ബെംഗളൂരു: തോല്‍വികള്‍ തുടര്‍ക്കഥയാക്കി വീണ്ടും നാണക്കേടിലേക്കു കൂപ്പുകുത്തുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമിയില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 25 റണ്‍സിനാണ് ആര്‍സിബിയെ തുരത്തിയത്. ഈ പരാജയത്തോടെ ആര്‍സിബിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്. പതിവുപോലെ ബൗളിങ് ദുരന്തമായി മാറിയതോടെയാണ് ആര്‍സിബി തോല്‍വിലേക്കു വീണത്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലുള്ള ആര്‍സിബിയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണിത്.
ഹൈദരാബാദിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ആര്‍സിബിയുടെ തോല്‍വി ഉറപ്പായിരുന്നു. കാരണം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ടോട്ടലാണ് അവര്‍ ഈ മല്‍സരത്തില്‍ കുറിച്ചത്. വെറും മൂന്നു വിക്കറ്റിനു 287 റണ്‍സ് ഓറഞ്ച് ആര്‍മി 20 ഓവറില്‍ വാരിക്കൂട്ടി. മുംബൈ ഇന്ത്യന്‍സിനെതിരേ ഈ സീസണില്‍ കുറിച്ച 277 റണ്‍സെന്ന തങ്ങളുടെ തന്നെ പേരിലുള്ള റെക്കോര്‍ഡ് ഹൈദരാബാദ് തിരുത്തിക്കുറിക്കുകയായിരുന്നു.

അപ്രാപ്യമായ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ആര്‍സിബി അഗ്രസീവായി തന്നൊണ് തുടങ്ങിയതെങ്കിലും വിക്കറ്റുകള്‍ പിഴുത് എസ്ആര്‍എച്ച് വിജയം വരുതിയിലാക്കി. ഏഴു വിക്കറ്റിനു 262 റണ്‍സ് നേടിയാണ് അവര്‍ മല്‍സരം അടിയറവച്ചത്. വാലറ്റത്ത് വെറ്ററന് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ (83) അവിശ്വസനീയ ഇന്നിങ്‌സാണ് ആര്‍സിബിയുടെ പരാജയഭാരം കുറച്ചത്. വെറും 35 ബോളുകള്‍ നേരിട്ട ഡിക്കെ ഏഴു സിക്‌സറും അഞ്ചു ഫോറുകളുമടിച്ചു.
നായകന്റെ കളി കെട്ടഴിച്ച ഫാഫ് ഡുപ്ലെസിയാണ് (62) മറ്റൊരു പ്രധാന സ്‌കോറര്‍. വെറും 28 ബോള്‍ നേരിട്ട അദ്ദേഹം ഏഴു ഫോറും നാലു സിക്‌സറുമടിച്ചു. വിരാട് കോലി 20 ബോളില്‍ 42 റണ്‍സെടുത്തും മടങ്ങി. മധ്യനിരയില്‍ വില്‍ ജാക്‌സ് (7), രജത് പാട്ടിധാര്‍ (9), സൗരവ് ചൗഹാന്‍ (0) എന്നിവരെല്ലാം വന്‍ ഫ്‌ളോപ്പായി.

സ്‌ഫോടനാത്മക തുടക്കമാണ് ഡുപ്ലെസി- കോലി ജോടി ആര്‍സിബിക്കു നല്‍കിയത്. 38 ബോളില്‍ ഇരുവരുമെടുത്തത് 80 റണ്‍സാണ്. ഈ സഖ്യം അപകടകരമായി മുന്നേറവെയാണ് ഏഴാം ഓവറില്‍ കോലിയെ ബൗള്‍ഡാക്കി മാര്‍ക്കാണ്ഡെ എസ്ആര്‍എച്ചിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നതോടെ ആര്‍സിബിക്കു വിജയം അസാധ്യമായി മാറി. എങ്കിലും ഡിക്കെയുടെ വണ്‍മാന്‍ ഷോ അവസാനം വരെ ആര്‍സിബിക്കു പ്രതീക്ഷ നല്‍കി. മൂന്നു വിക്കറ്റുകള്‍ പിഴുത നായകന്‍ പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ വേറിട്ടുനിന്നത്. മായങ്ക് മാര്‍ക്കാണ്ഡെ രണ്ടു വിക്കറ്റുകളും വീഴ്ത്തി.
നേരത്തേ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ (102) ഗംഭീര സെഞ്ച്വറിയാണ് ഹൈദരാബാദിനെ റെക്കോര്‍ഡ് ടോട്ടലിലെത്തിച്ചത്. വെറും 41 ബോളുകളില്‍ നിന്നാണ് ഒമ്പതു ഫോറും എട്ടു സിക്‌സറുമടക്കം അദ്ദേഹം 102 റണ്‍സ് വാരിക്കൂട്ടിയത്. ഹെന്‍ട്രിച്ച് ക്ലാസെനാണ് (67) മറ്റൊരു പ്രധാന സ്‌കോറര്‍. 31 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു സിക്്‌സറും രണ്ടു ഫോറുകളുമടിച്ചു. അഭിഷേക് ശര്‍മ (34), അബ്ദുള്‍ സമദ് (37*), എയ്ഡന്‍ മാര്‍ക്രം (32*) എന്നിവരും അതിവേഗം സ്‌കോര്‍ ചെയ്തതോടെ ടോട്ടല്‍ 300നടുത്ത് എത്തുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാട്ടിധാര്‍, സൗരവ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലൊംറോര്‍, വിജയ്കുമാര്‍ വൈശാഖ്, റീസ് ടോപ്പ്‌ലെ, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, നിതീഷ് റെഡ്ഡി, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനാട്കട്ട്, ടി നടരാജന്‍.