അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ ആശയക്കുഴപ്പത്തിലാണ്. ഈ മാസം അവസാനത്തോടെ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടതായുണ്ട്. ഇന്ത്യക്ക് കരുത്തുറ്റ താരനിരയാണ് ഇത്തവണയുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് 15 അംഗ ടീമിനെ പ്രഖ്യാപിക്കുകയെന്നതാണ് വലിയ വെല്ലുവിളി. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായും ടോപ് ഓഡര്‍ സ്ഥാനത്തിനായുമാണ് കടുത്ത മത്സരം നടക്കുന്നത്.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം രോഹിത് ശര്‍മയാവും ഇന്ത്യയെ ലോകകപ്പില്‍ നയിക്കുക. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും കളിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ശുബ്മാന്‍ ഗില്ലിന് ടീമില്‍ ഇടമുണ്ടാവുമോയെന്നതാണ് പ്രധാന ചോദ്യം. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുബ്മാന്‍ പഞ്ചാബ് കിങ്‌സിനെതിരേ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 48 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 89 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്.
ഇതോടെ താരത്തെ ഓപ്പണറാക്കണമെന്നും ടോപ് ഓഡറില്‍ കളിപ്പിക്കണമെന്നുമുള്ള ആവശ്യം ശക്തമാവുന്നു. എന്നാല്‍ ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിലേക്ക് പരിഗണിക്കരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സൈമണ്‍ ഡൗല്‍. അങ്ങനെ സംഭവിച്ചാല്‍ അത് മണ്ടത്തരമാവുമെന്ന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സൈമണ്‍. ശുബ്മാനെയല്ല കെ എല്‍ രാഹുലിനെയാണ് ഇന്ത്യ പരിഗണിക്കേണ്ടതെന്നാണ് സൈമണ്‍ പറയുന്നത്.
അതിന്റെ കാരണവും സൈമണ്‍ പറയുന്നുണ്ട്. 'ടി20 ലോകകപ്പിലേക്ക് 15 അംഗ ടീമിനെയാണ് പരിഗണിക്കുക. എന്റെ അഭിപ്രായത്തില്‍ ഇത് 18 അംഗ ടീമാകണം. എന്നാല്‍ ടീം തിരഞ്ഞെടുക്കുമ്പോള്‍ ടോപ് ഓഡറിലേക്ക് ഒരു അധിക ബാറ്റ്‌സ്മാനെ മാത്രമാണ് പരിഗണിക്കേണ്ടത്. കെ എല്‍ രാഹുലിനെപ്പോലൊരു താരത്തെയാണ് ഇന്ത്യക്കാവശ്യം. കാരണം അവന്‍ വിക്കറ്റ് കീപ്പറുമാണ്. അതൊരു വലിയ ബോണസാണ്. ടോപ് ഓഡറില്‍ പകരക്കാരന്റെ റോളില്‍ രാഹുലിനെയാണ് വേണ്ടത്.

ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കേണ്ട. ശുബ്മാന്‍ ജയ്‌സ്വാളിനേയോ രോഹിത്തിനേയോ കോലിയേയോ മറികടന്ന് അവസരം ലഭിക്കുന്നവനല്ല. ശുബ്മാന്‍ വിക്കറ്റ് കീപ്പറുമല്ല'- സൈമണ്‍ പറഞ്ഞു. ഓപ്പണിങ്ങിലോ മൂന്നാം നമ്പറിലോ കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ശുബ്മാന്‍. എന്നാല്‍ നിലവില്‍ ഈ രണ്ട് റോളിലും ശുബ്മാനെ കളിപ്പിക്കാനാവില്ല. ഓപ്പണിങ്ങില്‍ ശുബ്മാനെക്കാള്‍ പിന്തുണ ജയ്‌സ്വാളിനാവും ലഭിക്കുകയെന്നുറപ്പാണ്.
ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തിയതുമുതല്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. 16 ഇന്നിങ്‌സില്‍ നിന്ന് 502 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 161.93 സ്‌ട്രൈക്ക് റേറ്റില്‍ കസറുന്ന താരം ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമാണ് നേടിയത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശേഷിയുള്ള താരമാണ് ജയ്‌സ്വാള്‍. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരം പവര്‍പ്ലേയ്ക്കുള്ളില്‍ കളി മാറ്റുന്നു.
അതേ സമയം ശുബ്മാന്‍ അല്‍പ്പം പന്തുകള്‍ നേരിട്ട ശേഷം കടന്നാക്രമിച്ച് കളിക്കുന്ന താരമല്ല. എന്നാല്‍ ജയ്‌സ്വാളിനെക്കാള്‍ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശുബ്മാന് സാധിക്കില്ലെന്ന് തന്നെ പറയാം. വിരാട് കോലിക്ക് പകരക്കാരനായി ശുബ്മാനെ പരിഗണിക്കാനും യാതൊരു സാധ്യതയുമില്ല. ശുബ്മാനെ ഇന്ത്യ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയാലും പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.
വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെയെല്ലാം മറികടന്ന് റിഷഭ് പന്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ലോകകപ്പിലേക്കെത്തിയേക്കും. റിഷഭിനൊപ്പം സഞ്ജുവോ ജിതേഷോ ദ്രുവ് ജുറേലോ എത്താനാണ് സാധ്യത കൂടുതല്‍.