ഐപിഎല്ലില്‍ ചരിത്രനേട്ടത്തിന് കൈയെത്തുംദൂരത്താണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി. ബാറ്ററെന്ന നിലയില്‍ ഇന്ത്യയുടെ മറ്റൊരാള്‍ക്കും എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നേട്ടമാണ് അദ്ദേഹം സ്വപ്‌നം കാണുന്നത്. ഈ മാസം 22ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ തന്നെ കോലി ഈ അപൂര്‍വ്വനേട്ടം കുറിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള കോലിയുടെ മടങ്ങിവരവിന് കൂടിയാണ് ഐപിഎല്‍ സാക്ഷിയാവുന്നത്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു അദ്ദേഹം വിട്ടുനിന്നിരുന്നു. ഭാര്യ അനുഷ്‌കാ ശര്‍മയുടെ രണ്ടാമത്തെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോലി ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്തത്. ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേയുള്ള ടി20 പരമ്പരയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഫിഫ്റ്റികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന വമ്പന്‍ റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. സിഎസ്‌കെയുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ ഫിഫ്റ്റി കുറിക്കാനായാല്‍ അദ്ദേഹത്തിനു ഈ നേട്ടത്തിന് അവകാശിയാവാം. പക്ഷെ കോലിക്കു സിഎസ്‌കെയ്‌ക്കെതിരേ ഇതിനു സാധിച്ചില്ലെങ്കില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാനായിരിക്കും ചരിത്രം കുറിച്ചേക്കുക.
കാരണം ഫിഫ്റ്റികളുടെ എണ്ണത്തില്‍ കോലിയും ധവാനും ഇപ്പോള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. 50 വീതം ഫിഫ്റ്റികളാണ് ഇരുവരും ഐപിഎല്ലില്‍ കുറിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ധവാന്‍ പഞ്ചാബിനു വേണ്ടി ആദ്യ പോരാട്ടത്തിനു ഇറങ്ങുന്നതിനു മുമ്പ് തന്നെ ഫിഫ്റ്റിയോടെ ചരിത്രം കുറിക്കാനായിരിക്കും കിങ് കോലിയുടെ ശ്രമം.
കോലിയും ധവാനും കഴിഞ്ഞാല്‍ കൂടുതല്‍ ഫിഫ്റ്റികളുള്ള ഇന്ത്യന്‍ താരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (42 ഫിഫ്റ്റി), ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ താരം സുരേഷ് റെയ്‌ന (39), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (36) എന്നിവരാണുള്ളത്.
ഐപിഎല്ലില്‍ ഏറ്റവുമധികം ഫിഫ്റ്റികളെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേഡിവ് വാര്‍ണര്‍ക്കു സ്വന്തമാണ്. വിവിധ ടീമുകള്‍ക്കൊപ്പം 61 ഫിഫ്റ്റികളാണ് വാര്‍ണര്‍ വാരിക്കൂട്ടിയത്. രണ്ടാംസ്ഥാനം കോലിയും ധവാനും ചേര്‍ന്നു പങ്കിടുകയാണ്.

ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് കോലിക്കു സ്വന്തമാണ്. ആര്‍സിബിക്കു വേണ്ടി 37.25 ശരാശരിയില്‍ 130.02 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം വാരിക്കൂട്ടിയത് 7263 റണ്‍സാണ്. 237 മല്‍സരങ്ങളിലാണ് കോലി ഇത്രയുമധികം റണ്‍സ് അടിച്ചെടുത്തത്.
ഏഴു സെഞ്ച്വറികള്‍ ടൂര്‍ണമെന്റില്‍ അദ്ദേഹം നേടുകയും ചെയ്തു. ഏറ്റവുമധികം സെഞ്ച്വറികളെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരില്‍ തന്നെ. ഐപിഎല്ലില്‍ 7000ത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ഏക താരവും കോലി തന്നെയാണ്. ഇതുകൊണ്ടും തീരുന്നില്ല അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍.
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കട്ടിയ താരമെന്ന റെക്കോര്‍ഡ് കോലിയുടെ പേരില്‍ ഭദ്രമാണ്. 2016ലെ ഐപിഎല്ലിലായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. 81ന് മുകളില്‍ ശരാശരിയില്‍ അന്നു കോലി അടിച്ചെടുത്തത് 973 റണ്‍സാണ്. നാലു സെഞ്ച്വറികളടക്കമായിരുന്നു ഇത്. ഏഴു സീസണുകള്‍ പിന്നിട്ടും ഇപ്പോഴും മറ്റൊരു താരത്തിനും കോലിയുടെ ഈ റെക്കോര്‍ഡിനു വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.