Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: എല്‍എസ്ജിയില്‍ ഇനി രാഹുലിനെ കാണില്ല! പുതിയ തട്ടകം ഏതാവും? ഈ ടീമുകള്‍ക്കു ബെസ്റ്റ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം നായകനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിനു ഇതു അവസാനത്തെ സീസണ്‍ ആയിരിക്കുമെന്നു ഉറപ്പായിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അവസാന കളിയിലേറ്റ പത്തു വിക്കറ്റിന്റെ വന്‍ പരാജയത്തിനു ശേഷം ടീമുടമ സഞ്ജീവ് ഗോയങ്കയില്‍ നിന്നും രാഹുലിനു ഗ്രൗണ്ടില്‍ വച്ച് പരസ്യ ശകാരം നേരിട്ടിരുന്നു. ഇതു വലിയ ചര്‍ച്ചയാവുകയും ഗോയെങ്കയ്‌ക്കെതിരേ വിമര്‍ശനങ്ങളുയരുകയും ചെയ്തിരുന്നു.

ഇതോടെ രാഹുല്‍ നായകസ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മാത്രമല്ല സീസണിനു ശേഷം എല്‍എസ്ജി വിടാനും അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞതായാണ് വിവരം. രാഹുലിനെ സംബന്ധിച്ച് ഐപിഎല്ലില്‍ പുതിയൊരു ടീമിനെ കണ്ടെത്തുകയെന്നത് അത്ര കടുപ്പമേറിയ കാര്യമല്ല. ഈ സീസണിനു ശേഷം അദ്ദേഹത്തെ എല്‍എസ്ജി കൈവിടുകയായാണെങ്കില്‍ വരാനിരിക്കുന്ന മെഗാ ലേലത്തില്‍ പല ടീമുകളും റാഞ്ചാന്‍ രംഗത്ത് ഇറങ്ങുമെന്നുറപ്പാണ്. അടുത്ത സീസണില്‍ രാഹുലിനെ തീര്‍ച്ചയായും നോട്ടമിടേണ്ട ടീമുകള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

KL RAHUL

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് രാഹുലിനെ ടീമിലെത്തിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട ഒരു ടീം. രാഹുലിനെ സംബന്ധിച്ച് ആര്‍സിബി ഹോം ടീം കൂടിയാണ്. അദ്ദേഹം ഐപിഎല്‍ കരിയര്‍ ആരംഭിച്ചതും അവര്‍ക്കൊപ്പമാണ്. പക്ഷെ തന്റെ മികവ് പ്രകടിപ്പിക്കാന്‍ രാഹുലിനു ആര്‍സിബിയില്‍ മതിയായ അവസരങ്ങള്‍ ലഭിച്ചില്ല. ഇതോടെയാണ് അദ്ദേഹം പഞ്ചാബ് കിങ്‌സിലേക്കും അവിടെ നിന്നും എല്‍എസ്ജിയിലേക്കും എത്തിയത്.

ആര്‍സിബിയെ സംബന്ധിച്ച് അടുത്ത സീസണില്‍ അവര്‍ക്കൊരു പുതിയ ക്യാപ്റ്റനെ ആവശ്യമാണ്. ഈ റോളിലേക്കു പെര്‍ഫെക്ടായ താരമാണ് രാഹുല്‍. മാത്രമല്ല വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് ഈ സീസണിനു ശേഷം വിരമിക്കാനിരിക്കെ ഒരു വിക്കറ്റ് കീപ്പറെയും അവര്‍ക്കു ആവശ്യമുണ്ട്. ഈ റോളും രാഹുലിന്റെ കൈകകളില്‍ ഭദ്രമാണ്. ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പിങും അദ്ദേഹം കൈകാര്യം ചെയ്യുമെന്നതിനാല്‍ ഒരു അധിക ബാറ്ററെയോ, ബൗളറേയോ ആര്‍സിബിക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം.

രാഹുലിനെ ആര്‍സിബി തീര്‍ച്ചയായും ഇരുകൈകളും നീട്ടി തന്നെ ടീമിലേക്കു സ്വീകരിക്കുമെന്നതില്‍ സംശയമില്ല, നേരത്തേ അദ്ദേഹത്തിന്റെ പ്രതിഭയെ സംശയിക്കുകയും ഇതേ തുടര്‍ന്ന് കൈവിടുകയും ചെയ്തതിനു പ്രായശ്ചിത്തം ചെയ്യാന്‍ ആര്‍സിബിക്കു ലഭിക്കുന്ന നല്ലൊരു അവസരം കൂടിയായിരിക്കും ഇത്. അതുകൊണ്ടു തന്നെ എല്ലാം കൊണ്ടും ആര്‍സിബിക്കു അനുയോജ്യനായ താരമാണ് രാഹുലെന്നു നിസംശയം പറയാന്‍ സാധിക്കും.

മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് രാഹുലിനെ അടുത്ത സീസണില്‍ നോട്ടമിടാവുന്ന രണ്ടാമത്തെ ഫ്രാഞ്ചൈസി. അവര്‍ക്കു അടുത്ത സീസണില്‍ മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ ആവശ്യമാണ്. ഈ സീസണില്‍ വന്‍ ഫ്‌ളോപ്പായ വെറ്ററന്‍ താരം വൃധിമാന്‍ സാഹയെ ജിടി നിലനിര്‍ത്തില്ല. ഈ റോളിലേക്കു ഓപ്പണിങ് കൂടി ചെയ്യിക്കാവുന്ന വിക്കറ്റ് കീപ്പറെയാവും അടുത്ത സീസണില്‍ ജിടി ലക്ഷ്യമിടുക.

KL RAHUL

രാഹുല്‍ ഇതിനു അനുയോജ്യനായ താരം തന്നെയാണ്. പക്ഷെ ജിടിയുടെ നായകസ്ഥാനം അദ്ദേഹത്തിനു ലഭിക്കുമോയെന്നതു ഉറപ്പിക്കാന്‍ സാധിക്കില്ല. ഹാര്‍ദിക് പാണ്ഡ്യക്കു പകരം ഈ സീസണില്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത യുവതാരം ശുഭ്മന്‍ ഗില്ലിനു കീഴില്‍ ജിടി പതറുകയാണ്. പ്ലേഓഫ് പോലും കാണാതെ അവര്‍ പുറത്തായേക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഗില്ലിനെ മാറ്റി അടുത്ത സീസണില്‍ രാഹുലിനെ ക്യാപ്റ്റനാക്കുന്നതിനെക്കുറിച്ചും ജിടി ആലോചിച്ചേക്കാം. കാരണം ഗില്ലിനേക്കാള്‍ അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം.

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് രാഹുലിനെ ലക്ഷ്യമിടേണ്ട മൂന്നാമത്തെ ഫ്രാഞ്ചൈസി. കാരണം മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഈ സീസണിനു ശേഷം വിരമിക്കാനൊരുങ്ങുകയാണ്. അതുകൊണ്ടു തന്ന മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയാണ് സിഎസ്‌കെ തിരയുന്നത്.

ലേലത്തില്‍ രാഹുല്‍ ലഭ്യമാണെങ്കില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ സിഎസ്‌കെ ശ്രമിച്ചേ തീരൂ. നിലവില്‍ മികച്ചൊരു ഇന്ത്യന്‍ ബാറ്ററുടെ അഭാവവും സിഎസ്‌കെ നിരയിലുണ്ട്. ഈ കുറവും നികത്താന്‍ രാഹുലിനെ ടീമിലെത്തിക്കുന്നതിലൂടെ അവര്‍ക്കു സാധിക്കും.

Story first published: Friday, May 10, 2024, 10:40 [IST]
Other articles published on May 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+