ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുന്നത്. ഇത്തവണത്തെ സീസണിന് ശേഷം ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. കൂടാതെ നിലവിലെ ടീമിനെ ഉപയോഗിച്ച് കപ്പടിക്കാനുള്ള അവസാന അവസരമാണിത്. അടുത്ത സീസണില്‍ മെഗാ താരലേലമാണ് നടക്കുന്നത്. ഇത്തവണ ഇതുവരെ കപ്പ് നേടാത്ത പല ടീമുകളും സജീവ കിരീട പ്രതീക്ഷയിലാണ്.
അതിലൊരു ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിഷഭ് പന്ത് നായകസ്ഥാനത്തേക്ക് ഇത്തവണ തിരിച്ചുവരുന്നുണ്ട്. റിക്കി പോണ്ടിങ് പരിശീലകസ്ഥാനത്തുള്ള ഡല്‍ഹി പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കപ്പിലേക്കെത്താന്‍ ഡല്‍ഹിക്കായിട്ടില്ല. ഇത്തവണ കന്നി കിരീടമാണ് ഡല്‍ഹി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഡല്‍ഹി നിര്‍ഭാഗ്യവാന്മാരുടെ നിരയാണ്. ടീമില്‍ തുടരുന്നവര്‍ക്ക് വലിയ വളര്‍ച്ചയുണ്ടാകില്ലെന്നതും കരിയറില്‍ തിരിച്ചടി നേരിടുന്നുവെന്നതുമാണ് വസ്തുത.
എന്നാല്‍ ഡല്‍ഹി ടീം വിട്ടവരില്‍ മിക്കവരും വലിയ കരിയറും നേടിയിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഗൗതം ഗംഭീറാണ് ഒന്നാമത്തെ താരം. ഡല്‍ഹി ടീമിന്റെ ഭാഗമായിരുന്നു ഇടം കൈയന്‍ ഓപ്പണറായ ഗംഭീര്‍. എന്നാല്‍ ഡല്‍ഹിയില്‍ കാര്യമായ വളര്‍ച്ച ഗംഭീറിനുണ്ടായില്ല. പക്ഷെ കെകെആറിലെത്തിയതോടെ ഗംഭീറിന്റെ കരിയര്‍ മാറി. കെകെആറിന്റെ നായകനായി കളിച്ച ഗംഭീര്‍ 2012, 2014 സീസണുകളില്‍ ടീമിനെ ചാമ്പ്യന്മാരുമാക്കി.
ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളായി ഗംഭീര്‍ വളര്‍ന്നത് ഡല്‍ഹി വിട്ടതിന് ശേഷമാണ്. രണ്ടാമത്തെ താരം ആന്‍ഡ്രേ റസലാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡല്‍ഹിക്കായി കളിച്ചിരുന്നപ്പോള്‍ പേരെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇന്നത്തെപ്പോലെ വമ്പനടിക്കാരനെന്ന പേരെടുക്കാന്‍ അന്ന് റസലിന് സാധിച്ചിരുന്നില്ല. എന്നാല്‍ കെകെആറിലേക്കെത്തിയതോടെ താരത്തിന്റെ കരിയര്‍ മാറി. ടി20യിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായി റസല്‍ വളര്‍ന്നു. കെകെആറിനൊപ്പം കിരീടവും ചൂടാന്‍ റസലിനായി.

മൂന്നാമത്തെ താരം രജത് ഭാട്ടിയയാണ്. ഓള്‍റൗണ്ടറായ രജത് ഭാട്ടിയ തുടക്ക സമയത്ത് ഡല്‍ഹിക്കായി കളിച്ചിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്താനോ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാനോ രജത്തിന് സാധിച്ചിരുന്നില്ല. അണ്‍ ക്യാപ്പഡ് ഇന്ത്യന്‍ താരമായ രജത് കെകെആറിലേക്ക് കൂടുമാറിയതോടെ ടീമിലെ സ്ഥിര സാന്നിധ്യമായി മാറി. മീഡിയം പേസുകൊണ്ട് പല പ്രമുഖരേയും കുടുക്കാന്‍ രജത്തിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിലെ അറിയപ്പെടുന്ന ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു രജത്.
ശിഖര്‍ ധവാനാണ് മറ്റൊരാള്‍. 2008ലെ പ്രഥമ സീസണില്‍ ഡല്‍ഹിക്കൊപ്പമായിരുന്നു ധവാന്‍. എന്നാല്‍ വേണ്ടത്ര അവസരം പോലും താരത്തിന് ലഭിച്ചിട്ടില്ല. പിന്നീട് മുംബൈ ഇന്ത്യന്‍സിനായും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും പഞ്ചാബ് കിങ്‌സിനായും കളിച്ച ധവാന്‍ ഇപ്പോള്‍ പഞ്ചാബിന്റെ നായകനാണ്. ഐപിഎല്ലിലെ പ്രധാന റണ്‍വേട്ടക്കാരിലൊകാളായ ധവാന്‍ ഹൈദരാബാദിനൊപ്പം കിരീടവും നേടിയിട്ടുണ്ട്.
യുവരാജ് സിങ്ങാണ് മറ്റൊരു താരം. 2015ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു യുവരാജ്. എന്നാല്‍ ഡല്‍ഹിക്കൊപ്പം കാര്യമായ പ്രകടനം നടത്താന്‍ യുവിക്കായിരുന്നില്ല. ഡല്‍ഹിയൊഴികെ മറ്റ് ടീമുകള്‍ക്കായി കളിച്ചപ്പോള്‍ നടത്തിയ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുവരാജിന്റെ ഡല്‍ഹിക്കൊപ്പമുള്ള പ്രകടനം മോശമായിരുന്നു. വീരേന്ദര്‍ സെവാഗ് പ്രഥമ സീസണില്‍ ഡല്‍ഹിയിലുണ്ടായിരുന്നു. ടീമിനൊപ്പം കാര്യമായ പ്രകടനം അദ്ദേഹം നടത്തിയില്ല.
എന്നാല്‍ പഞ്ചാബിനായി സെഞ്ച്വറിയടക്കം നേടി കസറാന്‍ സെവാഗിനായി. ഡേവിഡ് വാര്‍ണര്‍ ആദ്യ സമയത്ത് ഡല്‍ഹിക്കായി കളിച്ചിരുന്ന താരമാണ്. പിന്നീട് അദ്ദേഹം സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയതോടെ തലവര മാറി. 2016ല്‍ ഹൈദരാബാദിനെ കപ്പിലേക്കെത്തിച്ച നായകനാണ് വാര്‍ണര്‍. ഇപ്പോള്‍ വീണ്ടും വാര്‍ണര്‍ ഡല്‍ഹിയിലേക്കെത്തിയിട്ടുണ്ട്. എല്ലാ കാലത്തും താരസമ്പന്നമാണ് ഡല്‍ഹി ടീം. എന്നാല്‍ കപ്പിലേക്കെത്താന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ലെന്നതാണ് വസ്തുത.