Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 9 പന്തില്‍ 3, ബുംറക്ക് മുന്നില്‍ മുട്ടിടിച്ച് കോലി; ലോകകപ്പില്‍ ഇന്ത്യക്ക് സഞ്ജു മതി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വിരാട് കോലി ഫ്‌ളോപ്പായിരിക്കുകയാണ്. ഓപ്പണറായി ഇറങ്ങിയ കോലി 9 പന്ത് നേരിട്ട് 3 റണ്‍സാണ് നേടിയത്. ജസ്പ്രീത് ബുംറയുടെ ഇന്‍സ്വിങ്ങറില്‍ എഡ്ജായ കോലിയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് പുറത്താക്കിയത്. കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വലിയ ചര്‍ച്ചയാകവെയാണ് മുംബൈക്കെതിരേ മുന്‍ ആര്‍സിബി നായകന്‍ ദുരന്തമായി മാറിയത്.

കോലിക്ക് ബുംറയെ നേരിടുമ്പോള്‍ മുട്ടിടിക്കുന്നത് ഇതാദ്യമായല്ല. ഇത് അഞ്ചാം തവണയാണ് ബുംറയുടെ പന്തില്‍ കോലിക്ക് വിക്കറ്റ് നഷ്ടമാവുന്നത്. ബുംറയുടെ ഗംഭീര പന്തുകളെ കോലി ഭയപ്പെടുന്നുവെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ കോലി സെഞ്ച്വറി നേടിയെങ്കിലും മുംബൈയുടെ തകര്‍പ്പന്‍ ബൗളിങ് നിരയോട് മുട്ടിനില്‍ക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ കോലി ദുരന്തമാണ്.

വാംഖഡെയിലെ കോലിയുടെ അവസാന മൂന്ന് സ്‌കോറുകള്‍ 8, 1, 3 എന്നിങ്ങനെയാണ്. ഇതില്‍ നിന്ന് തന്നെ കോലിക്ക് മുംബൈയുടെ തട്ടകം പേടി സ്വപ്‌നമാണെന്ന് വ്യക്തം. കോലിയും ഡുപ്ലെസിസും ക്രീസില്‍ നില്‍ക്കവെ ആദ്യ ഓവര്‍ സ്പിന്നര്‍ മുഹമ്മദ് നബിക്ക് നല്‍കിയത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മികച്ച തീരുമാനമായി. ആദ്യ ഓവറില്‍ റണ്‍സ് കണ്ടെത്താന്‍ കോലി പ്രയാസപ്പെട്ടതോടെ താരം സമ്മര്‍ദ്ദത്തിലായി. രണ്ടാം ഓവര്‍ ജെറാള്‍ഡ് കോയിറ്റ്‌സിയും ശക്തമാക്കിയതോടെ കോലിയുടെ സമ്മര്‍ദ്ദം ഇരട്ടിച്ചു.

ബുംറയെ പന്ത് നോക്കാതെ കടന്നാക്രമിക്കാനുള്ള കോലിയുടെ തന്ത്രമാണ് പാളിയത്. മികച്ച ലൈനില്‍ പന്തെറിഞ്ഞ ബുംറയുടെ തീരുമാനം പാളിയില്ലെന്ന് തെളിയിച്ച് കോലി ദുരന്തമായി മടങ്ങി. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോലിയുടെ സ്ഥാനം ചോദ്യമുയര്‍ത്തവെയാണ് വീണ്ടും താരം മോശം സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചത്. പവര്‍പ്ലേയില്‍ 9 പന്തുകളില്‍ 3 റണ്‍സെന്നത് ന്യായീകരണമില്ലാത്ത പിഴവാണ്. കോലിക്ക് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനാവുന്നില്ലെന്നത് ഈ സീസണിലെ പ്രകടനംകൊണ്ട് വ്യക്തം.

virat kohli

റണ്‍വേട്ടയില്‍ കോലി മുന്നിട്ട് നില്‍ക്കുമ്പോഴും സ്‌ട്രൈക്ക് റേറ്റ് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ടെന്നതാണ് വസ്തുത. ടി20 ലോകകപ്പില്‍ കോലി ഉള്‍പ്പെട്ടാല്‍ മൂന്നാം നമ്പറിലാവും അദ്ദേഹം ബാറ്റു ചെയ്യാനിറങ്ങുക. എന്നാല്‍ ടി20യില്‍ ടെസ്റ്റ് കളിക്കുന്ന കോലിക്ക് പകരം സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു മൂന്നാം നമ്പറിലാണ് ഇപ്പോള്‍ ബാറ്റു ചെയ്യുന്നത്.

160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന സഞ്ജു മൂന്ന് ഫിഫ്റ്റികളും ഈ സീസണില്‍ നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കോലിയെ പുറത്തിരുത്തി സഞ്ജുവിനെ ഇന്ത്യ പരിഗണിക്കണമെന്നാണ് ആരാധക പക്ഷം. ഇന്ത്യക്കാവശ്യം മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരങ്ങളെയാണ്. കോലിയെക്കാളും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കും. ഇന്ത്യ സഞ്ജുവിനെ ടി20യില്‍ കളിപ്പിക്കുമ്പോഴെല്ലാം മധ്യനിരയിലാണ് കൂടുതല്‍ അവസരം നല്‍കുന്നത്.

കോലി കളിച്ചാല്‍ സഞ്ജുവിന് 3ാം നമ്പര്‍ സ്വപ്‌നം മാത്രമാണ്. ടി20യില്‍ സ്‌ട്രൈക്ക് റേറ്റ് പ്രധാനപ്പെട്ട കാര്യമാണെന്നിരിക്കെ കോലിയെക്കാള്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന യുവതാരങ്ങളെ പരിഗണിക്കേണ്ടതാണ്. കോലി സീനിയര്‍ താരമാണ്. എന്നാല്‍ സ്ലോ പിച്ചുകളില്‍ അദ്ദേഹം ദുരന്തമാണ്. സ്പിന്നര്‍മാരെ നേരിടുന്നതില്‍ കോലിക്ക് ദൗര്‍ബല്യമുണ്ട്. അതേ സമയം സഞ്ജു സ്പിന്നര്‍മാരെ നന്നായി കളിക്കുന്ന താരങ്ങളിലൊരാളാണ്.

സ്പിന്നര്‍മാരെ കടന്നാക്രമിച്ച് കളിക്കാന്‍ കോലി ഭയപ്പെടും. എന്നാല്‍ സഞ്ജു സ്പിന്നര്‍മാരെ തല്ലിപ്പറത്തുന്നവനാണ്. 2021 മുതലുള്ള കണക്ക് നോക്കുമ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ സിക്‌സര്‍ നേടിയ താരങ്ങളിലൊരാള്‍ സഞ്ജുവാണ്. അതുകൊണ്ടുതന്നെ സ്‌ട്രൈക്ക് റേറ്റ് പരിഗണിച്ച് കോലിയെ മാറ്റി നിര്‍ത്തി ടി20 ലോകകപ്പില്‍ ഇന്ത്യ സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ആരാധക പക്ഷം.

Story first published: Thursday, April 11, 2024, 20:14 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+