ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ സ്‌കൈ തനിച്ചു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരവുമാണ്. പക്ഷെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനോടൊപ്പമുള്ള സൂര്യയുടെ സ്ഥിരതയില്ലാത്ത പ്രകടനം ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ സീസണില്‍ കളിച്ച മൂന്നു ഇന്നിങ്‌സുകളില്‍ രണ്ടിലും അദ്ദേഹം ഡെക്കായിരുന്നു.
പൂര്‍ണ ഫിറ്റല്ലാതിരുന്നതു കാരണം ആദ്യത്തെ മൂന്നു മല്‍സരങ്ങളും നഷ്ടമായ ശേഷമാണ് സൂര്യ മുംബൈ ടീമിനോടൊപ്പം ചേര്‍ന്നത്. തുടര്‍ന്നു കളിച്ച മൂന്നിങ്‌സുകളില്‍ നിന്നും 17.33 എന്ന മോശം ശരാശരിയില്‍ വെറും 52 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഒരു തീപ്പൊരി ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച രണ്ടിന്നിങ്‌സുകളിലും സൂര്യ പൂജ്യത്തിനു ക്രീസ് വിട്ടിരുന്നു. ടി20 ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഈ പ്രകടനം ഇന്ത്യയെ ഒട്ടും സന്തോഷിപ്പിക്കില്ല.

ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കളിച്ചാണ് സൂര്യ ഈ സീസണില്‍ മുംബൈ ടീമിനോടൊപ്പം ചേര്‍ന്നത്. പക്ഷെ വെറും രണ്ടു ബോളുകളുടെ ആയുസ്സ് മാത്രമേയുണ്ടായുള്ളൂ. അക്കൗണ്ട് തുറക്കും മുമ്പ് സ്‌കൈ ക്രീസ് വിടുകയായിരന്നു. എന്നാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള അടുത്ത കളിയില്‍ യഥാര്‍ഥ സൂര്യയെ ലോകം കണ്ടു. ഇടിമിന്നല്‍ ഫിഫ്റ്റിയോടെ ആര്‍സിബി ബൗളിങ് ആക്രമണത്തെ അദ്ദേഹം ചാമ്പലാക്കുകയായിരുന്നു. വെറും 19 ബോളില്‍ സൂര്യ വാരിക്കൂട്ടിയത് 52 റണ്‍സായിരുന്നു. മല്‍സരത്തില്‍ മുംബൈ അനായാസം ജയിച്ചു കയറുകയും ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അവസാന പോരാട്ടത്തിലും സൂര്യ ഫോം തുടരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ വീണ്ടുമൊരിക്കല്‍ക്കൂടി ഡെക്കായി ക്രീസ് വിടാനായിരുന്നു അദ്ദേഹത്തിന്റെ വിധി. രണ്ടു ബോളുകള്‍ മാത്രമേ സ്‌കൈ പിടിച്ചുനിന്നുള്ളൂ. ഇതേ രീതിയില്‍ ഐപിഎല്ലില്‍ സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ സൂര്യ തുടര്‍ന്നാല്‍ അതു ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ ക്ഷീണമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ലോകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള താരങ്ങളിലൊരാളാണ് സൂര്യ. നാലാം നമ്പറിലായിരിക്കും അദ്ദേഹം ബാറ്റിങിനു ഇറങ്ങുക. ഐിഎല്ലില്‍ എത്രയും പെട്ടെന്നു സൂര്യ തന്റെ യഥാര്‍ഥ ഫോമിലേക്കു മടങ്ങിയെത്തുമെന്നാണ് ഇന്ത്യന്‍ ആരാധകരും ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്. സ്‌കൈ ട്രാക്കിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാണ്. കാരണം എത്ര ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേയും ഏതു പിച്ചിലും തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം.

ലോകകപ്പ് പോലെയൊരു വേദിയില്‍ ഐപിഎല്ലിലേതു പോലെയുള്ള സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ ഇന്ത്യക്കു ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സൂര്യ ഐപിഎലില്‍ തുടര്‍ന്നും ഈ രീതിയില്‍ മോശം ഫോം തുടര്‍ന്നാല്‍ ലോകകപ്പില്‍ നാലാം നമ്പറിലേക്കു ഇന്ത്യക്കു മറ്റൊരാളെ ആലോചിക്കുന്നതാവും നല്ലത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ നല്ലൊരു ഓപ്ഷനാണ്. സൂര്യക്കു പകരം അദ്ദേഹത്തെ ഇന്ത്യക്കു ഈ റോളില്‍ പരീക്ഷിക്കാവുന്നതാണ്.
റോയല്‍സില്‍ തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു ലഭിക്കില്ല. കാരണം ഈ പൊസിഷനില്‍ കളിക്കുക മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയായിരിക്കും. അതുകൊണ്ടു തന്നെ നാലാമനായി സൂര്യയുടെ പൊസിഷനില്‍ മാത്രമേ സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.
റോയല്‍സിനായി മിന്നുന്ന പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം ഇപ്പോള്‍ മൂന്നാംസ്ഥാനത്തുണ്ട്. ആറു മല്‍സരങ്ങളില്‍ നിന്നും 66 ശരാശരിയില്‍ 155.29 സ്‌ട്രൈക്ക് റേറ്റില്‍ 264 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.