മുംബൈ: ഐപിഎല്ലില്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം തീര്‍ന്നേക്കും. അവരുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരിലൊരാളും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് ടീമിലേക്കു മടങ്ങിയെത്തുകയാണ്. പൂര്‍ണ ഫിറ്റല്ലാത്തതു കാരണം ആദ്യത്തെ മൂന്നു മല്‍സരങ്ങളും നഷ്ടമായ അദ്ദേഹം അടുത്ത കളിയില്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായി. സൂര്യ ഫിറ്റാണെന്നു എന്‍സിഎ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതോടെയാണ് അദ്ദേഹത്തിന്റെ മടങ്ങിവരവിനു വഴിയൊരുങ്ങിയത്.
നാലു മാസത്തോളം നീണ്ട ബ്രേക്കിനു ശേഷമാണ് സൂര്യ കളിക്കളത്തിലേക്കു തിരിച്ചെത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കിടെയാണ് അദ്ദേഹത്തിനു പരിക്കേറ്റത്. അതിനു പിന്നാലെ സൂര്യ ഹെര്‍ണിയക്കും ചികില്‍സ തേടി. തുടര്‍ന്നു രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനായ ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം.

ടി20യില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ സ്‌കൈ തിരിച്ചെത്തുന്നത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും മുംബൈ ക്യാംപിനെയും വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. ട്രാക്കിലെത്താനാവാതെ വിഷമിക്കുന്ന മുംബൈയെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുന്നയാളാണ് സൂര്യ. കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റ മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്.
ഗുജറാത്ത് ടൈറ്റന്‍സിനോടു അവരുടെ മൈതാനത്തു ആറു റണ്‍സിനു തോറ്റായിരുന്നു പുതിയ നായകന്‍ ഹാര്‍ദിക്കിനു കീഴില്‍ മുംബൈയുടെ തുടക്കം. രണ്ടാമത്തെ മല്‍സരത്തില്‍ റെക്കോര്‍ഡ് റണ്‍ചേസിനൊടുവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 31 റണ്‍സിനും അവര്‍ തോല്‍വി സമ്മതിച്ചു. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു ആറു വിക്കറ്റിനും മുംബൈ നാണംകെടുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് 3.30നു വാംഖഡെയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ് മുംബൈയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ ജയിച്ച് തുടര്‍ തോല്‍വികള്‍ക്കു ബ്രേക്കിടേണ്ടത് മുംബൈയ്ക്കു ആവശ്യമാണ്. സൂര്യ തിരിച്ചെത്തിയതോടെ ഡിസിക്കെതിരേ ജയിച്ച് അക്കൗണ്ട് തുറക്കാമെന്ന ശുഭപ്രതീക്ഷയിലാണ് മുംബൈ. ഡിസിക്കെതിരേ മുംബൈയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കും നമുക്കു പരിശോധിക്കാം.

സൂര്യയുടെ തിരിച്ചുവരവോടെ സ്ഥാനം നഷ്ടമാവുക കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത യുവതാരം നമാന്‍ ധിറിനായിരിക്കും. മോശമല്ലാത്ത പ്രകടനമാണ് സൂര്യയുടെ അഭാവത്തില്‍ താരം കാഴ്ചവച്ചത്. പക്ഷെ സ്‌കൈ മടങ്ങിയെത്തിയാല്‍ അദ്ദേഹത്തിനു പ്രതീക്ഷയ്ക്കു വകയില്ല.
ഓപ്പണിങില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും തന്നെ തുടരുമ്പോള്‍ മൂന്നാം നമ്പരില്‍ സൂര്യ ബാറ്റ് വീശും. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്കാണ് കളിക്കേണ്ടത്. മുന്‍ മല്‍സരങ്ങളില്‍ അദ്ദേഹം കുറേക്കൂടി താഴെയാണ് കളിച്ചത്. എന്നാല്‍ ഡിസിക്കെതിരേ ഹാര്‍ദിക് നാലാം നമ്പറില്‍ വേണം.
അഞ്ചാമനായി ബാറ്റ് ചെയ്യുക ഇത്തവണ മുംബൈയ്ക്കായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവതാരം തിലക് വര്‍മയായിരിക്കും. ആറാം നമ്പറില്‍ നെഹാല്‍ വദേരയെ കൊണ്ടുവരാന്‍ മുംബൈ ശ്രമിക്കണം. കഴിഞ്ഞ സീസണില്‍ രോഹിത്തിനു കീഴില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയ അദ്ദേഹത്തിനു ഹാര്‍ദിക് ഒരവസരം പോലും ഇത്തവണ നല്‍കിയിട്ടില്ല. ലോവര്‍ ഓര്‍ഡറില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ വദേരയ്ക്കാവും.
ഏഴാം നമ്പര്‍ വെടിക്കെട്ട് താരം ടിം ഡേവിഡിനായിരിക്കും. എട്ടാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സിപ്ന്നറായ പിയൂഷ് ചൗള കളിക്കും. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇലവനിലുണ്ടാവുക പേസ് ത്രയങ്ങളായ ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ, ആകാശ് മധ്വാള്‍ എന്നിവരായിരിക്കും.
ഡിസിക്കെതിരേ മുംബൈയുടെ ബെസ്റ്റ് 11
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), തിലക് വര്‍മ, നെഹാല്‍ വദേര, ടിം ഡേവിഡ്, പിയൂഷ് ചൗള, ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ, ആകാശ് മധ്വാള്‍.