കൊല്‍ക്കത്ത: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഗംഭീര ജയത്തോടെ ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. തൊട്ടുമുമ്പത്തെ കളിയില്‍ 261 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പഞ്ചാബ് കിങ്‌സിനോടുപ കെകെആര്‍ തോറ്റിരുന്നു. ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് ഡിസിക്കെതിരേ കെകെആര്‍ കാഴ്ചവച്ചത്. ബൗളിങ് നിര മിന്നിച്ചപ്പോള്‍ ഏഴു വിക്കറ്റിന്റെ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.
ഈ മല്‍സരശേഷം തങ്ങളുടെ തുറുപ്പുചീട്ടായ വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെക്കുറിച്ച് രസകരമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ശ്രേയസ്. ടീം മീറ്റിങുകളില്‍ നരെയ്ന്‍ പങ്കെടുക്കാറില്ലെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ അദ്ദേഹത്തെ തങ്ങള്‍ 'വിലക്കി'യിരിക്കുകയാണെന്നുമാണ് കെകെആര്‍ നായകന്‍ പറഞ്ഞിരിക്കുന്നത്. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

ഈ സീസണില്‍ ഓപ്പണിങിലേക്കു വീണ്ടും പ്രൊമോട്ട് ചെയ്യപ്പെട്ട ശേഷം തട്ടുപൊളിപ്പന്‍ പ്രകടനമാണ് നരെയ്ന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ കെകെആറിന്റെ തുറുപ്പുചീട്ടായി നരെയ്ന്‍ മാറിയിരിക്കുകയാണ്. സീസണില്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളതും അദ്ദേഹം തന്നെയാണ്.
ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 372 റണ്‍സാണ് നരെയ്‌ന്റെ സമ്പാദ്യം. 41.33 ശരാശരിയില്‍ 182.35 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. പക്ഷെ ഡിസിയുമായുള്ള അവസാന കളിയില്‍ നരെയ്‌ന് കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. 10 ബോളില്‍ 15 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.
ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഫില്‍ സാള്‍ട്ട് എല്ലായ്‌പ്പോഴും ടീം മീറ്റിങുകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും നരെയ്ന്‍ വിട്ടുനില്‍ക്കുകയാണ് ചെയ്യാറുള്ളതെന്നു ശ്രേയസ് വ്യക്തമാക്കി. ടീം മീറ്റിങ്ങുകളിലൊന്നും നരെയ്‌നെ കാണാന്‍ സാധിക്കാറില്ല. പക്ഷെ സാള്‍ട്ട് എല്ലായ്‌പ്പോഴും അവിടെയുണ്ടാവും.തന്റേതായ നിര്‍ദേശങ്ങള്‍ പറയുകയും ചെയ്യാറുണ്ട്.
ക്രീസിലെത്തിയ ശേഷം ഈ തരത്തിലുള്ള പ്രകടനങ്ങള്‍ സാള്‍ട്ട് നടത്തുന്നതു കാണുമ്പോള്‍ വളരെയധികം സന്തോഷവും തോന്നാറുണ്ട്. നരെയ്ന്‍ ടീം മീറ്റിങുകളില്‍ പങ്കെടുത്താല്‍ അദ്ദേഹത്തിനു അതിനു സാധിക്കില്ല. അതുകൊണ്ടു തന്നെ ടീം മീറ്റിങുകളില്‍ പങ്കെടുക്കണമെന്നു നരെയ്‌നോടു ഞാന്‍ ആവശ്യപ്പെടില്ലെന്നും ശ്രേയസ് വിശദമാക്കി.
ഡിസിയുമായുള്ള മല്‍സരത്തിലെ പിച്ച് താാന്‍ പ്രതീക്ഷിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരമൊരു പിച്ച് ഈ മല്‍ത്തില്‍ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിതല്ല. അവസാനമായി ഇവിടെ നടന്നിട്ടുള്ള കുറച്ചു മല്‍സരങ്ങളെടുത്താല്‍ 200 റണ്‍സായിരുന്നു ശരാശരി സ്‌കോര്‍.

പവര്‍പ്ലേയ്ക്കു ശേഷം സ്പിന്നര്‍മാരെ പിച്ച് സഹായിക്കാന്‍ തുടങ്ങി. ബോള്‍ അല്‍പ്പം ഒട്ടുന്നുമുണ്ടായിരുനന്നു. പിച്ചിന്റെ സ്വഭാവം എങ്ങനൊയിരുന്നുവെന്നും അതിനെ എങ്ങനെ ടാക്കിള്‍ ചെയ്യാമെന്നുമുള്ള വ്യക്തമായ ഐഡിയ തങ്ങള്‍ക്കുണ്ടായിരുന്നതായും ശ്രേയസ് പറയുന്നു.
മൂന്നു വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ശ്രേയസ് പ്രശംസിക്കുകയും ചെയ്തു. അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ വരുണിനു തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. വിക്കറ്റിനെക്കുറിച്ച് വിലയിരുത്തിയ അവന്‍ ഞങ്ങള്‍ക്കു ചില ഇന്‍പുട്ടുകളും നല്‍കിയിരുന്നു. ഈ കളിയില്‍ വരുണിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.