ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഒരിക്കല്‍ക്കൂടി ഉജ്ജ്വല ഫിനിഷിങിലൂടെ കൈയടി നേടിയിരിക്കുകയാണ് രാഹുല്‍ തെവാത്തിയ. പഞ്ചാബ് കിങ്‌സിനെതിരേ റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ശരിക്കും വിയര്‍ത്തപ്പോള്‍ ജിടിയെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത് ഈ ഇടംകൈയന്‍ ബാറ്ററാണ്. ആറാം നമ്പറില്‍ ബാറ്റ് ചെയ്ത തെവാത്തിയ പുറത്താവാതെ 36 റണ്‍സാണ് അടിച്ചെടുത്ത്. 18 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറുകളുള്‍പ്പെട്ടിരുന്നു.
ഏതു പ്രതിസന്ധി ഘട്ടത്തിലും ക്രീസിലെത്തിയ ശേഷം വളരെ കൂളായി മികച്ച ഫിനിഷിങിലൂടെ ടീമിനെ രക്ഷിക്കാനുള്ള കഴിവാണ് തെവാത്തിയയെ ഹീറോയാക്കുന്നത്. ഐപിഎല്ലില്‍ തന്റെ ഫിനിഷിങ് പാടവം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരുന്നിട്ടും ഇന്ത്യന്‍ ടീമിനു അദ്ദേഹത്തെ വേണ്ടയെന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം. ദേശീയ ടീമിനു വേണ്ടി അരങ്ങേറാന്‍ ഇനിയും തെവാത്തിയക്കായിട്ടില്ല.

ഒരൊറ്റ ഐപിഎല്‍ സീസണിലെ ഐപിഎല്‍ പ്രകടനത്തിലൂടെ ടീം ഇന്ത്യയില്‍ ഇടം നേടിയ താരമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റ റിങ്കു സിങ്. പക്ഷെ അദ്ദേഹത്തേക്കാള്‍ നേരത്തേ ഫിനിഷിങില്‍ തന്റെ മിടുക്ക് പുറത്തെടുക്കുകയും ഇപ്പോഴും അതു തുടരുകയും ചെയ്തിട്ടും തെവാത്തിയക്കു നേരെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ കണ്ണടച്ചുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ ഇതുവരെ മൂന്നു തവണയാണ് പഞ്ചാബിനെ ജിടി തോല്‍പ്പിച്ചിട്ടുള്ളത്. ഇവയിലെല്ലാം ടീമിന്റെ വിജയറണ്‍സ് വന്നതും തെവാത്തിയയുടെ ബാറ്റില്‍ നിന്നാണ്.
പഞ്ചാബിനെതിരേ 32 ബോളില്‍ ജയിക്കാന്‍ 46 റണ്‍സ് വേണമെന്നിരിക്കെയാണ് തെവാത്തിയ ക്രീസിലെത്തിയത്. 15 ഓവറിലെ നാലാമത്തെ ബോളില്‍ സായ് സുദര്‍ശന്‍ പുറത്തായ ശേഷമായിരുന്നു ഇത്. നേരിട്ട ആദ്യ ബോളില്‍ തന്നെ ഫോറടിച്ചാണ് തെവാത്തിയ തുടങ്ങിയത്. ഹര്‍ഷല്‍ പട്ടേലിന്റെ അടുത്ത ഓവറില്‍ നാലു റണ്‍സ് മാത്രം. ഇതിനിടെ അസ്മത്തുള്ള ഒമര്‍സായിയുടെ വിക്കറ്റും നഷ്ടമായി. ഇതോടെ 24 ബോളില്‍ ജയിക്കാന്‍ വേണ്ടത് 38 റണ്‍സ്. അടുത്ത ഓവറില്‍ രണ്ടു ഫോറുകള്‍ പായിച്ച് തെവാത്തിയ ജിടിയുടെ സമ്മര്‍ദ്ദം കുറയ്ക്കുകയായിരുന്നു.
കാഗിസോ റബാഡയുടെ അടുത്ത ഓവറില്‍ തെവാത്തിയ കളി ജിടിക്കു അനുകൂലമാക്കുകയും ചെയ്തു. 20 റണ്‍സാണ് ഓവറില്‍ ജിടി അടിച്ചെടുത്തത്. തെവാത്തിയ മൂന്നു ഫോറും രണ്ടു സിംഗിളുമടക്കം 14 റണ്‍സ് ഓവറില്‍ വാരിക്കൂട്ടിയപ്പോള്‍ ഷാരൂഖ് ഖാന്‍ ഒരു സിക്‌സറുമടിച്ചു. അടുത്ത ഓവറല്‍ ഷാരൂഖിനെയും റാഷിദെനയും ജിടിക്കു നഷ്ടമായി. നേടിയത് നാലു റണ്‍സ് മാത്രം. അവസാന ഓവറില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ അര്‍ഷ്ദീപ് സിങിനെതിരേ ആദ്യ ബോളില്‍ ഫോറടിച്ച് തെവാത്തിയ ടീമിന്റെ വിജയ റണ്‍സും കുറിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് തെവാത്തിയയുടെ ഫിനിഷിങ് മിടുക്കിനെ അഭിനന്ദിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീം സെലക്ഷനില്‍ എന്തുകൊണ്ടാണ് ആരും രാഹുല്‍ തെവാത്തിയയുടെ കാര്യം സംസാരിക്കാത്തത്? നിലവില്‍ ഫിനിഷര്‍മാരെന്നു ഇന്ത്യ വിളിക്കുന്നവരേക്കാള്‍ കൂടുതല്‍ കളി ജയിപ്പിച്ചയാളാണ് തെവാത്തിയയെനനും ആരാധകര്‍ ചൂണ്ടിക്കാട്ടി.
മല്‍സരങ്ങള്‍ ഫിനിഷിങ് ചെയ്യുന്ന കാര്യത്തില്‍ റിങ്കു സിങിനേക്കാള്‍ മിടുക്കനാണ് രാഹുല്‍ തെവാത്തിയ. പക്ഷെ ഇന്ത്യക്കായി ഒരവസരം പോലും അദ്ദേഹത്തിനു ലഭിക്കുന്നില്ല. ഓരോ ഐപിഎല്ലിലും ഫിനിഷറായി മിന്നിച്ചിട്ടും തെവാത്തിയ തഴയപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയെന്താണ് അദ്ദേഹം ചെയ്യേണ്ടതെന്നും ആരാധകര്‍ ചോദിക്കുന്നു.