ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. പല കാരണങ്ങളാല്‍ ഇത്തവണത്തെ ഐപിഎല്‍ ആവേശകരമാകുന്നു. രോഹിത് ശര്‍മ നായകനല്ലാതെ കളിക്കുന്നതും എംഎസ് ധോണിയുടെ അവസാന സീസണായേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതും റിഷഭ് പന്തിന്റെ തിരിച്ചുവരവുമെല്ലാം ഇത്തവണത്തെ ഐപിഎല്ലിനെ ആവേശകരമാക്കുന്ന കാര്യങ്ങളാണ്. ഇതില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നത് റിഷഭിന്റെ തിരിച്ചുവരവാണ്.
ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്താണ് റിഷഭ് പന്തുള്ളത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്തുണ്ടാകില്ല. എങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ശക്തമായ തിരിച്ചുവരവാണ് റിഷഭ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തവണ റിഷഭിന് വലിയ പ്രതീക്ഷവേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. റിഷഭിന് പഴയ മികവിലേക്കെത്താന്‍ സമയം വേണ്ടിവരുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
'റിഷഭിനെ ഈ സീസണില്‍ത്തന്നെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയെന്നത് വളരെ പ്രയാസമാണ്. എന്നാല്‍ നല്ല കാര്യം അവന്‍ ഇടവേളക്ക് ശേഷം ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നതാണ്. അതുകൊണ്ടുതന്നെ അവന് മികച്ച പരിശീലനം ലഭിക്കുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ പഴയ ഒഴുക്കിലേക്കെത്താന്‍ സമയം വേണ്ടിവരും. കാല്‍ക്കുഴക്ക് പരിക്കേറ്റാല്‍ അത് തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കും. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പറാവുക പ്രയാസമാവും.
ബാറ്റിങ്ങിലും കാല്‍ക്കുഴ കൃത്യമായി ഇരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ളത് ഒരു തുടക്കം മാത്രമാണ്. ഇത്തവണ നമുക്ക് കണ്ട് പരിചയമുള്ള റിഷഭിനെ കാണാനായേക്കില്ല' ഗവാസ്‌കര്‍ പറഞ്ഞു. കാര്‍ അപകടത്തില്‍ ഗുരുതരമായി റിഷഭിന് പരിക്കേറ്റിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചുവരവ് അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രയാസമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഇപ്പോള്‍ തിരിച്ചുവരുന്നത്.

പരിശീലനത്തിലെ റിഷഭിന്റെ പ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. തുടര്‍ച്ചയായി സിക്‌സുകള്‍ പറത്താന്‍ റിഷഭിന് സാധിച്ചിരുന്നു. ഒറ്റ കൈ സിക്‌സറടക്കം നേടി റിഷഭ് ഞെട്ടിച്ചിരുന്നു. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് റിഷഭ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമടക്കം ബാറ്റ്‌സ്മാന്‍ പ്രയാസപ്പെട്ട മൈതാനങ്ങളിലെല്ലാം റിഷഭ് ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ആ പഴയ മികവുണ്ടാകുമോയെന്നത് സംശയമാണ്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റിഷഭിന് സാധിച്ചേക്കില്ല. അദ്ദേഹത്തിന് ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പ്രതിഭാശാലിയായ റിഷഭ് പഴയ മികവിലേക്ക് വേഗത്തില്‍ തിരിച്ചെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും റിഷഭ് പന്തിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഈ സീസണില്‍ കസറാനായാല്‍ റിഷഭിന് മുന്നില്‍ ടി20 ലോകകപ്പിനുള്ള വാതില്‍ തുറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
താന്‍ പൂര്‍ണ്ണ ഫിറ്റാണെന്നും മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നുമുള്ള ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുമ്പോഴും കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നതാണ് വസ്തുത. ഇത്തവണ ഡല്‍ഹിയെ പ്ലേ ഓഫിലേക്കെങ്കിലും എത്തിക്കാന്‍ റിഷഭിന് സാധിക്കേണ്ടതായുണ്ട്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പിലേക്കെത്താന്‍ ഡല്‍ഹിക്ക് സാധിച്ചിട്ടില്ല. ഇത്തവണ മികച്ച താരനിരയാണ് ഡല്‍ഹിക്കുള്ളതെന്ന് പറയാനാവില്ല. ടീമില്‍ വിശ്വസ്തരെന്ന് വിളിക്കാവുന്നവര്‍ കുറവാണ്.
ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ഷായ് ഹോപ്പ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം ചേരുന്ന ഡല്‍ഹി ബാറ്റിങ് നിര ശരാശരി മാത്രമാണ്. റിഷഭ് പന്തില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല. ബൗളിങ് നിരയിലേക്ക് വരുമ്പോള്‍ സ്പിന്‍ നിരയെ നയിക്കാന്‍ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമുണ്ട്. ഇഷാന്ത് ശര്‍മ, ജൈ റിച്ചാര്‍ഡ്‌സന്‍, ഖലീല്‍ അഹമ്മദ്, ആന്‍ റിച്ച് നോക്കിയേ എന്നിവരെല്ലാം പേസ് നിരയിലുമുണ്ട്. എന്നാല്‍ വലിയൊരു ബൗളിങ് നിരയായി ഡല്‍ഹിയെ വിശേഷിപ്പിക്കാനുമാവില്ല.