IPL 2024: രോഹിത് ശര്‍മ സിഎസ്‌കെയിലേക്കോ? ബദരിനാഥ് പങ്കുവെച്ച ചിത്രം എന്ത്? പോസ്റ്റ് വൈറല്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ രോഹിത് ശര്‍മക്കിട്ട് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. തികച്ചും അപ്രതീക്ഷിതമായി നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കിയിരിക്കുകയാണ്. തല്‍സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ പ്രതിഷ്ഠിക്കുകയും ചെയ്തു. മുംബൈയുടെ നായകനായി 10 വര്‍ഷം കളിച്ച രോഹിത് അഞ്ച് ഐപിഎല്‍ ഉള്‍പ്പെടെ ആറ് കിരീടം അലമാരയിലെത്തിച്ചു.
എന്നാല്‍ യാതൊരു നന്ദിയും കാട്ടാത്തവിധം മുംബൈ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ടീം മാനേജ്‌മെന്റിന്റെ നിലപാടിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ആരാധകരും സഹതാരങ്ങളുമെല്ലാം ടീം മാനേജ്‌മെന്റിനെതിരേ പരസ്യമായി രംഗത്തെത്തുന്നുണ്ട്. സൂര്യകുമാര്‍ യാദവ് തകര്‍ന്ന ഹൃദയത്തിന്റെ ചിത്രം പങ്കുവെച്ച് തന്റെ നിരാശ പങ്കുവെച്ചിട്ടുണ്ട്. മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കിലും ഈ സീസണില്‍ രോഹിത് ടീമില്‍ തുടര്‍ന്നേക്കും.
എന്നാല്‍ മെഗാ ലേലത്തില്‍ രോഹിത് ശര്‍മ കൂടുമാറാനാണ് സാധ്യത. രോഹിത് ശര്‍മയുടെ കൂടുമാറ്റം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ശക്തമാണ്. ഇപ്പോഴിതാ മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവും തമിഴ്‌നാട്ടുകാരനുമായ സുബ്രമണ്യ ബദരിനാഥ് പങ്കുവെച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. സിഎസ്‌കെ ജേഴ്‌സില്‍ രോഹിത് ശര്‍മയുടെ ചിത്രമാണ് ബദരിനാഥ് പങ്കുവെച്ചത്. ഇതിനോടകം ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
രോഹിത് ശര്‍മക്ക് ഏറ്റവും അനുയോജ്യമായ ടീം സിഎസ്‌കെയാണെന്നാണ് ആരാധകരും പ്രതികരിക്കുന്നത്. നേരത്തെ മുംബൈ ഇന്ത്യന്‍സിലെ രണ്ട് പ്രധാന താരങ്ങള്‍ സിഎസ്‌കെയ്ക്കായി കളിച്ചിട്ടുണ്ട്. ഒന്ന് അമ്പാട്ടി റായിഡുവും മറ്റൊരാള്‍ ഹര്‍ഭജന്‍ സിങ്ങുമാണ്. ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്നു. മുംബൈക്ക് ആദ്യമായി കിരീടം നേടിക്കൊടുത്ത നായകന്‍ ഹര്‍ഭജനാണ്. ഇവരുടെ വഴിയേ രോഹിത്തും പോകണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഐപിഎല്ലില്‍ സീനിയര്‍ താരങ്ങളെ സ്വന്തമാക്കാന്‍ മടികാട്ടാത്ത ടീമാണ് സിഎസ്‌കെ. അടുത്ത സീസണോടെ എംഎസ് ധോണി വിരമിക്കാനാണ് സാധ്യത. ഈ സ്ഥാനത്തേക്ക് രോഹിത് ശര്‍മയെ പരിഗണിക്കണമെന്നാണ് ആരാധക പക്ഷം. രോഹിത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് കരിയറില്‍ ഉയര്‍ച്ച നല്‍കിയത് ധോണിയാണ്. അതുകൊണ്ടുതന്നെ ധോണിയോടൊപ്പം കളിച്ച് രോഹിത് കരിയര്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്.
സിഎസ്‌കെയിലേക്ക് പോകാനായില്ലെങ്കില്‍ രോഹിത് ആര്‍സിബിയിലേക്ക് പോകണമെന്ന് പറയുന്നവര്‍ ഏറെയാണ്. ആര്‍സിബിയുടെ നിലവിലെ നായകന്‍ ഫഫ് ഡുപ്ലെസിസാണ്. വിരാട് കോലിയുടെ ടീമായ ആര്‍സിബിയിലേക്ക് രോഹിത് എത്തിയാല്‍ വലിയ സ്വീകാര്യത ലഭിച്ചേക്കും. കോലി, ഡുപ്ലെസിസ്, രോഹിത്, മാക്‌സ് വെല്‍ എന്നിവര്‍ ഒന്നിച്ച് കളിക്കുകയും മുംബൈയില്‍ നിന്ന് ജസ്പ്രീത് ബുംറ ഒപ്പം കൂട്ടുകയും ചെയ്താല്‍ ആര്‍സിബിക്ക് കന്നി കിരീടത്തിലേക്കെത്താനാവുമെന്നാണ് ആരാധക പ്രതീക്ഷ.
ആര്‍സിബി വലിയ ആരാധകരുള്ള ടീമാണ്. സൂപ്പര്‍ താരങ്ങളുടെ നിരയായതിനാല്‍ രോഹിത്തിന്റെ നിലവാരത്തിനും ചേരും. രോഹിത്തിനൊപ്പം മുംബൈ വിടാന്‍ പല സൂപ്പര്‍ താരങ്ങളും തയ്യാറായേക്കും. അങ്ങനെ സംഭവിച്ചാല്‍ നായകനായി വീണ്ടുമൊരു കിരീടം നേടാന്‍ രോഹിത്തിന് സാധിച്ചേക്കും. ഇതോടെ മുംബൈ ടീം മാനേജ്‌മെന്റിനോട് പക വീട്ടാന്‍ രോഹിത്തിന് സാധിച്ചേക്കും.
രോഹിത് ശര്‍മയുടെ നായക മികവിനെ ചോദ്യം ചെയ്യുക പ്രയാസമാണ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ അവസാന ഐപിഎല്ലിലെ രോഹിത്തിന്റെ പ്രകടനങ്ങള്‍ മോശമാണ്. അതുകൊണ്ടാണ് മുംബൈ രോഹിത്തിനെ ഒഴിവാക്കിയതെന്ന് പറയാം. വരുന്ന സീസണിലെ രോഹിത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും. വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചാല്‍ പല വമ്പന്മാരും രോഹിത്തിനെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും. എന്നാല്‍ പ്രായം അദ്ദേഹത്തെ സംബന്ധിച്ച് പ്രശ്‌നം തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications