ഐപിഎല്ലിലെ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു റണ്‍മെഷീന്‍ വിരാട് കോലിക്കു പിന്തുണയുമായി പാകിസ്താന്‍ മുന്‍ പേസ് ഇതിഹാസം വസീം അക്രം. ഈ വിവാദങ്ങളെല്ലാം അനാവശ്യമാണെന്നും കോലിയുടെ ബാറ്റിങില്‍ ഒരു കുഴപ്പവുമില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവച്ചു കൊണ്ടിരിക്കുന്ന താരമാണ് കോലി.
11 മല്‍സരങ്ങളില്‍ നിന്നും 542 റണ്‍സുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയാണ് താരം. ചില മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. പവര്‍പ്ലേയില്‍ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കോലിക്കു സാധിക്കുന്നുണ്ടെങ്കിലും മധ്യ ഓവറുകളില്‍ സ്‌കോറിങിന്റെ വേഗത കുറയുന്നതായും ഇതു ടി20 ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയാവുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

148.08 സ്‌ട്രൈക്ക് റേറ്റിലാണ് ഈ ഐപിഎല്ലില്‍ കോലി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും അദ്ദേഹം നേടിക്കഴിഞ്ഞു. 48 ഫോറുകളും 24 സിക്‌സറുകളും കോലി പായിക്കുകയും ചെയ്തിട്ടുണ്ട്. തികച്ചും അനാവശ്യമായാണ് സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ കോലി വിമര്‍ശിക്കപ്പെടുന്നത് എന്നാണ് അക്രത്തിന്റെ അഭിപ്രായം.
എന്തു തരത്തിലുള്ള വിമര്‍ശനമാണ് വിരാട് നേരിട്ടു കൊണ്ടിരിക്കുന്നത്? ഒരു താരം 150 സ്‌ട്രൈക്ക് റേറ്റില്‍ സെഞ്ച്വറി നേടുന്നുണ്ടെങ്കില്‍ അതില്‍ എന്താണ് പ്രശ്‌നം? ടീം (ആര്‍സിബി) ജയിച്ചുകൊണ്ടിരുന്നാല്‍ വിമര്‍ശനങ്ങള്‍ ഒരിക്കലുമുണ്ടാവില്ല. ആര്‍സിബിയുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ കോലിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദം തന്നെയാണുള്ളതെന്നും അക്രം വ്യക്തമാക്കി.
ആര്‍സിബിക്കു വേണ്ടി വിരാട് കോലി സ്‌കോര്‍ ചെയ്യുന്നുണ്ട്. പക്ഷെ ഒരു താരത്തിനു മല്‍സരം ജയിപ്പിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തെ വിമര്‍ശിക്കുന്നത് അനാവശ്യമായിട്ടാണ്. ഇതു ശരിയായ കാര്യമല്ല. ദീര്‍ഘകാലത്തേക്കു നോക്കിയാല്‍ കോലിയില്‍ ഇനിയുമൊരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. 16 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഐപിഎല്ലില്‍ എന്തുകൊണ്ടാണ് തങ്ങളുടെ പ്രകടനത്തിന്‍ സ്ഥിരത ഇല്ലാത്തതെന്നു ആര്‍സിബി ചിന്തിക്കണം. അവരുടെ ബാറ്റിങിനു കുഴപ്പമില്ല. പക്ഷെ ബൗളിങ് ദുര്‍ബലമാണെന്നും അക്രം വിലയിരുത്തി.

ചില ആളുകള്‍ പറയുന്നത് ഗ്രൗണ്ട് ചെറുതാണെന്നാണ്. പക്ഷെ അതു നിങ്ങള്‍ക്കു നേരത്തേ തന്നെ അറിയാവുന്നതാണ്. കളിക്കാരെ തിരഞ്ഞെടുക്കുന്നത് അതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുകയും വേണം. 1987ല്‍ ഞാന്‍ ടെസ്റ്റ് കളിച്ചിട്ടുള്ള അതേ ഗ്രൗണ്ട് തന്നെയാണിത്. ഇപ്പോഴും ആ ഗ്രൗണ്ടാണിതെന്നും അക്രം പറയുന്നു. ആധുനിക ടി20 ക്രിക്കറ്റില്‍ ആങ്കര്‍മാരുടെ റോള്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് ഈ ഐപിഎല്‍ തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സീസണിലെ ഐപിഎല്ലിലേക്കു നിങ്ങള്‍ നോക്കൂ. ബാറ്റിങില്‍ ആങ്കര്‍മാരുടെ റോള്‍ ഇല്ലാതായി കഴിഞ്ഞുവെന്നാണ് തോന്നുന്നത്. 270 റണ്‍സുകള്‍ ടീമുകള്‍ നേടുന്നത് കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. സ്‌ട്രൈക്ക് റേറ്റ് 150 ഉണ്ടെങ്കില്‍ പോലും ആങ്കറുടെ റോളില്‍ കളിക്കുന്ന ബാറ്റര്‍ സ്ലോയാണെന്നാണ് ആളുകള്‍ പറയുന്നത്. പിച്ചുകളും പ്രകടനങ്ങളും നോക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. ആദ്യത്തെ ബോള്‍ മുതല്‍ നിങ്ങള്‍ക്കു അടിച്ചേ തീരൂ. പിന്നീട് അതു നിര്‍ത്താനും പാടില്ലെന്നും അക്രം നിരീക്ഷിച്ചു.