കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 28ാം മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഷമാര്‍ ജോസഫ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പേസ് നിരയില്‍ ഉള്‍പ്പെട്ട വെസ്റ്റ് ഇന്‍ഡീസ് പേസറില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും ആദ്യ ഓവറില്‍ത്തന്നെ താരം നിരാശപ്പെടുത്തിയിരിക്കുകയാണ്. ഒരു പന്തില്‍ 15 റണ്‍സടക്കം വിട്ടുകൊടുത്ത് നാണക്കേടിന്റെ റെക്കോഡിലേക്കുമാണ് ഷമാര്‍ ജോസഫ് പേര് ചേര്‍ത്തിരിക്കുന്നത്.
ആദ്യ ഓവറില്‍ത്തന്നെ അതിവേഗ പന്തുകളെറിയാന്‍ ഷമാറിന് സാധിച്ചെങ്കിലും മികച്ച ലൈനും ലെങ്തുമില്ലാതെ തല്ലുവാങ്ങിയെന്നതാണ് വസ്തുത. മികച്ച രീതിയിലാണ് ഷമാര്‍ തുടങ്ങിയത്. ആദ്യത്തെ അഞ്ച് പന്തില്‍ താരം വിട്ടുകൊടുത്തത് 8 റണ്‍സ് മാത്രമാണ്. എന്നാല്‍ അവസാന പന്ത് എറിഞ്ഞ് ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും നാണക്കേടിന്റെ റെക്കോഡിലേക്ക് ഷമാറിന് പേരു ചേര്‍ക്കേണ്ടി വന്നു. അഞ്ചാം പന്ത് നോബോളായി. ഫ്രീ ഹിറ്റായ പന്ത് എറിഞ്ഞപ്പോള്‍ സമ്മര്‍ദ്ദത്തിലായ ഷമാര്‍ പന്ത് വൈഡാക്കി.

ലെഗ്‌സൈസിലൂടെ കടന്ന് പോയ പന്ത് വിക്കറ്റ് കീപ്പറേയും മറികടന്ന് ബൗണ്ടറിയിലേക്ക്. അഞ്ച് റണ്‍സ് കെകെആറിന് വെറുതേ ലഭിച്ചു. അടുത്ത പന്ത് നോബോളാക്കിയ താരം വീണ്ടും കെകെആറിന് ഫ്രീ ഹിറ്റ് അവസരം നല്‍കി. ഈ പന്ത് സിക്‌സര്‍ പറത്തിയാണ് ഫില്‍ സാള്‍ട്ട് ഷമാര്‍ ജോസഫിനെ നാണക്കേടിലേക്ക് തള്ളിവിട്ടത്. ആദ്യ ഓവറില്‍ 22 റണ്‍സാണ് ഷമാര്‍ വിട്ടുകൊടുത്തത്. 10 പന്തുകളാണ് ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ ഷമാര്‍ എറിഞ്ഞത്.
എന്നാല്‍ തളര്‍ന്ന ഷമാറിനെ നായകന്‍ കെ എല്‍ രാഹുല്‍ കൈ തോളിലിട്ടാണ് ആശ്വസിപ്പിച്ചത്. അഞ്ചാം ഓവറില്‍ ഷമാറിനെ വീണ്ടും പന്തേല്‍പ്പിച്ചപ്പോള്‍ അഞ്ച് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.
ഏഴാം ഓവറില്‍ 10 റണ്‍സാണ് ഷമാര്‍ വഴങ്ങിയത്. വിക്കറ്റ് നേടാനുള്ള അവസരം ഷമാറിന് ലഭിച്ചെങ്കിലും ഫീല്‍ഡര്‍മാര്‍ ഒപ്പം നില്‍ക്കാത്തതാണ് താരത്തിന് തിരിച്ചടിയായത്. ഫില്‍ സാള്‍ട്ടിനെ പുറത്താക്കാനുള്ള അവസരം ഷമാര്‍ ഒരുക്കിയതാണ്. എന്നാല്‍ മൊഹ്‌സിന്‍ ഖാന്‍ ക്യാച്ച് വിട്ടു.
ഷമാറിന്റെ 3 ഓവറില്‍ 3 ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. എന്തായാലും മറക്കാനാഗ്രഹിക്കുന്ന അരങ്ങേറ്റമാണ് ഷമാറിന് ലഭിച്ചിരിക്കുന്നത്. 4 ഓവറില്‍ 47 റണ്‍സ് വഴങ്ങിയ താരത്തിന് 1 വിക്കറ്റ് പോലും നേടാനായില്ല. 11.75 എന്ന മോശം ഇക്കോണമിയിലാണ് ഷമാര്‍ ജോസഫിന്റെ പ്രകടനം. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ പ്രതിഭയുള്ള താരമാണ് ഷമാര്‍. അതുകൊണ്ടുതന്നെ അടുത്ത മത്സരങ്ങളിലൂടെ ഷമാര്‍ ഗംഭീര തിരിച്ചുവരവ് നടത്തിയേക്കും.
കൊല്‍ക്കത്തയിലെ ബാറ്റിങ് പിച്ചില്‍ ലഖ്‌നൗവിന്റെ ബാറ്റിങ് നിരക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ക്വിന്റന്‍ ഡീകോക്ക് (10), ദീപക് ഹൂഡ (8) എന്നിവര്‍ നിരാശപ്പെടുത്തി. കെ എല്‍ രാഹുല്‍ 27 പന്തില്‍ 39 റണ്‍സടിച്ചപ്പോള്‍ ആയുഷ് ബദോനി 27 പന്തില്‍ 29 റണ്‍സാണ് നേടിയത്.
മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ലഖ്‌നൗ നിരയില്‍ ആര്‍ക്കുമായില്ല. നിക്കോളാസ് പുരാന്റെ വെടിക്കെട്ടാണ് ടീം സ്‌കോര്‍ 150 കടത്തിയത്. 32 പന്ത് നേരിട്ട് 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 45 റണ്‍സാണ് പുരാന്‍ നേടിയത്.