ചണ്ഡീഗഡ്: സ്പിന്‍ കെണിയൊരുക്കി ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ കഥ കഴിച്ചിരിക്കുകയാണ് മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്. വലിയ സ്‌കോര്‍ പിറക്കാതിരുന്ന കളിയില്‍ പഞ്ചാബിനെതിരേ മൂന്നു വിക്കറ്റിന്റെ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്. ഇതോടെ പ്ലേഓഫ് പ്രതീക്ഷകളും കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ് ജിടി. ഇരുടീമുകളിലെയും ബൗളര്‍മാര്‍ മികച്ചുനിന്ന മല്‍സരത്തില്‍ ഒരു ബാറ്റര്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല.
ജിടിക്കു 143 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പഞ്ചാബിനു നല്‍കാനായത്. മറുപടിയില്‍ ജിടിക്കു ജയം അത്ര എളുപ്പമായിരുന്നില്ല. ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ ജിടി വിജയം പിടിച്ചെടുക്കുകയായിരുന്നു. വീണ്ടുമൊരിക്കല്‍ക്കൂടി ഫിനിഷിങില്‍ മിന്നിച്ച രാഹുല്‍ തെവാത്തിയയാണ് പുറത്താവാതെ 36 റണ്‍സോടെ ജിടിയുടെ ഹീറോയായത്. 18 ബോളുകള്‍ നേരിട്ട താരം ഏഴു ഫോറുകളടിച്ചു. നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ച ഗില്‍ 35 റണ്‍സെടുത്തു മടങ്ങി. 29 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറുകളുള്‍പ്പെട്ടിരുന്നു. ഇംപാക്ട് പ്ലെയറായി കളിച്ച സായ് സുദര്‍ശനാണ് (31) മറ്റൊരു പ്രധാന സ്‌കോറര്‍.

വൃധിമാന്‍ സാഹ (13), ഡേവിഡ് മില്ലര്‍ (4), അസ്മത്തുള്ള ഒമര്‍സായ് (13), ഷാരൂഖ് ഖാന്‍ (8), റാഷിദ് ഖാന്‍ (3) എന്നിവരുടെ വിക്കറ്റുകളാണ് ജിടിക്കു നഷ്ടമായത്. റണ്‍ചേസില്‍ ജിടിയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍- സാഹ സഖ്യം 66 റണ്‍സ് അടിച്ചെടുത്തിരുന്നു. ഈ സഖ്യം ജിടിയെ അനായാസം ജയത്തിലേക്കു നയിക്കവെയാണ് അര്‍ഷ്ദീപ് സിങ് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്.
13 റണ്‍സെടുത്ത സാഹയെ അര്‍ഷ്ദീപിന്റെ ബൗളിങില്‍ അശുതോഷ് ശര്‍മ പിടികൂടുകയായിരുന്നു. പിന്നീട് മികച്ച കൂട്ടുകെട്ടുകളൊന്നും ജിടി ഇന്നിങ്‌സിലുണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ ജിടിയുടൈ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. എങ്കിലും വിജയത്തില്‍ നിന്നും ഇതു അവരെ തടഞ്ഞുനിര്‍ത്തിയില്ല. ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ലിയാം ലിവിങ്സ്റ്റണ്‍ രണ്ടും വിക്കറ്റുകള്‍ നേടി.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അവസാന ബോളില്‍ 142 റണ്‍സിനു കൂടാരം കയറുകയായിരുന്നു. ഒരു ഘട്ടത്തില്‍ 120 റണ്‍സ് പോലും തികയ്ക്കുമോയെന്നു സംശയിച്ച പഞ്ചാബിനെ 140 കടത്തിയത് ഇംപാക്ട് പ്ലെയറായെത്തിയ ഹര്‍പ്രീത് ബ്രാറാണ്. വാലറ്റത്ത് അദ്ദേഹം നേടിയ 29 റണ്‍സ് വലിയ നാണക്കേടില്‍ നിന്നും ജിടിയെ രക്ഷിക്കുകയായിരുന്നു.
12 ബോളുകള്‍ നേരിട്ട താരം നാലു ഫോറും ഒരു സിക്‌സറുമടിച്ചു. 35 റണ്‍സെടുത്ത ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോര്‍. 21 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ സാം കറെന്‍ 20 റണ്‍സും നേടി. നന്നായി തുടങ്ങിയ ശേഷമാണ് സ്പിന്നര്‍മാരിലൂടെ പഞ്ചാബിനെ ജിടി വരിഞ്ഞുകെട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ 52 റണ്‍സ് പഞ്ചാബ് നേടിയിരുന്നു.
എന്നാല്‍ അടുത്ത 47 റണ്‍സിനിടെ ഏഴു വിക്കറ്റുകള്‍ ജിടി കടപുഴക്കി. ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത് ജിടിയുടെ സ്പിന്നര്‍മാരാണ്. ഏഴു വിക്കറ്റിനു 77 റണ്‍സിലേക്കു തകര്‍ന്ന പഞ്ചാബിനെ വാലറ്റക്കാരുടെ പ്രകടനം 142ല്‍ എത്തിക്കുകയായിരുന്നു. നാലു വിക്കറ്റുകള്‍ പഴുത ആര്‍ സായ് കിഷോറാണ് പഞ്ചാബിന്റെ കഥ കഴിച്ചത്. നൂര്‍ അഹമ്മദും മോഹിത് ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്ലെയിങ് ഇലവന്‍
പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിമ്രന്‍ സിങ്, റൈലി റൂസ്സോ, സാം കറെന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിങ്.
ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അസ്മത്തുള്ള ഒമര്‍സായ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ്, സന്ദീപ് വാര്യര്‍.