ഇന്ത്യന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്തു നിന്നും നീക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുന്നു. നേരത്തേ മുംബൈ ടീമിലെ സഹതാരങ്ങളായിരുന്നു അദ്ദേഹത്തിനു പിന്തുണയുമായി രംഗത്തു വന്നത്. ഇപ്പോള്‍ മറ്റു ഫ്രാഞ്ചൈസികളിലെ കളിക്കാരും ഇതു ഏറ്റെടുത്തിരിക്കുകയാണെന്ന സൂചനയാണ് വരുന്നത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിന്റെ പോസ്റ്റ് ഇതു തെളിയിക്കുകയാണ്.
സിറാജിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുന്നത്. ഹൃദയം തകര്‍ന്ന അഞ്ചു ഇമോജികളാണ് സിറാജ് തന്‍െ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നല്‍കിയിരിക്കുന്നത്. ഈ അഞ്ചു ഇമോജികള്‍ മുംബൈയുടെ അഞ്ചു ഐപിഎല്‍ കിരീട വിജയങ്ങളാണെന്നും ടീമിനു അതു നേടിക്കൊടുത്ത രോഹിത്തിനെ കുറിച്ച് തന്നെയാണ് ഇതു അര്‍ഥമാക്കുന്നതെന്നും ഉറപ്പായിരിക്കുകയാണ്.

നേരത്തേ മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്റെ സഹതാരവും ഇന്ത്യയുടെ 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവും ഇതേ രീതിയിലായിരുന്നു രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനാക്കിയ ശേഷം പ്രതികരിച്ചത്. ഹൃദയം തകര്‍ന്ന ഒരു ഇമോജിയായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സൂര്യ നല്‍കിയത്. വീണ്ടും ഹൃദയം തകര്‍ന്ന മറ്റൊരു ഇമോജിയുമായി സിറാജും തന്റെ ദേശീയ ടീം ക്യാപ്റ്റനു ഇപ്പോള്‍ പിന്തുണ നല്‍കിയിരിക്കുകയാണ്.
രോഹിത്തിനെ നായകസ്ഥാനത്തു നിന്നു നീക്കിയതു മുതല്‍ മുംബൈ ടീമിനകത്തു കാര്യങ്ങള്‍ അത്ര സുഖകരമല്ല. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും വലിയ ആക്രമണമാണ് മുംബൈ ടീം ഇപ്പോഴും നേരിടുന്നത്. ഹാര്‍ദിക്കിനെ നായകനായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ഒരു മില്ല്യണിലധികം പേരാണ് ഇതിനകം മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. രോഹിത്തും മുംബൈ ഇന്ത്യന്‍സുമെല്ലാം ഇപ്പോഴും എക്‌സില്‍ ട്രെന്‍ഡിങായി തുടരുകയും ചെയ്യുന്നു.

രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതില്‍ മുംബൈ ടീമിനകത്തും കടുത്ത അതൃപ്തിയാണുള്ളതെന്നാണ് അണിയറയിലെ സംസാരം. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് രോഹിത്തിനെ പിന്തുണയ്ക്കുന്ന ചില സീനിയര്‍ കളിക്കാര്‍ അടുത്ത സീസണിനു മുമ്പ് മുംബൈ വിടാന്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂര്യയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമെല്ലാം രോഹിത്തിനെ അനുകൂലിക്കുന്നവരാണെന്നും ഹാര്‍ദിക്കിനു കീഴില്‍ മുംബൈ ടീമില്‍ കളിക്കാന്‍ ഇവര്‍ക്കു താല്‍പ്പര്യമില്ലെന്നുമാണ് സൂചനകള്‍.
അതിനിടെ മുംബൈ ടീം മാനേജ്‌മെന്റിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ നിരാശനായ രോഹിത്തിനെ റാഞ്ചാനും ചില ടീമുകള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകള്‍ ഇതിനകം രോഹിത്തിനു വേണ്ടി മുംബൈയെ സമീപിച്ചെങ്കിലും അതു തള്ളപ്പെടുകയാണെന്നുമാണ് വ്യക്തമാവുന്നത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും പേര് രോഹിത്തുമായി ഉയര്‍ന്നു കേട്ടിരുന്നു. പക്ഷെ സിഎസ്‌കെ സിഇഒ എന്‍ ശ്രീനിവാസന്‍ ഇതു തള്ളിയതോടെ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു. എങ്കിലും ട്രേഡ് വിന്‍ഡോ തുറന്നതിനാല്‍ രോഹിത് മുംബൈ വിടാനുള്ള സാധ്യത ഇപ്പോഴും പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല.