ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു റണ്‍മെഷീന്‍ വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. പഞ്ചാബ് കിങ്‌സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അദ്ദേഹത്തിന്റെ അഗ്രസീവ് ഇന്നിങ്‌സിനെക്കുറിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം.
സെഞ്ച്വറി എട്ടു റണ്‍സകലെ നഷ്ടമായെങ്കിലും മാച്ച് വിന്നിങ് ഇന്നിങ്‌സാണ് കോലി കാഴ്ചവച്ചത്. 47 ബോളില്‍ ഏഴു ഫോറും ആറു സിക്‌സറുമടക്കം അദ്ദേഹം അടിച്ചെടുത്തത് 92 റണ്‍സാണ്. 195.74 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. എക്‌സിലൂടെയാണ് കോലിയുടെ ഉജ്ജ്വല ഇന്നിങ്‌സിനെ കൈഫ് പ്രശംസിച്ചത്. 47 ബോളില്‍ 92 റണ്‍സ് സ്‌കോര്‍ ചെയ്ത വിരാട് കോലി 18ാം ഓവറില്‍ സിക്‌സറിനു ശ്രമിച്ചാണ് പുറത്തായത്. ടീം മാന്‍റെ (Team Man) സ്‌ട്രൈക്ക് റേറ്റിനെയും സമീപനത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ മതിയാക്കണം എന്നാണ് കൈഫ് എക്‌സില്‍ കുറിച്ചത്.

അര്‍ഷ്ദീപ് സിങെറിഞ്ഞ 18ാം ഓവറിലാണ് കോലി പുറത്തായത്. സീസണിലെ രണ്ടാം സെഞ്ച്വറി ഈ മല്‍സരത്തില്‍ അദ്ദേഹം കുറിക്കുമെന്നു ആരാധകര്‍ ഉറപ്പിച്ചിരിക്കെയാണ് അദ്ദേഹം വീണത്. രണ്ടാമത്തെ ബോളില്‍ കോലി ഫോറും അടുത്ത ബോളില്‍ സിക്‌സറും പറത്തിയിരുന്നു. നാലാമത്തെ ബോളില്‍ മറ്റൊരു വലിയ ഷോട്ടിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമം വിക്കറ്റില്‍ കലാശിക്കുകയായിരുന്നു.
ഓഫ് സ്റ്റംപിന് പുറത്തേക്കു ഒരു ബോളാണ് അര്‍ഷ്ദീപ് എറിഞ്ഞത്. കോലി അതു ഓഫ് സൈഡിലൂടെ കളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. മുകളിലേക്കുയര്‍ന്ന ബോള്‍ സ്വീപ്പര്‍ കവര്‍ ഏരിയയില്‍ റൈലി റൂസ്സോ പിടികൂടുകയായിരുന്നു.
ആര്‍സിബിക്കു വേണ്ടി സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ കോലി നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പവര്‍പ്ലേയില്‍ അതിവേഗത്തില്‍ സ്‌കോര്‍ ചെയ്തതിനു ശേഷം മധ്യ ഓവറുകളില്‍ സ്‌കോറിങിന്റെ വേഗത കുറയ്ക്കുന്നുവെന്നതാണ് അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ പഞ്ചാബുമായുള്ള കളിയില്‍ പവര്‍പ്ലേയില്‍ മാത്രമല്ല അതിനു ശേഷവും അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു.
അക്കൗണ്ട് തുറക്കുന്നതിനു മുമ്പുള്‍പ്പെടെ രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട ശേഷമാണ് കോലി കിടിലന്‍ ഇന്നിങ്‌സ് കളിച്ചത്. രണ്ടു തവണയും അദ്ദേഹത്തിന്റെ ക്യാച്ച് പഞ്ചാബ് താഴെയിടുകയായിരുന്നു. അരങ്ങേറ്റക്കാരനായ വിദ്വത് കവേരപ്പയ്ക്കാണ് വിക്കറ്റ് നിഷേധിക്കപ്പെട്ടത്. ഒരു തവണ അശുതോഷ് ശര്‍മയാണ് അല്‍പ്പം ബുദ്ധിമുട്ടേറിയ ക്യാച്ച് താഴെയിട്ടതെങ്കില്‍ പിന്നാലെ റൈലി റൂസ്സോ കൈകളിലേക്കു വന്ന ക്യാച്ച് താഴെയിടുകയായിരുന്നു.

കോലിയുടെ ഇന്നിങ്‌സിന്റെ കരുത്തിലാണ് കളിയില്‍ ആര്‍സിബി 60 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കിയത്. ഇതോടെ പ്ലേഓഫ് സാധ്യതകള്‍ ആര്‍സിബി നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് പുറത്താവുകയും ചെയ്തിരുന്നു.
ടൂര്‍ണമെന്റില്‍ ആര്‍സിബിയുടെ തുടര്‍ച്ചയായ നാലാമത്തെ വിജയം കൂടിയായിരുന്നു ഈ കളിയിലേത്. 242 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പഞ്ചാബിനു ആര്‍സിബി നല്‍കിയത്. എന്നാല്‍ മൂന്നോവര്‍ ശേഷിക്കെ 181 റണ്‍സിനു അവര്‍ പുറത്താവുകയായിരുന്നു.
ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ മറ്റുള്ളവരെ ഏറെ പിറകിലാക്കി ഓറഞ്ച് ക്യാപ്പുമായി കുതിക്കുകയാണ് കോലി. 12 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 634 റണ്‍സാണ്. 70.44 ശരാശരിയില്‍ 153.51 സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും കോലി അടിച്ചെടുത്തു കഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 113 റണ്‍സാണ്.