അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കൊപ്പം അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മിന്നിച്ച യുവതാരം സര്‍ഫറാസ് ഖാന് ഐപിഎല്ലിന്റെ പുതിയ സീസണില്‍ കളിക്കാന്‍ അവസരമൊരുങ്ങന്നു. വരാനിരിക്കുന്ന 17ാം സീസണില്‍ 26 കാരനായ താരം ഒരു ഫ്രാഞ്ചൈസിയുടെയും ഭാഗമല്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു സര്‍ഫറാസ്. പക്ഷെ മോശം പ്രകടനം താരത്തിനു ടീമിലെ സ്ഥാനം നഷ്ടമാക്കുകയായിരുന്നു.
സീസണിനു ശേഷം ഒഴിവാക്കപ്പെട്ട സര്‍ഫറാസിനെ ഡിസംബറില്‍ നടന്ന ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. പക്ഷെ ഇംഗ്ലണ്ടിനെതിരേ രാജ്‌കോട്ടിലെ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും തകര്‍പ്പന്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി താരം കസറിയതോടെ ഫ്രാഞ്ചസികള്‍ ഞെട്ടിയിരിക്കുകയാണ്. ഒന്നാമിന്നിങ്‌സില്‍ 62ഉം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 68ഉം റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്

രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സര്‍ഫറാസിനെ സ്വന്തമാക്കാന്‍ ഇപ്പോൾ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് താരവുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ കെകെആര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഗൗതം ഗംഭീറാണ് ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ മുഖ്യ ഉപദേശകന്‍. ഈ സീസണിനു മുന്നോടിയായാണ് അദ്ദേഹം കെകെആറിനോടൊപ്പം ചേര്‍ന്നത്. സര്‍ഫറാസിനെ ടീമിലേക്കു കൊണ്ടു വരണമെന്നു ഗംഭീര്‍ ആവശ്യപ്പെട്ടു കഴിഞ്ഞുവെന്നാണ് വിവരം. ബാറ്റിങ് ലൈനപ്പ് ശക്തിപ്പെടുത്താന്‍ സര്‍ഫറാസിന്റെ സാന്നിധ്യം സഹായിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിനു വേണ്ടി കഴിഞ്ഞ മൂന്ന്-നാലു വര്‍ഷങ്ങളായി ഒട്ടേറെ റണ്‍സ് വാരിക്കൂട്ടിയിട്ടും ഐപിഎല്ലില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയ താരമാണ് സര്‍ഫറാസ്. 2015ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടൊപ്പം കരിയറാരംഭിച്ച അദ്ദേഹം പഞ്ചാബ് കിങ്‌സിനു വേണ്ടിയും കളിച്ച ശേഷമാണ് 2022ല്‍ ഡിസിയിലേക്കു വന്നത്.
പക്ഷെ മൂന്നു ഫ്രാഞ്ചൈസികളിലും താരത്തിന്റെ കരിയര്‍ ക്ലച്ച് പിടിച്ചില്ല. 50 ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള സര്‍ഫറാസിന്റെ സമ്പാദ്യം 585 റണ്‍സ് മാത്രമാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ടൂര്‍ണമെന്റില്‍ താരത്തിന്റെ പേരിലുള്ളൂ. പഞ്ചാബിനു വേണ്ടി കളിക്കവെയായിരുന്നു ഇത്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റില്‍സിനു വേണ്ടി വെറും നാലു മല്‍സരങ്ങളില്‍ മാത്രമാണ് സര്‍ഫറാസിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്യാനായത് 53 റണ്‍സ് മാത്രമായിരുന്നു. താരത്തെ ഡിസി കൈവിടാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. ഐപിഎല്‍ കരിയറിലുടനീളം തിളങ്ങാന്‍ സാധിക്കാതെ പോയതിനാല്‍ തന്നെ കഴിഞ്ഞ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും സര്‍ഫറാസിനു വേണ്ടി താല്‍പ്പര്യം കാണിച്ചതുമില്ല.

2015 മുതല്‍ 18 വരെയാണ് സര്‍ഫറാസ് ആര്‍സിബി ടീമിനോടൊപ്പമുണ്ടായിരുന്നത്. ആദ്യത്തെ സീസണില്‍ 13 മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും വെറും 45 റണ്‍സ് മാത്രമേ നേടിയുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 45 റണ്‍സുമാണ്. തുടര്‍ന്നുള്ള സീസണുകളില്‍ താരത്തിനു അവസരങ്ങള്‍ കുറഞ്ഞു കൊണ്ടിരുന്നു. 2016ല്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 66ഉം 2018ല്‍ ഏഴു കളിയില്‍ നിന്നും 51ഉം റണ്‍സ് മാത്രമാണ് സര്‍ഫറാസിനു നേടാനായത്.
2019ല്‍ അദ്ദേഹം പഞ്ചാബ് ടീമിന്റെ ഭാഗമായി. അവര്‍ക്കൊപ്പം ആദ്യ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും താരം നേടിയത് 180 റണ്‍സാണ്. കന്നി ഫിഫ്റ്റി സര്‍ഫറാസ് നേടിയതും ഇതേ സീസണിലാണ്. 67 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.
2020ല്‍ അഞ്ചു കളിയില്‍ നിന്നും 33 റണ്‍സ് മാത്രമെടുത്ത അദ്ദേഹം 2021ല്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും റണ്ണൊന്നുമെടുത്തില്ല. ഇതോടെ പഞ്ചാബും ഒഴിവാക്കിയതോടെ സര്‍ഫറാസ് ഡിസിയുടെ ഭാഗമായി. 2022ല്‍ ആറു മല്‍സരങ്ങളിലാണ് താരത്തെ ഡിസി പരീക്ഷിച്ചത്. ഇവയില്‍ നിന്നും നേടിയത് 91 റണ്‍സായിരുന്നു.