കൊല്‍ക്കത്ത: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഫിഫ്റ്റിയോടെ ടോപ്‌സ്‌കോററായെങ്കിലും വലിയ വിമര്‍ശനങ്ങളാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നേരിടുന്നത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ ശ്രേയസ് ടെസ്റ്റ് ശൈലിയില്‍ വളരെ സ്ലോ ബാറ്റിങ് കാഴ്ചവച്ച് കാണികളെ വെറുപ്പിച്ചാണ് ക്രീസ് വിട്ടത്. 36 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സുമടക്കം 50 റണ്‍സ് ശ്രേയസ് നേടിയെങ്കിലും ഒട്ടും ആകര്‍ഷകമായ ഇന്നിങ്‌സായിരുന്നില്ല അത്. ഈ സീസണിലെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം കണ്ടെത്തിയത്.
ടി20യുടെ ശൈലിക്കു ഒട്ടും അനുയോജ്യമല്ല ശ്രേയസിന്റെ സമീപനമെന്നും ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതാണ് നല്ലതെന്നും വിമര്‍ശകര്‍ തുറന്നടിക്കുന്നു. കളിയില്‍ വളരെ നേരത്തേ ശ്രേയസിനു ക്രീസിലെത്തേണ്ടായി വന്നിരുന്നു. പവര്‍പ്ലേയിലെ അവസാനത്തെ ബോളില്‍ ആന്‍ക്രിഷ് രഘുവംശി (3) പുറത്തായതോടെ ഏഴാം ഓവറില്‍ അദ്ദേഹം ബാറ്റിങിനെത്തി. കെകെആര്‍ അപ്പോള്‍ മൂന്നു വിക്കറ്റിനു 75 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. പക്ഷെ ശ്രേയസ് വന്നതോടെ കെകെആറിന്റെ സ്‌കോറിങ് വേഗത കുറയുകയായിരുന്നു.

വെങ്കടേഷ് അയ്യരെ (16) ഒമ്പതാം ഓവറില്‍ കൈവിട്ടതോടെ ഫിനിഷര്‍ റിങ്കു സിങ് ക്രീസിലേക്ക്. ശ്രേയസ് അപ്പോഴും സ്ലോ ബാറ്റിങ് തുടര്‍ന്നപ്പോള്‍ റിങ്കുവില്‍ മികച്ചൊരു ഇന്നിങ്‌സ് കെകെആര്‍ പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ റിങ്കുവിനു അതു സാധിച്ചില്ല. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 14ാം ഓവറിലെ ആദ്യ ബോളില്‍ അദ്ദേഹം പുറത്ത്.
കാമറൂണ്‍ ഗ്രീനെറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ രണ്ടു സിക്‌സറുകളൊക്കെ പായിച്ച് റിങ്കു ടോപ് ഗിയറിലേക്കു കയറാനുശള്ള ശ്രമത്തിലായിരുന്നു. പക്ഷെ ക്രീസിന്റെ മറുവശത്ത് ശ്രേയസിന്റെ (22 ബോളില്‍ 29) മെല്ലെപ്പോക്ക് കാരണം റിസ്‌ക്കി ഷോട്ടുകള്‍ കളിക്കാന്‍ റിങ്കു നിര്‍ബന്ധിതനാവുകയായിരുന്നു. ഇതു പുറത്താവലില്‍ കലാശിക്കുകയും ചെയ്തു.
ലെഗ് സ്റ്റംപ് ഏരിയയില്‍ ഒരു സ്ലോ ലെഗ് കട്ടറായിരുന്നു റിങ്കുവിനെതിരേ ഫെര്‍ഗൂസന്‍ പരീക്ഷിച്ചത്. റിങ്കു വലിയൊരു ഷോട്ടിനു തുനിഞ്ഞെങ്കിലും പ്രതീക്ഷിച്ചതു പോലെ അതു കണക്ടായില്ല. ഷോര്‍ട്ട് ഫൈന്‍ ലെഗ് ഏരിയയില്‍ യഷ് ദയാലിനു ക്യാച്ച് സമ്മാനിക്കുകയും ചെയ്തു. 16 ബോളില്‍ 24 റണ്‍സാണ് റിങ്കുവിനു നേടാനായത്. തട്ടിയും മുട്ടിയും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയ ശ്രേയസ് ഒടുവില്‍ 35 ബോളില്‍ ഫിഫ്റ്റിയും തികച്ചു.

അടുത്തടുത്ത ബോളില്‍ ഓരോ സിക്‌സറും ഫോറുമടിച്ചായിരുന്നു താരത്തിന്റെ ഫിഫ്റ്റി. ഇതു മാറ്റിനിര്‍ത്തിയാല്‍ വളരെ വിരസമായ ബാറ്റിങാണ് കെകെആര്‍ നായകന്‍ കാഴ്ചവച്ചത്. അടുത്ത ഓവറില്‍ തന്നെ ശ്രേയസ് പുറത്താവുകയും ചെയ്തു. അതിനു ശേഷമാണ് കെകെആറിന്റെ സ്‌കോറിങിനു വേഗയും വര്‍ധിച്ചത്. 19ാം ഓവറില്‍ 20ഉം 20ാം ഓവറില്‍ 16ഉം റണ്‍സ് അടിച്ചെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ശ്രേയസിനെ വിമര്‍ശിച്ചിരിക്കുകയാണ്. ശ്രേയസ് അയ്യരുടെ ബാറ്റിങ് കാണുകയെന്നത് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. വലിയ ഷോട്ടുകള്‍ കളിക്കാനോ, അഗ്രസീവായി ബാറ്റ് ചെയ്യാനോയുള്ള യാതൊരു ഉദ്ദേശവും അദ്ദേഹത്തില്‍ നിന്നും കണ്ടില്ലെന്നും വിരമര്‍ശകര്‍ തുറന്നടിക്കുന്നു.
അതേസമയം, ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 223 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ആര്‍സിബിക്കു കെകെആര്‍ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ ആറു വിക്കറ്റിനു 222 റണ്‍സ് നേടുകയായിരുന്നു. ശ്രേയസിന്റെ ഫിഫ്റ്റിയേക്കാള്‍ മികച്ചുനിന്നത് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു. വെറും 14 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമടക്കം 48 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്. വാലറ്റത്ത് രമണ്‍ദീപ് സിങിന്റെ (ഒമ്പത് ബോളില്‍ 24*) മികച്ച ഫിനിഷിങും കെകെആറിനു കരുത്തായി.