17ാത് ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അപ്രതീക്ഷിത ഷോക്കാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു നേരിട്ടിരിക്കുന്നത്. അവരുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനു തുടക്കത്തിലെ ചില മല്‍സരങ്ങള്‍ നഷ്ടമാവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമിക്കുന്ന സ്‌കൈയ്ക്കു പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഇനിയും സമയം വേണ്ടി വരുമെന്നതാണ് ഇതിനു കാരണം.
മുംബൈയെ സംബന്ധിച്ചിടത്തോളം ഇതു കനത്ത ആഘാതം തന്നെയാണ്. കാരണം അവര്‍ക്കു പകരം വയ്ക്കാനില്ലാത്ത താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ സൂര്യയുടെ അഭാവം ആരു നികത്തുമെന്നതായിരിക്കും മുംബൈയുടെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രധാന തലവേദന. നിലവില്‍ ബെംഗളൂരുവിലെ എന്‍സിഎയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് സൂര്യ.

24നു ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവരുടെ മൈതാനത്താണ് പുതിയ സീസണില്‍ മുംബൈയുടെ ആദ്യ പോരാട്ടം. ഈ മല്‍സരത്തിനു മുമ്പ് സൂര്യക്കു ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നുറപ്പായിരിക്കുകയാണ്. ഇതുള്‍പ്പെടെ തുടക്കത്തിലെ രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു മാറി നില്‍ക്കേണ്ടതായി വരും. മുംബൈ ബാറ്റിങ് ലൈനപ്പിലെ തുറുപ്പുചീട്ട് മാത്രമല്ല, അവരുടെ വൈസ് ക്യാപ്റ്റനും കൂടിയാണ് സൂര്യ.
സൂര്യയില്ലെങ്കില്‍ പകരം മൂന്നാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നതായിരിക്കും മുംബൈയെ വലയ്ക്കുന്ന കാര്യം. അദ്ദേഹത്തിന്റെ അഭാവത്തില്‍ മലയാളി വെടിക്കെട്ട് താരം വിഷ്ണു വിനോദിനു മുംബൈയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. സൂര്യയെപ്പോലെ വമ്പനടികള്‍ക്കു പേരുകേട്ട താരമാണ് അദ്ദേഹം. മാത്രമല്ല അടുത്തിടെ നടന്ന ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ വിഷ്ണു കസറുകയും ചെയ്തിരുന്നു.
ഹാര്‍ദിക് നയിച്ച റിലയന്‍സ് 1 ടീമിനു വേണ്ടിയാണ് വിഷ്ണു ടൂര്‍ണമെന്റില്‍ കളിച്ചത്. ഓപ്പണറായും വണ്‍ ഡൗണായും ഫിനിഷറായുമെല്ലാം വ്യത്യസ്ത റോളുകളില്‍ താരം ബാറ്റ് വീശുകയും ചെയ്തു. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നു രണ്ടു ഫിഫ്റ്റികളടക്കം 303 റണ്‍സാണ് വിഷ്ണു അടിച്ചെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ 91 റണ്‍സായിരുന്നു. ഇന്ത്യന്‍ നേവിക്കെതിരേ വെറും 47 ബോളില്‍ എട്ടു സിക്‌സറും അഞ്ചു ഫോറുമടക്കമാന് താരം 91 റണ്‍സ് വാരിക്കൂട്ടിയത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡിവൈ പാട്ടീല്‍ റെഡ് ടീമിനെതിരേയും വിഷ്ണു ഇടിവെട്ട് ഫിഫ്റ്റി കുറിച്ചിരുന്നു. 40 ബോളില്‍ നിന്നും ഒമ്പതു ഫോറും നാലു സിക്‌സറുമടക്കം 79 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഈ ഇന്നിങ്‌സുകള്‍ പരിഗണിക്കുമ്പോള്‍ സൂര്യയുടെ സ്ഥാനത്തേക്കു വിഷ്ണുവിനെ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.

നേരത്തേ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടിയും വിഷ്ണു മിന്നിച്ചിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ താരം നാലാമതുണ്ടായിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം എട്ടു മല്‍സരങ്ങളില്‍ നിന്നും വിഷ്ണു നേടിയത് 363 റണ്‍സാണ്.
സൂര്യയുടെ അഭാവത്തില്‍ മുംബൈയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കു നോക്കാം. മുന്‍ നായകന്‍ രോഹിത് ശര്‍മയും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ചേര്‍ന്ന് തന്നെയാണ് മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ തിലക് വര്‍മയാണ് കളിക്കാന്‍ സാധ്യത. നാലാമനായി സൂര്യക്കു പകരം വിഷ്ണു വിനോദ് പ്ലെയിങ് ഇലവനിലേക്കു വന്നേക്കും.
അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് ബാറ്റ് ചെയ്യും. ആറാമനായി നെഹാല്‍ വദേരയും ഏഴാമനായി ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ടിം ഡേവിഡും കളിച്ചേക്കും. തുടര്‍ന്ന് ബൗളര്‍മാരുടെ ഊഴമായിരിക്കും. പിയൂഷ് ചൗളയായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയില്‍ ദില്‍ഷന്‍ മധുഷങ്ക, ജെറാള്‍ഡ് കോട്‌സി എന്നിവരും കളിക്കും.
മുംബൈയുടെ സാധ്യതാ 11
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, വിഷ്ണു വിനോദ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നെഹാല്‍ വദേര, ടിം ഡേവിഡ്, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ദില്‍ഷന്‍ മധുഷങ്ക, ജെറാള്‍ഡ് കോട്‌സി.