ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തിലെ തീപ്പൊരി ഫിഫ്റ്റിക്കു ശേഷം ഒരു വമ്പന്‍ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വെടിക്കെട്ട് താരം ശിവം ദുബെ. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 23 ബോളില്‍ വാരിക്കൂട്ടിയത് 51 റണ്‍സാണ്. അഞ്ചു സിക്‌സറും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. സിഎസ്‌കെ 63 റണ്‍സിന്റെ ആധികാരിക വിജയം കൊയ്ത കളിയില്‍ ദുബെ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു.
സിക്‌സറുകളുടെ കാര്യത്തിലാണ് അദ്ദേഹം കിടിലന്‍ നേട്ടം കുറിച്ചത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ നേട്ടത്തിലാണ് ദുബെയും പങ്കാളിയായത്. 2022 മുതലുള്ള ഐപിഎല്ലിലെ കണക്കെടുത്താല്‍ ഏഴു മുതല്‍ 15 വരെയുള്ള ഓവറുകൾക്കിടെ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡ് നേരത്തേ സഞ്ജുവിനായിരുന്നു. 36 സിക്‌സറുകളാണ് അദ്ദേത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

ജിടിയുമായുള്ള കളിയില്‍ ഇറങ്ങുന്നതിനു മുമ്പ് 32 സിക്‌സറുകളോടെ രണ്ടാംസ്ഥാനത്തായിരുന്നു ദുബെ. ഈ കളിയില്‍ അഞ്ചു സിക്‌സറുകള്‍ കുറിച്ചതോടെ അദ്ദേഹം സഞ്ജുവിനൊപ്പമെത്തുകയായിരുന്നു. ദുബെയുടെ അഞ്ചു സിക്‌സറുകളില്‍ നാലും 7-15 ഓവറുകള്‍ക്കിടെയായിരുന്നു. ഇതോടെയാണ് 36 സിക്‌സറുകളുമായി അദ്ദേഹം സഞ്ജുവിനൊപ്പം ഒന്നാംസ്ഥാനത്തില്‍ പങ്കാളിയായത്.
ദുബെയും സഞ്ജുവും കഴിഞ്ഞാല്‍ ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ്. 29 സിക്‌സറുകളാണ് അദ്ദേഹം 7-15 ഓവറുകള്‍ക്കിടെ നേടിയിട്ടുള്ളത്.
11ാമത്തെ ഓവറിലെ ആദ്യത്തെ ബോളില്‍ അജിങ്ക്യ രഹാനെയുടെ പുറത്താവലിനെ തുടര്‍ന്നാണ് ദുബെ ക്രീസിലെത്തിയത്. സ്പിന്നര്‍ സായ് കിഷോറിനെതിരേ കയറിയടിക്കാന്‍ ശ്രമിച്ച രഹാനെയെ (12) വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ സ്റ്റംപ് ചെയ്യുകയായിരുന്നു. ക്രീസിലെത്തിയ ദുബെ സമയം പാഴാക്കിയില്ല. ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചാണ് അദ്ദേഹം തുടങ്ങിയത്.
ഓഫ്സ്റ്റംപ് ലക്ഷ്യമിട്ടെത്തിയ ബോള്‍ ദുബെ ലോങ് ഓണിനു മുകളിലൂടെ സിക്‌സറിലേക്കു പായിക്കുകയായിരുന്നു. 87 മീറ്ററാണ് ഈ സിക്‌സറിന്റെ ദൈര്‍ഘ്യം. അടുത്ത ബോളില്‍ ദുബെയുടെ മറ്റൊരു സിക്‌സര്‍. ഇത്തവണ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയാണ് ബോള്‍ സിക്‌സറിലേക്കു പറന്നത്. 14ാം ഓവറിലെ അവസാനത്തെ ബോളില്‍ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ സിക്‌സര്‍ പിറന്നു.

അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. പിച്ച് ചെയ്ത ശേഷം ഓഫ്സ്റ്റ്ംപിലേക്കു വന്ന ബോള്‍ മുന്നോട്ട് ആഞ്ഞ് ദുബെ ലോങ് ഓണിനു മുകളിലൂടെ സിക്‌സറിലേക്കു പായിക്കുകയായിരുന്നു. അടുത്ത ഓവറില്‍ (15) ദുബെയുടെ നാലാമത്തെ സിക്‌സറും വന്നു. ഇതോടെ 36 സിക്‌സറുകളെന്ന സഞ്ജുവിന്റെ റെക്കോര്‍ഡിനൊപ്പവുമെത്തി.
പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സനായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. അഞ്ചാമത്തെ ബോളിലായിരുന്നു ദുബെയുടെ സിക്‌സര്‍. 134.5 കിമി വേഗതയില്‍ വന്ന ബോള്‍ ദുബെ തകര്‍പ്പനൊരു ഷോട്ടിലൂടെ സിക്‌സറിലെത്തിക്കുകയായിരുന്നു. കളിയില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും സിക്‌സര്‍ 18ാം ഓവറിലായിരുന്നു. മീഡിയം പേസര്‍ മോഹിത് ശര്‍മയ്‌ക്കെതിരേയായിരുന്നു ഇത്.
ഈ സിക്‌സര്‍ 15 ഓവറിനുള്ളില്‍ ആയിരുന്നെങ്കില്‍ 37ാം സിക്‌സറോടെ സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് ദുബെ തലപ്പത്തേക്കു കയറുമായിരുന്നു. എങ്കിലും ഒന്നാംസ്ഥാനത്തിനു വേണ്ടി ദുബെയും സഞ്ജുവും തമ്മിലുള്ള പോര് മുറുകുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അടുത്ത മല്‍സരത്തില്‍ ദുബെയെ പിന്തള്ളി സഞ്ജു മുന്നില്‍ കയറുമോയെന്നാണ് ഇനി അറിയാനുള്ളത്.