ട്വന്റി-20 ലോകകപ്പിലേക്കുള്ള ദൂരം കുറഞ്ഞ് വരികയാണ്. താരങ്ങള്‍ ടീമിലിടം നേടാനുള്ള ശ്രമത്തിലാണെങ്കില്‍ ആരൊക്കെയായിരിക്കും ടീമില്‍ ഇടം നേടുക എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ തങ്ങളുടെ മികവ് തെളിയിച്ച് സെലക്ടര്‍മാരുടെ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് താരങ്ങള്‍. ഇതിനോടകം തന്നെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ യോഗ്യത തെളിയിച്ചവര്‍ നിരവധിയുണ്ട്. സെലക്ടര്‍മാരുടെ പണി കൂടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
അതേസമയം ലോകകപ്പ് ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു വരുന്ന പേരുകളിലൊന്ന് ഹാര്‍ദിക് പാണ്ഡ്യയുടേതാണ്. പേസ് ബൗളിംഗ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ എടുക്കുമോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. എന്നാല്‍ ഹാര്‍ദിക്കിന് ഇത്ര പ്രാധാന്യം നല്‍കേണ്ടതില്ല എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ക്രിക്കറ്റ് മൈതാനത്ത് സ്ഥിരം സാന്നിധ്യമല്ല ഹാര്‍ദിക് പാണ്ഡ്യ. 2023 ലെ ഏകദിന ലോകകപ്പിനിടെയാണ് പാണ്ഡ്യയ്ക്ക് പരുക്കേല്‍ക്കുന്നത്. നീണ്ടനാള്‍ കളത്തിന് പുറത്ത് നില്‍ക്കേണ്ടി വന്ന പാണ്ഡ്യ തിരികെ വരുന്നത് ഈ ഐപിഎല്ലിലൂടെയാണ്. എന്നാല്‍ മുംബൈ നായകനായുള്ള തിരിച്ചുവരില്‍ ഇതുവരേയും താളം കണ്ടെത്താന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. എട്ട് മത്സരങ്ങളില്‍ നിന്നും 151 റണ്‍സും നാല് വിക്കറ്റുകളും മാത്രമാണ് പാണ്ഡ്യ നേടിയിട്ടുള്ളത്.
പാണ്ഡ്യയുടെ പ്രതിഭയ്ക്ക് മാത്രമല്ല, ഒരു ഓള്‍റൗണ്ടറെ സംബന്ധിച്ചും ഒട്ടും നല്ലൊരു സ്‌കോര്‍ കാര്‍ഡല്ല ഈ സീസണില്‍ പാണ്ഡ്യയ്ക്കുള്ളത്. ഈ സാഹചര്യത്തിലാണ് പാണ്ഡ്യയ്ക്ക് ബിസിസിഐ അമിതപ്രാധാന്യം നല്‍കേണ്ടതില്ലെന്ന് ഇര്‍ഫാന്‍ പഠാന്‍ തുറന്നടിച്ചത്. സ്റ്റാര്‍ സ്‌പോട്‌സിനോടായിരുന്നു പഠാന്റെ പ്രതികരണം.
''ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതുവരേയും നല്‍കിയ അത്രയും വലിയ പ്രധാന്യം അദ്ദേഹത്തിന് നല്‍കേണ്ടതില്ല എന്നാണ്. നീയാണ് പ്രൈമറി ഓള്‍റൗണ്ടര്‍ എന്നുണ്ടെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ അത്രയും ഇംപാക്ടുണ്ടാക്കാനും നിനക്ക് സാധിക്കണം. എല്ലാ ഓള്‍റൗണ്ടര്‍മാരേയും പരിഗണിക്കുമ്പോള്‍ അവന്‍ അത്രയും വലിയൊരു ഇംപാക്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടാക്കിയിട്ടില്ല. നമ്മള്‍ ഐപിഎല്ലിനേയും അന്താരാഷ്ട്ര മത്സരങ്ങളേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുകയാണ്. രണ്ട് രണ്ടും തീര്‍ത്തും വ്യത്യസ്തമാണ്'' എന്നാണ് പഠാന്‍ പറഞ്ഞത്.
''ആദ്യം തന്നെ പറയട്ടെ, അവന്‍ വര്‍ഷം മുഴുവന്‍ കളിക്കണം. ഇങ്ങനെ തിരഞ്ഞെടുത്ത് കളിക്കാനാകില്ല. ഇന്ത്യന്‍ ക്രിക്കറ്റ് അത് അവസാനിപ്പിക്കണം. വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്നത് അവസാനിപ്പിക്കണം. അങ്ങനെ ചെയ്താല്‍ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനാകില്ല. വര്‍ഷങ്ങളായി ഓസ്‌ട്രേലിയ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. അവര്‍ എല്ലാവരേയും സൂപ്പര്‍ സ്റ്റാറുകളാക്കുകയാണ്. ഒരു സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല. അവരുടെ ടീമിലെ എല്ലാവരും സൂപ്പര്‍ സ്റ്റാറുകളാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനാകില്ല.
അതേസമയം ലോകകപ്പ് ടീമിലെ പാണ്ഡ്യയുടെ സ്ഥാനം സംശയത്തിന്റെ നിഴലിലാണ്. ഐപിഎല്ലിലെ മോശം പ്രകടനം പാണ്ഡ്യയ്ക്ക് തിരിച്ചടിയായേക്കും. ശിവം ദൂബെയുടെ മിന്നും ഫോമും പാണ്ഡ്യയ്ക്ക് വെല്ലുവിളിയായുണ്ട്. നാല് ഓവർ തികച്ച എറിയാതിരിക്കുന്നതും പാണ്ഡ്യയുടെ ലോകകപ്പ് ടീം പ്രവേശനത്തിന് വിലങ്ങു തടിയാണ്.