ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ വളരെയധികം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഐപിഎല്‍ താരലേലം അവസാനിച്ചിരിക്കുകയാണ്. ഇന്ത്യക്കു പുറത്തു നടന്ന ആദ്യത്തെ താരലേലമെന്ന പ്രത്യേകത കൂടി ഇത്തവണത്തെ ലേലത്തിനുണ്ടായിരുന്നു. ദുബായ് വേദിയായ ലേലത്തില്‍ ആകെ 332 കളിക്കാരാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ നിന്നും 72 പേരെ പത്തു ഫ്രാഞ്ചൈസികളും തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയും ചെയ്തു.
ലേലം കഴിഞ്ഞതോടെ ഇനി ടീമുകള്‍ക്കു കളിക്കാരെ വാങ്ങാന്‍ അവസരമുണ്ടോയെന്നതാണ് പലരുടെയും സംശയം. താരങ്ങളെ സ്വന്തമാക്കാന്‍ ഇനിയും സാധിക്കുമെന്നതാണ് ഇതിനുള്ള ഉത്തരം. ഇതു എങ്ങനെയെന്നു നമുക്കു പരിശോധിക്കാം. ലേലം അവസാനിച്ചതു കൊണ്ടു മാത്രം ഫ്രാഞ്ചൈസികളുടെ മുന്നിലുള്ള വഴി അടയുന്നില്ല. കളിക്കാരെ പരസ്പരം വാങ്ങാനും വില്‍ക്കാനുമെല്ലാം അവര്‍ക്കു ഇനിയും സാധിക്കും.

ഇതിനു അവസരമൊരുക്കുന്ന ട്രേഡ് വിന്‍ഡോ ഇന്നലെ (ഡിസംബര്‍ 20) വീണ്ടും തുറന്നിരിക്കുകയാണ്. അടുത്ത സീസണിലെ ഐപിഎല്‍ ആരംഭിക്കുന്നതിനു ഒരു മാസം മുമ്പ് വരെ ഇതു തുറന്നിരിക്കുകയും ചെയ്യും. പുറത്തു വരുന്ന സൂചനകളനുസരിച്ച മാര്‍ച്ച് 23നായിരിക്കും ഐപിഎല്ലിന്റെ 17ാം സീസണ്‍ ആരംഭിക്കുന്നത്. അങ്ങനെയെങ്കില്‍ ഫെബ്രുവരി 24 വരെ ട്രേഡ് വിന്‍ഡോയില്‍ ഫ്രാഞ്ചൈസികള്‍ക്കു കളിക്കാരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
ആവശ്യത്തിലും കൂടുതല്‍ കളിക്കാര്‍ തങ്ങള്‍ക്കു ചില പ്രത്യേക റോളുകളിലേക്കു സ്‌ക്വാഡിലുണ്ടെന്നു വ്യക്തമായാല്‍ ഫ്രാഞ്ചൈസിക്കു ഇവരില്‍ ചിലരെ മറ്റു ടീമുകള്‍ക്കു വില്‍ക്കാന്‍ സാധിക്കും. ലേലം കഴിഞ്ഞിട്ടും ചില വീക്ക്‌നെസുകള്‍ നികത്താന്‍ സാധിക്കാതെ പോയ ഫ്രാഞ്ചൈസികള്‍ക്കു ഇതു ഗുണവും ചെയ്യും.
തങ്ങളുടെ ഗെയിം പ്ലാനിനു ആവശ്യമായ ഒരു താരം മറ്റൊരു ടീമിലുണ്ടെന്നു കണ്ടെത്തിയാല്‍ അയാള്‍ക്കു വേണ്ടി ഫ്രാഞ്ചൈസിക്കു അവരെ നേരിട്ടുതന്നെ സമീപിക്കാം. അവര്‍ ഓഫര്‍ അംഗീകരിക്കുകയാണെങ്കില്‍ ട്രാന്‍സ്ഫര്‍ സംഭവിക്കുകയും ചെയ്യും.
25 കളിക്കാരെയാണ് ഒരു ഫ്രാഞ്ചൈസിക്കു പരമാവധി തങ്ങളുടെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക. ലേലത്തിനു ശേഷം ചില ടീമുകള്‍ ഈ ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ടീമുകള്‍ക്കു മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്നും ഒരു താരത്തെ വാങ്ങിക്കണമെങ്കില്‍ സ്വന്തം ടീമിലെ ഒരാളെ മറുഭാഗത്തേക്കും അയക്കേണ്ടതായി വരും.
അതായത് ഒരു താരത്തിനു പകരം മറ്റൊരു താരമെന്ന ഓപ്ഷന്‍ മാത്രമേ അവര്‍ക്കുള്ളൂ. എന്നാല്‍ നിലവില്‍ 25 പേര്‍ സ്‌ക്വാഡില്‍ ഇല്ലാത്തവര്‍ക്കു ലേലത്തിനു ശേഷം പഴ്‌സില്‍ പണം ബാക്കിയുണ്ടെങ്കില്‍ ഇതു ചെലവഴിച്ച് ഒരു താരത്തെ മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്നും വാങ്ങിക്കാം.

ലേലത്തിനു മുമ്പ് തന്നെ ട്രേഡ് വിന്‍ഡോയില്‍ ഇത്തവണ ചില ട്രാന്‍സ്ഫറുകള്‍ സംഭവിച്ചിരുന്നു. ഇവയിലൊന്ന് താരക്കൈമാറ്റമായിരുന്നെങ്കില്‍ മറ്റൊന്നു വില്‍പ്പന തന്നെയായിരുന്നു. സഞ്ജു സാസണിന്റെ രാജസ്ഥാന്‍ റോയല്‍ഡസും കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലായിരുന്നു താരക്കൈമാറ്റം.
യുവ ഇന്ത്യന്‍ ബാറ്ററും മറുനാടന്‍ മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെയാണ് ലഖ്‌നൗവിനു റോയല്‍സ് വിട്ടുകൊടുത്തത്. പകരം അവരുടെ ടീമില്‍ നിന്നും ഇന്ത്യന്‍ ഫാസ്റ്റ് ബളര്‍ ആവേശ് ഖാനെ സ്വന്തമാക്കുകയുമായിരുന്നു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരുന്നു ട്രേഡ് വിന്‍ഡോയില്‍ മറ്റൊരു ഇടപാട് നടന്നത്. എസ്ആര്‍എച്ച് ടീമിന്റെ ഭാഗമായിരുന്ന അണ്‍ക്യാപ്ഡ് ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മായങ്ക് ഡാഗറിനെ ആര്‍സിബി പണം നല്‍കി സ്വന്തമാക്കുകയായിരുന്നു.