ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ദയനീയ പരാജയമേറ്റു വാങ്ങിയതിന്റെ ഞെട്ടലിലും നിരാശയിലുമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. വിജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെയാണ് കനത്ത പരാജയത്തിലേക്കു ആര്‍സിബി വീണത്.
രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഏഴു വിക്കറ്റിനാണ് ആര്‍സിബിയെ തകര്‍ത്തുവിട്ടത്. ആര്‍സിബിയുടെ ഈ തോല്‍വിയെക്കുറിച്ച് വിലയിരുത്തുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ കളിയെക്കുറിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം.

മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ അപരാജിത ഫിഫ്റ്റിയാണ് ആര്‍സിബിയെ മല്‍സരത്തില്‍ മികച്ച ടോട്ടലിലെത്തിച്ചത്. 59 ബോളില്‍ നിന്നും നാലു വീതം ഫോറും സിക്‌സറുമടക്കം പുറത്താവാതെ 83 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. കോലിയുടെ മികവില്‍ ആറു വിക്കറ്റിനു 182 റണ്‍സാണ് ആര്‍സിബി സ്‌കോര്‍ ചെയ്തത്. പക്ഷെ കെകെആര്‍ വെറും 16.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തുകയും ചെയ്തു.
കോലിയുടെ മികച്ച ഇന്നിങ്‌സിനെ പവര്‍പ്ലേയില്‍ തന്നെ കെകെആറിന്റെ ഓപ്പണിങ് ജോടികളായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും ചേര്‍ന്ന് നിഷ്പ്രഭരാക്കിയതായി ചോപ്ര ചൂണ്ടിക്കാട്ടി.
നരെയ്ന്‍ കെകെആറിനു വേണ്ടി ഓപ്പണ്‍ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ നീ തുടരില്ലെന്നാണ് ഇത് അര്‍ഥമാക്കുന്നത്. അത്തരമൊരു രീതിയിലാണ് നരെയ്ന്‍ ബാറ്റ് ചെയ്യാറുള്ളത്. സിക്‌സറുകളടിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ശ്രമിക്കുന്നതായും ചോപ്ര വിലയിരുത്തി.
നിങ്ങള്‍ തുടര്‍ച്ചയായി ബൗണ്‍സറുകളും യോര്‍ക്കറുകളുമെല്ലാം എറിയണമെന്നു എല്ലാവര്‍ക്കുമറിയാം. പക്ഷെ നിങ്ങള്‍ ഇതില്‍ വിജയിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. ബെംഗളൂരുവില്‍ ആര്‍സിബിക്കു സംഭവിച്ചതും ഇതു തന്നെയാണ്. ആദ്യത്തെ ആറോവറില്‍ അവര്‍ക്കു ഇതിനു കഴിഞ്ഞില്ല. മല്‍സരം നിങ്ങളുടെ പക്കല്‍ നിന്നും നരെയ്ന്‍ തട്ടിയകറ്റുകയും ചെയ്തതായും ചോപ്ര വ്യക്തമാക്കി.

ഫില്‍ സാള്‍ട്ടും കെകെആര്‍ ടീമിലുണ്ട്. ആദ്യ ഓവറില്‍ തന്നെ 18 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. അതിശയിപ്പിക്കുന്ന ബാറ്റിങായിരുന്നു സാള്‍ട്ടിന്റേത്. നേരത്തേ കെകെആര്‍ നന്നായി ബൗള്‍ ചെയ്‌തെങ്കിലും കോലി 59 ബോളില്‍ 83 റണ്‍സ് നേടി. റണ്‍ചേസിലാവട്ടെ ഇത്രയും റണ്ണെടുക്കാന്‍ കെകെആറിനു വേണ്ടിവന്നത് 5.5 ഓവറുകള്‍ മാത്രമായിരുന്നു. അല്‍സാറി ജോസഫോ, മുഹമ്മദ് സിറാജോ, യാഷ് ദയാലോ ആയിക്കൊള്ളട്ടെ എല്ലാവരും ഒരുപാട് തല്ല് വാങ്ങിയതായും ചോപ്ര നിരീക്ഷിച്ചു.
റണ്‍ചേസില്‍ സ്‌ഫോടനാത്മക തുടക്കമായിരുന്നു സാള്‍ട്ട്- നരെയ്ന്‍ ജോടി കെകെആറിനു നല്‍കിയത്. അവരുടെ റണ്‍ചേസ് അനായാസമാക്കി മാറ്റിയതും ഇതു തന്നെയാണ്. നരെയ്ന്‍ വെറും 22 ബോളില്‍ അടിച്ചെടുത്തത് 47 റണ്‍സാണ്. അഞ്ചു സിക്‌സറും രണ്ടു ഫോറുമടക്കമാണിത്. സാള്‍ട്ട് 20 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 30 റണ്‍സും നേടി. ഓപ്പണിങ് വിക്കറ്റില്‍ സാള്‍ട്ട്- നരെയ്ന്‍ ജോടി 39 ബോളില്‍ 86 റണ്‍സ് അടിച്ചെടുത്തിരുന്നു.
മൂന്നാം നമ്പറില്‍ ഇറങ്ങി കെകെആറിനായി ഫിഫ്റ്റി കുറിച്ച വെങ്കടേഷ് അയ്യരെ ചോപ്ര അഭിനന്ദിച്ചു. 30 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറുമടക്കം 50 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്. രണ്ടു വിക്കറ്റുകള്‍ വീണ ശേഷം കെകെആറിന്റെ ആക്രമണത്തിന്റെ ചുമതല വെങ്കടേഷ് ഏറ്റെടുക്കുകയായിരുന്നു. ക്രീസിനു പുറത്തേക്കിറങ്ങി ബൗളര്‍മാരെ അദ്ദേഹം തലങ്ങും വിലങ്ങും പ്രഹരിച്ചതായും ചോപ്ര അഭിപ്രായപ്പെട്ടു.