Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക് ടീം വിട്ടാല്‍ ജിടിയുടെ ക്യാപ്റ്റനാര്? ഈ അഞ്ച് പേരിലൊരാള്‍! ബെസ്റ്റ് ഈ താരം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ റിപ്പോര്‍ട്ടുകളിലേക്കാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതില്‍ എല്ലാവരേയും ഞെട്ടിപ്പിക്കാനൊരുങ്ങുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ച ഹാര്‍ദിക് അവസാന സീസണില്‍ ടീമിനെ റണ്ണറപ്പുകളുമാക്കിയിരുന്നു. എന്നാല്‍ 15 കോടിക്ക് തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് തിരിച്ചെത്തുമെന്നാണ് വിവരം.

രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക്കിന് കീഴില്‍ പുതിയ പദ്ധതികള്‍ മെനയാനൊരുങ്ങുകയാണ് മുംബൈ. എന്നാല്‍ ഹാര്‍ദിക് കൂടുമാറുന്നതോടെ ഗുജറാത്തിന്റെ നായകന്‍ ആരാണെന്ന് ചോദ്യം ഉയരും. ആശിഷ് നെഹ്‌റയെപ്പോലൊരു ബുദ്ധിമാനായ പരിശീലകന്‍ ഒപ്പമുള്ള ഗുജറാത്ത് ഹാര്‍ദിക്കിന്റെ കൂടുമാറ്റത്തെ ഭയക്കുന്നില്ല. ഹാര്‍ദിക് പോയാലും നായകനാവാന്‍ കെല്‍പ്പുള്ള മിടുക്കന്മാരായ താരങ്ങള്‍ ഗുജറാത്തിനൊപ്പമുണ്ട്.

ഗുജറാത്തിന് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം റാഷിദ് ഖാനാണ്. അഫ്ഗാന്‍ താരമാണ് നിലവില്‍ ഗുജറാത്തിന്റെ വൈസ് ക്യാപ്റ്റന്‍. ടി20യില്‍ വലിയ അനുഭവസമ്പത്തുള്ള റാഷിദ് നായകനെന്ന നിലയിലും അനുഭവസമ്പത്തുള്ള താരമാണ്. ഗംഭീര റെക്കോഡുള്ള റാഷിദിനെ പരിശീലകന്‍ നെഹ്‌റക്കും വിശ്വാസമാണ്. അതുകൊണ്ടുതന്നെ റാഷിദ് ഗുജറാത്തിന്റെ നായകനാവാന്‍ സാധ്യതയുണ്ട്.

രണ്ടാമത്തെ താരം ശുബ്മാന്‍ ഗില്ലാണ്. ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരം ഗില്ലാണ്. ഭാവി ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ഗില്‍ ഇതുവരെ നായക റോളിലേക്കെത്തിയിട്ടില്ല. എന്നാല്‍ 24കാരനായ താരം ഭാവിയില്‍ നായകസ്ഥാനത്തേക്ക് വളരാനും പ്രതിഭയുള്ളവനാണ്. സൂപ്പര്‍ താര പദവിയുള്ള ഗില്ലിനെയും ഗുജറാത്ത് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. അവസാന സീസണില്‍ ഗംഭീര പ്രകടനമാണ് ഗില്‍ ടീമിനായി കാഴ്ചവെച്ചത്.

rohit sharma, shubman gill

മൂന്നാമന്‍ കെയ്ന്‍ വില്യംസനാണ്. ന്യൂസീലന്‍ഡ് നായകനായ കെയ്ന്‍ വില്യംസണ്‍ ഗുജറാത്തിന്റെ ഭാഗമാണ്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തിലൂടെത്തന്നെ അദ്ദേഹം പുറത്തായി. ഇത്തവണ ടീമില്‍ സജീവമായി വില്യംസണുണ്ടാവും. സീനിയര്‍ താരമായ വില്യംസണിനെ നായകനാക്കാനും ഗുജറാത്ത് തയ്യാറായേക്കും. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും വില്യംസണ്‍ നയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വില്യംസണിലേക്കും ഗുജറാത്ത് എത്തിയേക്കും.

മധ്യനിരയിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഡേവിഡ് മില്ലറെയും ഗുജറാത്തിന് പരിഗണിക്കാം. സമ്മര്‍ദ്ദ ഘട്ടത്തിലടക്കം മിടുക്കുകാട്ടുന്ന ബാറ്റ്‌സ്മാനാണ് മില്ലര്‍. എന്നാല്‍ നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കില്ല. നേരത്തെ പഞ്ചാബ് കിങ്‌സിനെ മില്ലര്‍ നയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മില്ലറും ഗുജറാത്തിന് മുന്നിലുള്ള നായകനാണ്.

പാറ്റ് കമ്മിന്‍സാണ് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരാള്‍. ലേലത്തില്‍ കമ്മിന്‍സിനെ സ്വന്തമാക്കി നായകസ്ഥാനം ഏല്‍പ്പിക്കാവുന്നതാണ്. കമ്മിന്‍സിനെ ഒപ്പം കൂട്ടിയാല്‍ എക്‌സ്ട്രാ പേസറെക്കൂടി ഗുജറാത്തിന് ലഭിക്കും. ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കിരീടം ചൂടിച്ചാണ് കമ്മിന്‍സിന്റെ വരവ്. ഐപിഎല്ലില്‍ തല്ലുകൊള്ളി ബൗളറാണെങ്കിലും ബുദ്ധിമാനായ ക്യാപ്റ്റനാണ് കമ്മിന്‍സെന്ന് നിസംശയം പറയാം.

മറ്റൊരു നിര്‍ണ്ണായക നീക്കം ഹാര്‍ദിക്കിനെ മുംബൈക്ക് കൈവിടുമ്പോള്‍ മുംബൈയില്‍ നിന്ന് രോഹിത് ശര്‍മയെ സ്വന്തമാക്കുകയെന്നതാണ്. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച രോഹിത്തിനെ മുംബൈ കൈവിട്ടാല്‍ ഗുജറാത്തിന് അദ്ദേഹത്തെ സ്വന്തമാക്കാം. സമീപകാലത്തെ ഐപിഎല്ലിലെ പ്രകടനങ്ങള്‍ മോശമാണെങ്കിലും വെടിക്കെട്ട് തുടക്കം നല്‍കാന്‍ ഇപ്പോഴും രോഹിത്തിനാവും. ശുബ്മാന്‍ ഗില്ലിനൊപ്പം രോഹിത്തിനെ ഓപ്പണറാക്കാം.

രോഹിത്തിന്റെ നായക മികവില്‍ ആര്‍ക്കും സംശയവുമില്ല. നെഹ്‌റക്കൊപ്പം രോഹിത്തിന്റെ നായക മികവുകൂടി എത്തുമ്പോള്‍ വലിയ നേട്ടങ്ങളിലേക്ക് എത്താന്‍ ഗുജറാത്തിനായേക്കും. എന്തായാലും ഗുജറാത്തിന്റെ പദ്ധതി എന്താണെന്ന് ഇതുവരെ ടീം സൂചനകളൊന്നും തന്നിട്ടില്ല. എന്തായാലും ചില അപ്രതീക്ഷിത നീക്കങ്ങള്‍ ഗുജറാത്തില്‍ നിന്ന് പ്രതീക്ഷിക്കാം. അത് എന്താവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, November 25, 2023, 9:17 [IST]
Other articles published on Nov 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+