ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 332 താരങ്ങള്‍ പങ്കെടുത്ത താരലേലത്തില്‍ 71 താരങ്ങളെയാണ് വിറ്റുപോയത്. ബാക്കിയുള്ള താരങ്ങളെല്ലാം അണ്‍സോള്‍ഡായിരിക്കുകയാണ്. ഇതില്‍ പ്രധാനപ്പെട്ട ചില താരങ്ങളും ഉള്‍പ്പെടും. സ്റ്റീവ് സ്മിത്തിനെ വാങ്ങാന്‍ ഇത്തവണ ആരുമുണ്ടായില്ല. ജെയിംസ് നിഷാമും അണ്‍സോള്‍ഡായി. ഇത്തവണ അണ്‍സോള്‍ഡായ താരങ്ങളെ പരിഗണിച്ച് ബെസ്റ്റ് പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.
ഓപ്പണര്‍മാരായി റീസ ഹെന്‍ഡ്രിക്‌സും ഫില്‍ സാള്‍ട്ടുമാണ്. രണ്ട് പേര്‍ക്കും ടി20യില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാനാവും. എന്നാല്‍ ഇവര്‍ അണ്‍സോള്‍ഡായെന്നതാണ് നിരാശപ്പെടുത്തുന്ന വസ്തുത. ദക്ഷിണാഫ്രിക്കയുടെ ഹെന്‍ഡ്രിക്‌സ് 56 ടി20യില്‍ നിന്ന് 1702 റണ്‍സാണ് നേടിയത്. 130ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുണ്ട്. സാള്‍ട്ട് ഡല്‍ഹിക്കൊപ്പം അവസാന സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. 9 മത്സരത്തില്‍ നിന്ന് 218 റണ്‍സ് നേടിയ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 163ന് മുകളിലാണ്.
എന്നാല്‍ ഇത്തവണ ഇരുവരേയും വാങ്ങാന്‍ ആരും വന്നില്ല. മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്തിനെ പരിഗണിക്കാം. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരമായ സ്മിത്തിന് ടി20യില്‍ വലിയ റെക്കോഡ് അവകാശപ്പെടാനാവില്ല. അവസാന ഇന്ത്യന്‍ പരമ്പരയിലും അദ്ദേഹം നിരാശപ്പെടുത്തി. അതുകൊണ്ടുതന്നെ ഇത്തവണ അണ്‍സോള്‍ഡായവരുടെ നിരയിലാണ് സ്മിത്തുള്ളത്. നാലാം നമ്പറില്‍ കരുണ്‍ നായരെ കളിപ്പിക്കാം. നേരത്തെ പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായെങ്കിലും കരുണ്‍ കളിച്ചിട്ടുണ്ട്.
എന്നാല്‍ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള കരുണിനെ വാങ്ങാന്‍ ഇത്തവണ ആരും തയ്യാറായില്ല. ടി20യിലെ വിശ്വസ്തനായ താരമാണ് കരുണ്‍ നായരെന്ന് പറയാനാവില്ല. സര്‍ഫറാസ് ഖാനാണ് മറ്റൊരാള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സര്‍ഫറാസ് അവസാന സീസണില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്നു. വലിയ പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡ് താരത്തിനില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം സര്‍ഫറാസ് കാഴ്ചവെച്ചിട്ടുണ്ട്.

രാജ് അങ്കാദ് ബാവയാണ് മറ്റൊരു താരം. പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്ന രാജ് അങ്കാദ് ഓള്‍റൗണ്ട് മികവുള്ള താരമാണ്. എന്നാല്‍ ഇത്തവണ വാങ്ങാന്‍ ആളുണ്ടായില്ല. 21കാരനായ താരം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന യുവ ഓള്‍റൗണ്ടറാണ്. ജലജ് സക്‌സേനയാണ് മറ്റൊരു താരം. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോഡുള്ള ഓള്‍റൗണ്ടറാണ് ജലജ് സക്‌സേന. 70 മത്സരത്തില്‍ നിന്ന് 72 വിക്കറ്റുകള്‍ അദ്ദേഹം ടി20യില്‍ നേടിയിട്ടുണ്ട്. കേരളത്തിനൊപ്പം മികച്ച പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനമാണ് സക്‌സേന കാഴ്ചവെച്ചത്. ജോഷ് ഹെയ്‌സല്‍വുഡാണ് മറ്റൊരു പേസര്‍. അവസാന സീസണില്‍ ആര്‍സിബിക്കായി കളിച്ച ഹെയ്‌സല്‍വുഡ് ഇത്തവണ കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അതിത് ഷേത്താണ് മറ്റൊരു താരം. ബറോഡയുടെ വലം കൈയന്‍ പേസറെ വാങ്ങാന്‍ ഇത്തവണ ആളുണ്ടായില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 9 മത്സരത്തില്‍ നിന്ന് 18 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.
ഹൈദരാബാദിന്റെ രവി തേജയാണ് അണ്‍സോള്‍ഡായ മറ്റൊരു താരം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 19 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. കേരള താരം സന്ദീപ് ശര്‍മയാണ് 11ാമന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചിട്ടുള്ള താരം ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം നടത്തി. എന്നാല്‍ ഇത്തവണ വാങ്ങാന്‍ ആളുണ്ടായില്ല.