധികാരിക വിജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. സ്പിന്നര്‍ ശ്രേയസ് ഗോപാലായിരുന്നു ഒഡീഷയുടെ അന്തകനായി മാറിയത്. അദ്ദേഹം നാലു വിക്കറ്റുകളുമായി കേരള ബൗളിങില്‍ അദ്ദേഹം മികച്ചുനിന്നു. ബേസില്‍ തമ്പിയും അഖില്‍ സ്‌കറിയയും രണ്ടു വീതം വിക്കറ്റുകളെടുത്തു.
ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ വലിയൊരു റെക്കോര്‍ഡും വിഷ്ണു വിനോദിനെ തേടിയെത്തി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മൂന്നു തവണ ഒരു കളിയില്‍ എട്ടോ, അതില്‍ക്കൂടുതലോ സിക്‌സറുകളടിച്ച ആദ്യത്തെ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ വിഷ്ണുവിന്റെ ആറാമത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ കേരളത്തിനായി ഏറ്റവുമധികം സെഞ്ച്വറികളടിച്ച താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി.

കേരളത്തിനു വേണ്ടി തുടര്‍ച്ചയായി രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് വിഷ്ണു സെഞ്ച്വറി കണ്ടെത്തിയത്. അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ടോപ്‌സ്‌കോററും വിഷ്ണു തന്നെയായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 51.85 ശരാശരിയില്‍ 160.61 സ്‌ട്രൈക്ക് റേറ്റോടെ താരം അടിച്ചെടുത്തത് 363 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. കേരളത്തെ ക്വാര്‍ട്ടര്‍ വരെയെത്തിക്കുന്നതില്‍ വിഷ്ണു നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.
29 കാരനായ വിഷ്ണു വിനോദ് കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള ലേലത്തിലാണ് മുംബൈയുടെ കൂടാരത്തിലെത്തിയത്. ടീമിനു വേണ്ടി കളിക്കാന്‍ വെറും മൂന്നു അവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഇതിലൂടെ മലയാളി താരത്തിനു സാധിക്കുകയും ചെയ്തു.
119.35 സ്‌ട്രൈക്ക് റേറ്റില്‍ 37 റണ്‍സാണ് വിഷണു നേിയത്. റണ്‍സ് നോക്കിയാല്‍ കുറവാണെങ്കിലും അദ്ദേഹത്തിന്റെ അഗ്രസീവ് ബാറ്റിങ് ശൈലി പ്രശംസിക്കപ്പെട്ടിരുന്നു. ഈ കാരണത്താല്‍ തന്നെയാണ് കഴിഞ്ഞ ദിവസം മുംബൈ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടികയില്‍ വിഷ്ണുവും ഇടം പിടിച്ചത്.