ദുബായ്: ഐപിഎല്ലിന്റെ താരലേലത്തില്‍ പലപ്പോഴും യാതൊരു പ്ലാനിങും നടത്താതെ അനാവശ്യമായി കളിക്കാര്‍ക്കു വേണ്ടി പണം വലിച്ചെറിയുന്ന ടീമുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തങ്ങള്‍ക്കു എന്താണ് ആവശ്യമെന്നു തിരിച്ചറിഞ്ഞ് അതിനു വേണ്ടിയുള്ള താരങ്ങളെ ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കാറില്ല. ചില താരങ്ങള്‍ക്കു അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ മുടക്കുകയെന്നതും എസ്ആര്‍എച്ച് ഓരോ തവണയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്.
ഈ ലേലത്തിലും ഹൈദരാബാദ് ഈ പതിവു തെറ്റിച്ചില്ല. പ്ലെയിങ് ഇലവനില്‍ നാലു വിദേശ കളിക്കാരെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കൂയെന്ന നിയമത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും അവര്‍ വീണ്ടും വീണ്ടും വിദേശ കളിക്കാര്‍ക്കു പിന്നാലെ പായുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ഓപ്പണര്‍ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ തുടങ്ങിയവരെയെല്ലാം അവര്‍ ടീമിലേക്കു കൊണ്ടു വന്നു കഴിഞ്ഞു.

ഇവരെല്ലാം മികച്ച കളിക്കാരാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ നേരത്തേ തന്നെ അഞ്ചു വിദേശ കളിക്കാര്‍ എസ്ആര്‍എച്ചിലുണ്ട്. സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ കൂടിയായ എയ്ഡന്‍ മാര്‍ക്രമാണ് കഴിഞ്ഞ സീസണില്‍ ഓറഞ്ച് ആര്‍മിയെ നയിച്ചത്.
സൗത്താഫ്രിക്കയുടെ തന്നെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഹെന്‍ഡ്രിച്ച് ക്ലാസെന്‍, ന്യൂസിലാന്‍ഡിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സ്, സൗത്താഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണ്‍, അഫ്ഗാനിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഫസല്‍ഹഖ് ഫറൂഖി എന്നിവരാണ് നേരത്തേ തന്നെ എസ്ആര്‍എച്ചിലുള്ള വിദേശ താരങ്ങള്‍. ഇതു കൂടാതെയാണ് ലേലത്തില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ക്കായി എസ്ആര്‍എച്ച് കോടികള്‍ മുടക്കിയത്.
ഇവരില്‍ നിന്നും ഏറ്റവും മികച്ച നാലു പേരെ പ്ലെയിങ് ഇലവനിലേക്കു തിരഞ്ഞെടുക്കുകയെന്നതാണ് ഇനി എസ്ആര്‍എച്ചിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. മാര്‍ക്രമിനെ മാറ്റി കമ്മിന്‍സിനെ അടുത്ത സീസണില്‍ ക്യാപ്റ്റനായി നിയമിക്കാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല. കാരണം ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ തുകയായ 20.5 കോടി രൂപ മുടക്കിയാണ് ഈ ലേലത്തില്‍ കമ്മിന്‍സിനെ ഹൈദരാബാദ് വാങ്ങിയത്.

കമ്മിന്‍സും മാര്‍ക്രമും തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നവരാണ്. വെടിക്കെട്ട് താരമായ ക്ലാസെനെയും ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. കഴിഞ്ഞ സീസണില്‍ ടീം വന്‍ ദുരന്തമായി മാറിയപ്പോള്‍ എസ്ആര്‍എച്ചിനു ആഹ്ലാദിക്കാന്‍ വക നല്‍കിയത് ക്ലാസെന്റെ വെടിക്കെട്ട് ഇന്നിങ്‌സുകളായിരുന്നു.
ഈ മൂന്നു പേരും കഴിഞ്ഞാല്‍ ഇലവനിലെ നാലാമന്‍ ആരെന്നതാണ് ചോദ്യം. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഹെഡിനെ തഴയാന്‍ സാധിക്കില്ല. പക്ഷെ ഹസംരംഗ പന്തും ബാറ്റും കൊണ്ട് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നറാണ്. അദ്ദേഹത്തെ ഒഴിവാക്കുന്നതും മണ്ടത്തരമായിരിക്കും.
ടീമിലെ നാലാമത്തെ വിദേശ താരത്തിന്റെ സ്‌പോട്ടിനായി ഹെഡും ഹസരംഗയും പോരടിക്കുമ്പോള്‍ ഫിലിപ്‌സ്, യാന്‍സണ്‍, ഫറൂഖി എന്നിവര്‍ക്കെല്ലാം സൈഡ് ബെഞ്ചിലായിരിക്കും സ്ഥാനം. അടുത്ത സീസണില്‍ ഹൈദരാബാദിന്റെ ടീം കോമ്പിനേഷന്‍ എങ്ങനെയായിരിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ഉറ്റുനോക്കുന്നത്.