ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫില്‍ സ്ഥാനം നഷ്ടമായ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ശക്തമായ തിരിച്ചുവരവിനാണ് കോപ്പ് കൂട്ടുന്നത്. 2022ലെ റണ്ണറപ്പായിരുന്ന സഞ്ജു സാംസണും സംഘവും കഴിഞ്ഞ തവണ അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു. വരാനിരിക്കുന്ന ലേലത്തില്‍ ചില മികച്ച കളിക്കാരെക്കൂടി ടീമിലെത്തിക്കാനായാല്‍ അടുത്ത സീസണില്‍ കിരീട ഫേവറിറ്റുകളിലൊന്നായി റോയല്‍സ് മാറും.
ലേലത്തിനു മുന്നോടിയായി ഒമ്പതു താരങ്ങളെ കൈവിട്ട റോയല്‍സ് നിലനിര്‍ത്തിയത് 16 പേരെയുമായിരുന്നു. യുവ താരം ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു അവര്‍ വില്‍ക്കുകയും ചെയ്തു. ഈ മാസം 19നു നടക്കാനിരിക്കുന്ന ലേലത്തില്‍ റോയല്‍സിനു പരമാവധി വാങ്ങിക്കാവുന്ന താരങ്ങള്‍ എട്ടു പേരാണ്.

ഇതില്‍ മൂന്നു പേര്‍ വിദേശ താരങ്ങളാവുകയും വേണം. 14.50 കോടി രൂപയാണ് റോയല്‍സിന്റെ പഴ്‌സില്‍ ബാക്കിയുള്ളത്. ലേലത്തില്‍ റോയല്‍സിനു ടീമിലേക്കു കൊണ്ടു വരാവുന്ന അഞ്ചു മികച്ച കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.
ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു എന്നിവരടങ്ങുന്ന വളരെ ശക്തമായ മുന്‍ നിരയാണ് റോയല്‍സിനുള്ളത്. പക്ഷെ മധ്യനിര അത്രത്തോളം ശക്തമല്ല. അതുകണ്ടു തന്നെ അവര്‍ക്കു നോട്ടമിടാവുന്ന ഒരാള്‍ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെലാണ്.
കഴിഞ്ഞ ലോകകപ്പില്‍ അദ്ദേഹം തകര്‍പ്പന്‍ ഫോമിലായിരുന്നു. സെമി ഫൈനലിലടക്കം ഇന്ത്യക്കെതിരായ രണ്ടു മല്‍സരങ്ങളിലും മിച്ചെല്‍ സെഞ്ച്വറി കുറിക്കുകയും ചെയ്തിരുന്നു. 2022ല്‍ അദ്ദേഹം റോയല്‍സിന്റെ ഭാഗമായിരുന്നെങ്കിലും മതിയായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.
ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്ററും തങ്ങളുടെ മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്താണ് റോയല്‍സിനു സ്വന്തമാക്കാവുന്ന രണ്ടാമത്തെ താരം. 2020ലെ സീസണിനു ശേഷം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട സ്മിത്തിനെ വീണ്ടും റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ കണ്ടാല്‍ അദ്ഭുതപ്പെടാനില്ല.
വളരെ മികച്ച മധ്യനിര ബാറ്ററായ അദ്ദേഹത്തിന്റെ മികവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. 2022ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു സ്മിത്ത്. കഴിഞ്ഞ സീസണിലാവട്ടെ അദ്ദേഹം വിട്ടുനില്‍ക്കുകയുമായിരുന്നു. ലേലത്തില്‍ രണ്ടു കോടി രൂപയാണ് ഇത്തവണ സ്മത്തിന്റെ അടിസ്ഥാന വില.
വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ മധ്യനിര ബാറ്റര്‍ റോവ്മന്‍ പവെലാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്ന അദ്ദേഹത്തെ അവര്‍ കൈവിട്ടിരിക്കുകയാണ്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ വന്നതാണ് പവെലിനു തിരിച്ചടിയായത്.

പക്ഷെ ടി20യില്‍ വളരെയധികം ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. 2022ലെ ഐപിഎല്ലില്‍ ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടിയ താരം കൂടിയാണ് പവെല്‍. അന്നു 22 സിക്‌സറുകളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്ററുമായ ഷാരൂഖ് ഖാനാണ് ലേലത്തില്‍ റോയല്‍സിനു ലക്ഷ്യമിടാവുന്ന നാലാമത്തെയാള്‍. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്ന അദ്ദേഹം അവിടെ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.
ലോവര്‍ ഓര്‍ഡര്‍ ബാറ്ററായ ഷാരൂഖ് കഴിഞ്ഞ തവണ 14 മല്‍സരങ്ങളില്‍ നിന്നും 165നു മുകളില്‍ സ്‌ട്രൈക്ക്‌റേറ്റില്‍ സ്‌കോര്‍ ചെയ്തത് 156 റണ്‍സായിരുന്നു. ഫിനിഷറുടെ റോളില്‍ റോല്‍സിനു വേണ്ടി മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനാവും.
ഈ ലിസ്റ്റിലെ അഞ്ചാമത്തെ താരം ഇംഗ്ലണ്ടിന്റെ മീഡിയം പേസ് ഓള്‍റൗണ്ടറായ ക്രിസ് വോക്‌സാണ്. നിലവിലെ റോയല്‍സ് ടീമില്‍ ഇങ്ങനെയൊരു താരത്തിന്റെ അഭാവം കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ വോക്‌സ് അവര്‍ക്കു നല്ലൊരു ഓപ്ഷനുമാണ്. വിക്കറ്റുകളെടുക്കുന്നതിനൊപ്പം ബാറ്റിങില്‍ വമ്പന്‍ സിക്‌സറുകള്‍ പറത്താനും കെല്‍പ്പുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്താനും വോക്‌സിനായിരുന്നു.