മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് എബി ഡിവില്ലിയേഴ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം പല തവണ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഡിവില്ലിയേഴ്‌സ് വിരാട് കോലിക്കൊപ്പം റെക്കോഡ് കൂട്ടുകെട്ടും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ് ഡിവില്ലിയേഴ്‌സ്. ഐപിഎല്ലില്‍ പരിശീലക റോളിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.
ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന ഡിവില്ലിയേഴ്‌സ് ഒരിക്കല്‍ തന്റെ ഡ്രീം ഐപിഎല്‍ 11 തിരഞ്ഞെടുത്തിരുന്നു. ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടതെന്ന് അറിയാമോ? പരിശോധിക്കാം. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയേയും രോഹിത് ശര്‍മയേയുമാണ് ഡിവില്ലിയേഴ്‌സ് പരിഗണിച്ചത്. രണ്ട് പേരും വെടിക്കെട്ട് ഓപ്പണര്‍മാരാണ്. ഇരുവരും ഒന്നിച്ച് ഓപ്പണ്‍ ചെയ്യുന്നത് കാണാന്‍ എല്ലാ ക്രിക്കറ്റ് ആരാധകരും ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ല.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരായിരുന്നു സെവാഗും രോഹിത്തും. രണ്ട് പേര്‍ക്കും മികച്ച റെക്കോഡും അവകാശപ്പെടാം. ഡിവില്ലിയേഴ്‌സ് ക്രിസ് ഗെയ്‌ലിനെ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സര്‍ പറത്തിയ താരമാണ് ഗെയ്ല്‍. മൂന്നാം നമ്പറില്‍ ഡിവില്ലിയേഴ്‌സിന്റെ ആര്‍സിബിയിലെ സഹതാരമായ കോലിയാണ്. രണ്ട് പേരും ചേര്‍ന്ന് സൃഷ്ടിച്ച റെക്കോഡുകളില്‍ പലതും ഐപിഎല്ലില്‍ ഇതുവരെ തകര്‍ക്കപ്പെടാത്തതാണ്.
വിരാട് കോലി ആര്‍സിബിയില്‍ ഓപ്പണറായിരുന്നെങ്കിലും മൂന്നാം നമ്പറിലാണ് ഡിവില്ലിയേഴ്‌സ് പരിഗണിച്ചത്. നാലാം നമ്പറില്‍ ഡിവില്ലിയേഴ്‌സ് അദ്ദേഹത്തിന്റെ പേരുതന്നെയാണ് നിര്‍ദേശിച്ചത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന ഡിവില്ലിയേഴ്‌സ് ബൗളര്‍മാരുടെ പേടി സ്വപ്‌നമാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കുന്ന ഡിവില്ലിയേഴ്‌സ് മധ്യനിരയില്‍ ഗംഭീര റെക്കോഡുള്ള താരമാണ്.

മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാക്കപ്പ് താരങ്ങളായി കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തുമാണ് വരേണ്ടതെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. അഞ്ചാം നമ്പറില്‍ ബെന്‍ സ്റ്റോക്‌സിനെയാണ് ഡിവില്ലിയേഴ്‌സ് പരിഗണിച്ചത്. ഐപിഎല്ലില്‍ ഭേദപ്പെട്ട റെക്കോഡ് ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ക്കുണ്ട്. എന്നാല്‍ പരിക്ക്മൂലം പല സീസണുകളിലും അദ്ദേഹം കളിച്ചില്ല. ഇത്തവണത്തെ സീസണില്‍ സ്റ്റോക്‌സ് കളിക്കുന്നില്ല. ആറാം നമ്പറില്‍ എംഎസ് ധോണിയാണ്.
സിഎസ്‌കെ നായകനായ ധോണിയാണ് ഡിവില്ലിയേഴ്‌സിന്റെ സ്വപ്ന 11ന്റെ ക്യാപ്റ്റന്‍. അഞ്ച് തവണ സിഎസ്‌കെയെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ധോണി. ഫിനിഷറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മികച്ച റെക്കോഡുള്ള ധോണിക്ക് കീഴില്‍ അവസാന സീസണിലും സിഎസ്‌കെ കപ്പടിച്ചിരുന്നു. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ സിഎസ്‌കെയ്‌ക്കൊപ്പം കസറുന്നുണ്ട്.
അവസാന സീസണില്‍ സിഎസ്‌കെ കപ്പടിച്ചത് ജഡേജക്ക് കീഴിലാണ്. എട്ടാം നമ്പറില്‍ റാഷിദ് ഖാനാണ് അവസരം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 സ്പിന്നറാണ് റാഷിദ്. ഐപിഎല്ലിലും തകര്‍പ്പന്‍ റെക്കോഡ് റാഷിദിന് അവകാശപ്പെടാം. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലായിരുന്ന റാഷിദ് ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിലാണ്. ഒമ്പതാം നമ്പറില്‍ പേസറായി ഭുവനേശ്വര്‍ കുമാറാണുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഭുവിയുടെ സ്വിങ് ഡിവില്ലിയേഴ്‌സിനെ പ്രയാസപ്പെടുത്തിയിരുന്നു.
ഡിവില്ലിയേഴ്‌സ് നേരിടാന്‍ ഭയപ്പെട്ടിരുന്ന ബൗളര്‍മാരിലൊരാളാണ് ഭുവി. ഇത്തവണയും ഹൈദരാബാദിനൊപ്പം ഭുവനേശ്വറുണ്ട്. 10ാം നമ്പറില്‍ പഞ്ചാബ് കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയാണുള്ളത്. അതിവേഗ പേസറായ റബാഡക്ക് ടി20യില്‍ മികച്ച റെക്കോഡ് തന്നെ അവകാശപ്പെടാനാവും. സ്ഥിരതയോടെ 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ റബാഡക്ക് സാധിക്കും. 11ാമന്‍ ജസ്പ്രീത് ബുംറയാണ്.
മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പേസറായ ബുംറക്ക് മുന്നിലും ഡിവില്ലിയേഴ്‌സ് പ്രയാസപ്പെട്ടിട്ടുണ്ട്. ബുംറയുടെ യോര്‍ക്കറുകള്‍ നേരിടാന്‍ ഡിവില്ലിയേഴ്‌സിന് എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ ബുംറയേയും ഡിവില്ലിയേഴ്‌സ് തന്റെ ഡ്രീം 11ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.