മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ തകര്‍ച്ച തുടക്കത്തിന് ശേഷം മുംബൈ ഇന്ത്യന്‍സ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ആദ്യത്തെ മൂന്ന് മത്സരവും തോറ്റ മുംബൈ പിന്നീടുള്ള രണ്ട് മത്സരത്തിലും ഗംഭീര ജയമാണ് നേടിയെടുത്തത്. ആരാധകര്‍ കാണാന്‍ കാത്തിരുന്ന നിലയിലേക്ക് മുംബൈ ഉയര്‍ന്നുവെന്നതാണ് വസ്തുത. നായകനെന്ന നിലയില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സമ്മര്‍ദ്ദമൊഴിഞ്ഞ് ഫോമിലേക്കെത്തിയിരിക്കുകയാണ്.
അവസാന മത്സരത്തില്‍ ആര്‍സിബിയെ ഏഴ് വിക്കറ്റിനാണ് മുംബൈ തകര്‍ത്തുവിട്ടത്. 197 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം മുംബൈക്ക് മുന്നില്‍ വെക്കാന്‍ ആര്‍സിബിക്കായെങ്കിലും 27 പന്ത് ബാക്കിയാക്കി ജയിക്കാന്‍ മുംബൈക്ക് സാധിച്ചു. എന്നാല്‍ മുംബൈ വമ്പന്‍ ജയം നേടുമ്പോഴും ആരാധകര്‍ക്ക് ഹാര്‍ദിക്കിനോടുള്ള കലി അടങ്ങിയിട്ടില്ല. ഇന്നലത്തെ മത്സരത്തിലും ഹാര്‍ദിക്കിനെതിരേ ആരാധക പ്രതിഷേധമുണ്ടായി. ഹാര്‍ദിക്കിനെ കൂവിയാണ് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം തുടരുന്നത്.
രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക്കിനെ കൊണ്ടുവന്നത് മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പതിയെ അവസാനിച്ച് വരികെയാണ് വീണ്ടും ഹോം ഗ്രൗണ്ടില്‍ ഹാര്‍ദിക് അപമാനിക്കപ്പെടുന്നത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ ഹാര്‍ദിക്കിന്റെ പേര് വിളിച്ച് ആരാധകര്‍ കൂവി. കൂടാതെ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ഹാര്‍ദിക്കാണ് ബാറ്റു ചെയ്യാനെത്തിയത്. അപ്പോഴും കൂവലോടെയാണ് ആരാധകര്‍ ഹാര്‍ദിക്കിനെ സ്വീകരിച്ചത്.
ഫീല്‍ഡിങ്ങിനിടെ പല തവണ ഹാര്‍ദിക്കിനെതിരേ ആരാധകരുടെ കൂവലുണ്ടായപ്പോഴും രോഹിത് ശര്‍മ ഇടപെട്ടില്ലെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ആര്‍സിബി ഹീറോ വിരാട് കോലിയുടെ ഇടപെടല്‍ വൈറലായിരിക്കുകയാണ്. ബാറ്റു ചെയ്യാനെത്തിയ ഹാര്‍ദിക്കിനെ ആരാധകര്‍ കൂവിയപ്പോള്‍ കോലി ഇടപെടുകയായിരുന്നു. കൂവല്‍ നിര്‍ത്തി കൈയടിക്കാനാണ് കാണികളോട് കോലി ആവശ്യപ്പെട്ടത്. ഇതിന് ശേഷം ആരാധകര്‍ കൂവിയില്ലെന്നതാണ് എടുത്തു പറയേണ്ടത്.

മത്സരം കഴിഞ്ഞ് പോകുമ്പോള്‍ ഹാര്‍ദിക്കിനായി ആരാധകര്‍ കൈയടിക്കുകയും ചെയ്തു. കൂവല്‍ കേട്ട് എത്തിയ ഹാര്‍ദിക് തന്റെ ബാറ്റുകൊണ്ട് എല്ലാവര്‍ക്കും മറുപടി നല്‍കി. 6 പന്തില്‍ 21 റണ്‍സോടെയാണ് ഹാര്‍ദിക് കത്തിക്കയറിയത്. നേരിട്ട ആദ്യ പന്ത് മുതല്‍ ആക്രമിച്ച ഹാര്‍ദിക് 3 സിക്‌സുകളോടെയാണ് ക്രീസില്‍ തുടര്‍ന്നത്. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഹാര്‍ദിക്കിന് സാധിച്ചു.
ഹാര്‍ദിക്കിനായി കോലി രംഗത്തെത്തിയതിനെ വാഴ്ത്തുകയാണ് ആരാധകര്‍. എന്നാല്‍ രോഹിത് ശര്‍മക്ക് ഇപ്പോഴും കലിപ്പ് തീര്‍ന്നിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഹാര്‍ദിക്കിനെതിരേ കൂവല്‍ ഉയര്‍ന്നപ്പോള്‍ ബൗണ്ടറി ലൈനില്‍ രോഹിത് ശര്‍മ ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ യാതൊരു പ്രതികരണവും നടത്താന്‍ രോഹിത് ശര്‍മ തയ്യാറായില്ല. ഇതിനെ മൈന്റ് ചെയ്യാതെ രോഹിത് അവഗണിക്കുന്നതാണ് കണ്ടത്. അതുകൊണ്ടുതന്നെ രോഹിത് ഇപ്പോഴും ദേഷ്യത്തിലാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
മത്സരശേഷം ഹാര്‍ദിക് കോലിയോട് നന്ദി പറഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ഇപ്പോള്‍ ഹാര്‍ദിക് ആത്മവിശ്വാസത്തിലേക്കെത്തിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവിന്റെ വരവോടെ ടീമിനുള്ളിലെ സാഹചര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. നായകനെന്ന നിലയില്‍ ഹാര്‍ദിക് മികച്ച തീരുമാനങ്ങളെടുക്കുന്നു. സീനിയര്‍ താരങ്ങളെ നന്നായി ഉപയോഗിക്കാനും ഹാര്‍ദിക്കിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്.
ആര്‍സിബിക്കെതിരേ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ബുംറ കസറി. 4 ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്താണ് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഫോമിലേക്കെത്തിയിട്ടുണ്ട്. ടിം ഡേവിഡ്, റൊമാരിയോ ഷിഫേര്‍ഡ് സൂപ്പര്‍ ഫിനിഷിങ്ങും മുംബൈക്ക് കരുത്തേവുകയാണ്. ടീം മികവ് കാട്ടുമ്പോഴും രോഹിത് ശര്‍മ ടീമിനുള്ളില്‍ സംതൃപ്തനല്ലെന്നതാണ് വസ്തുത.