സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചത് നായകന്‍ സഞ്ജു സാംസണ്‍ കാണിച്ച ഒരു മണ്ടത്തരമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 36 റണ്‍സിനാണ് റോയല്‍സിനെ ഓറഞ്ച് ആര്‍മി തുരത്തിയത്. റണ്‍ചേസില്‍ റോയല്‍സിന്റെ ബാറ്റിങ് ലൈനപ്പില്‍ വലിയൊരു പിഴവ് സഞ്ജു കാണിച്ചുവെന്നാണ് വീരു ചൂണ്ടിക്കാണിക്കുന്നത്.
176 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാറ്റ് കമ്മിന്‍സും സംഘവും റോയല്‍സിനു നല്‍കിയത്. മികച്ച ബാറ്റിങ് നിരയുള്ള റോയല്‍സ് ഇതു ചേസ് ചെയ്ത് ഫൈനലിലേക്കു ടിക്കറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഏഴു വിക്കറ്റിനു 139 റണ്‍സെടുക്കാനേ മുന്‍ ചാംപ്യന്‍മാര്‍ക്കായുള്ളൂ. ഇംപാക്ട് പ്ലെയറായി വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ റോയല്‍സ് പരീക്ഷിച്ചെങ്കിലും ഈ നീക്കവും പാളി.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം ചെയ്യവെയാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ സെവാഗ് വിമര്‍ശിച്ചത്. ഷോയില്‍ പങ്കെടുത്ത ഓസ്‌ട്രേലിയയുടെ മുന്‍ താരവും കോച്ചുമായ ടോം മൂഡിയും ക്യാപ്റ്റന്‍സിയില്‍ സംഭവിച്ച പിഴവ് ചൂണ്ടിക്കാണിച്ചു. ഹെറ്റ്‌മെയറുടെ ബാറ്റിങ് പൊസിഷനെയാണ് രണ്ടു പേരും ചോദ്യം ചെയ്തത്. ഏഴാം നമ്പറിലാണ് അദ്ദേഹം ഈ കളിയില്‍ ബാറ്റ് വീശിയത്. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍ എന്നിവരെയാണ് കളിപ്പിച്ചത്.
ഹെറ്റ്‌മെയറിനെ എന്തിനാണ് റോയല്‍സ് ബാറ്റിങില്‍ വളരെ വൈകിപ്പിച്ചതെന്നു സെവാഗ് ചോദിക്കുന്നു. ഹെറ്റ്‌മെയറിനെ വളരെ വൈകി ഇറക്കിയ റോയല്‍സിന്റെ തീരുമാനം എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി. കുറച്ചൂകൂടി നേരത്തേ അദ്ദേഹം ബാറ്റിങിനായി ക്രീസിലേക്കു വരേണ്ടതായിരുന്നു. കാരണം ഹൈദരാബാദിനു വേണ്ടി രണ്ടു ഇടംകൈയന്‍ സ്പിന്നര്‍മാരാണ് മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. എത്രയും പെട്ടെന്നു ഇടംകൈയന്‍ ബാറ്ററായ ഹെറ്റ്‌മെയര്‍ ക്രീസിലേക്കു വന്നിരുന്നെങ്കില്‍ അത്രയും നല്ലതായിരുന്നുവെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

മൂഡിയും സഞ്ജു കാണിച്ച അബദ്ധത്തെ നന്നായി വിമര്‍ശിച്ചു. എന്തൊരു വലിയ മണ്ടത്തരമാണ് റോയല്‍സ് ടീമും സഞ്ജുവും കാണിച്ചത്. ധ്രുവ് ജുറേലിനു മുമ്പ് ഹെറ്റ്‌മെയര്‍ ബാറ്റിങിനു എത്തേണ്ടത് ആവശ്യമായിരുന്നു. ജുറേല്‍ നന്നായി കളിച്ചുവെന്നതു ശരിതന്നെ. അല്‍പ്പം കൂടി വൈകി ക്രീസിലേക്കു വന്നാലും അദ്ദേഹം നന്നായി തന്നെ ബാറ്റ് ചെയ്യുമായിരുന്നു.
ഹൈദരാബാദ് ടീമിന്റെ രണ്ടു ഇടംകൈയന്‍ സ്പിന്നര്‍മാരുയര്‍ത്തുന്ന ഭീഷണി റോയല്‍സ് എത്രയും വേഗത്തില്‍ അവസാനിപ്പിക്കേണ്ടത് ആവശ്യമായിരുന്നു. ഹെറ്റ്‌മെയറെ നേരത്തേ ക്രീസിലേക്കു അയച്ച് സ്വാഭാവിക രീതിയില്‍ ബാറ്റ് ചെയ്യൂവെന്നു റോയല്‍സിനു നിര്‍ദേശിക്കാമായിരുന്നു.
ഈ ഗെയിമില്‍ മുന്നിലെത്താന്‍ റോയല്‍സ് ചെയ്യേണ്ടിയിരുന്നത് ഇതാണ്. ഇടംകൈയന്‍ സ്പിന്നര്‍മാരെ കളിയുടെ നിയന്ത്രണമേറ്റെടുക്കാന്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു. ഹെറ്റ്‌മെയറെ ഇതേ ഇടംകൈയന്‍ സ്പിന്നര്‍മാരില്‍ ഒരാള്‍ തന്നെയാണ് പുറത്താക്കിയതെന്നു നമ്മള്‍ കണ്ടതു തന്നെയാണ്. പക്ഷെ ഹെറ്റ്‌മെയര്‍ ക്രീസിലേക്കു വരുമ്പോഴേക്കും മല്‍സരം റോയല്‍സില്‍ നിന്നും വഴുതിപ്പോയിരുന്നു.
വളരെ നല്ലൊരു ബോളിലാണ് അദ്ദേഹം ബൗള്‍ഡായത്, അതൊരു കാരം ബോളായിരുന്നു. ഹെറ്റ്‌മെയറെ നേരത്തേ ക്രീസിലേക്കു അയച്ച് ഈ ഗെയിമില്‍ റോയല്‍സ് മുന്നിലെത്തിയിരുന്നെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും മൂഡി വിശദമാക്കി. 10 ബോളുകല്‍ നേരിട്ട ഹെറ്റ്‌മെയര്‍ക്കു നാലു റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. അഭിഷേക് ശര്‍മയുടെ ബൗളിങില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു.