ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആറാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയിരിക്കുകയാണ് വിരാട് കോലി. ആദ്യ ഓവറില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ നേടി ഞെട്ടിച്ച് തുടങ്ങിയ കോലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ വമ്പന്‍ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ടി20 ക്രിക്കറ്റില്‍ 100 ഫിഫ്റ്റി പ്ലസ് സ്‌കോര്‍ സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കാണ് കോലിയെത്തിയിരിക്കുന്നത്.
മറ്റൊരു ഇന്ത്യക്കാരവും അവകാശപ്പെടാനാവാത്ത മോഹ റെക്കോഡാണ് കോലി നേടിയെടുത്തിരിക്കുന്നത്. ഈ നേട്ടത്തിലെത്തിയ ആദ്യത്തെ ഏഷ്യന്‍ താരവും കോലിയാണ്. ലോക ക്രിക്കറ്റില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് ഈ റെക്കോഡില്‍ കോലിക്ക് മുകളിലുള്ളത്. 110 തവണ ഈ നേട്ടത്തിലെത്തിയ ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ ഗെയ്ല്‍ ഇതിനോടകം വിരമിച്ച താരമാണ്. 109 തവണ ഈ നേട്ടം കൈവരിച്ച ഡേവിഡ് വാര്‍ണറാണ് രണ്ടാം സ്ഥാനത്ത്. വാര്‍ണര്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 20 പന്തില്‍ 21 റണ്‍സെടുത്ത കോലിക്കെതിരേ വലിയ വിമര്‍ശനമാണുയര്‍ന്നത്. മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ പഴികേട്ട കോലി ബംഗളൂരുവില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 31 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ കോലി ആദ്യം ലഭിച്ച ലൈഫിനെ നന്നായി മുതലാക്കിയാണ് കളിച്ചത്.
രണ്ടാം പന്തില്‍ ജോണി ബെയര്‍സ്‌റ്റോ കോലിയെ കൈവിട്ടുകളഞ്ഞിരുന്നു. പിന്നീടങ്ങോട്ട് കോലിയുടെ സര്‍വാധിപത്യമാണ് കണ്ടത്. ഒരു ഐപിഎല്‍ മത്സരത്തിന്റെ ആദ്യ ഓവറില്‍ കോലി നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും ഈ മത്സരത്തിലൂടെ താരം നേടി. 6 പന്തില്‍ 16 റണ്‍സാണ് കോലി അടിച്ചെടുത്തത്. 3 പന്തില്‍ 13 റണ്‍സ് നേടിയതായിരുന്നു ഇതിന് മുമ്പത്തെ ബെസ്റ്റ്. ചിന്ന സ്വാമിയില്‍ കോലിക്ക് ഗംഭീര റെക്കോഡാണുള്ളത്. ഇതിനെ മുതലാക്കുന്ന ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്.

എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ തിളങ്ങിയ ഫാഫ് ഡുപ്ലെസിസിന് പഞ്ചാബിനെതിരേ മികവ് ആവര്‍ത്തിക്കാനായില്ല. കഗിസോ റബാഡയാണ് ഡുപ്ലെസിസിനെ 3 റണ്‍സില്‍ പുറത്താക്കിയത്. റബാഡ ഡുപ്ലെസിസിന്റെ പേടി സ്വപ്‌നമാണെന്ന് പറയാം. 15 പന്തില്‍ 16 റണ്‍സാണ് ഡുപ്ലെസിസ് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ നേടിയത്. 3 തവണ ഡുപ്ലെസിസിന്റെ വിക്കറ്റ് നേടാനും റബാഡക്കായി.
ആര്‍സിബിയുടെ ബൗളിങ് നിര ഗംഭീര പ്രകടനമാണ് പഞ്ചാബ് കിങ്‌സിനെതിരേ കാഴ്ചവെച്ചത്. മുഹമ്മദ് സിറാജും യഷ് ദയാലുമാണ് പ്രധാനമായും തിളങ്ങിയത്. ദയാല്‍ 4 ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ് 4 ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് വീഴ്ത്തിയത്.
ഗ്ലെന്‍ മാക്‌സ് വെല്‍ 3 ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റുകളും നേടി. അല്‍സാരി ജോസഫ് ഒരു വിക്കറ്റ് നേടിയെങ്കിലും 4 ഓവറില്‍ 43 റണ്‍സ് വഴങ്ങി.
ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റ ആര്‍സിബിക്ക് പഞ്ചാബിനെതിരായ മത്സരം വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ സ്ഥിരതയില്ലായ്മ ടീമിനെ വേട്ടയാടുകയാണ്. കോടികള്‍ മുടക്കി മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീന്‍ നിരാശപ്പെടുത്തുകയാണ്. 3 റണ്‍സാണ് താരം നേടിയത്. രജത് പാട്ടീധാറിന് അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ആദ്യ മത്സരത്തില്‍ ഡെക്കായ താരം പഞ്ചാബിനെതിരേ 18 പന്തില്‍ 18 റണ്‍സാണ് നേടിയത്.