ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 36 റണ്‍സിന് തോറ്റാണ് രാജസ്ഥാന്‍ പുറത്തായിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 9 വിക്കറ്റിന് 175 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റിന് 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. രാജസ്ഥാന്റെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് തോല്‍വിക്ക് കാരണമായത്.
എന്നാല്‍ രാജസ്ഥാന്‍ തോറ്റെങ്കിലും ബൗളിങ് നിരയുടെ പ്രകടനം ഗംഭീരമായിരുന്നു. ചെന്നൈയിലെ പിച്ചില്‍ 175 റണ്‍സിലേക്ക് ഹൈദരാബാദിനെ ഒതുക്കിയത് രാജസ്ഥാന്‍ ബൗളര്‍മാരുടെ മികവ് തന്നെയാണ്. രാജസ്ഥാനായി ട്രന്റ് ബോള്‍ട്ടും ആവേശ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ 2 വിക്കറ്റും വീഴ്ത്തി. ഇപ്പോഴിതാ ടി20യിലെ മികച്ച ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ കഴിഞ്ഞാല്‍ സന്ദീപ് ശര്‍മയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സഞ്ജു സാംസണ്‍.
'സന്ദീപിന്റെ പ്രകടനം കാണുമ്പോള്‍ സന്തോഷമുണ്ട്. വാങ്ങാന്‍ ആളില്ലാതിരുന്നിടത്തുനിന്ന് പകരക്കാരനായാണ് അവന്‍ വന്നത്. അവന്‍ എത്ര മനോഹരമായാണ് പന്തെറിഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ സന്ദീപിന്റെ പ്രകടനം നോക്കുമ്പോള്‍ ബുംറക്ക് ശേഷം ഏറ്റവും മികവുള്ള ബൗളര്‍ സന്ദീപാണ്' സഞ്ജു സാംസണ്‍ പറഞ്ഞു. പ്രസിദ്ധ് കൃഷ്ണക്ക് പരിക്കേറ്റപ്പോഴാണ് സന്ദീപിനെ രാജസ്ഥാന്‍ പരിഗണിച്ചത്. കണക്കുകള്‍ നോക്കുമ്പോള്‍ സന്ദീപ് മികച്ച ടി20 ബൗളറാണ്.
വിരാട് കോലിയെ ഐപിഎല്ലില്‍ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ സന്ദീപാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇതുവരെ കാര്യമായി പരിഗണിക്കപ്പെട്ടിട്ടില്ല. സെലക്ടമാര്‍ സന്ദീപിന്റെ കാര്യം പരിഗണിക്കുന്നേയില്ലെന്നാണ് ദൗര്‍ഭാഗ്യകരമായ കാര്യം. മീഡിയം പേസറായ സന്ദീപ് മികച്ച സ്വിങ് ബൗളറാണ്. സ്വിങ്ങിന് പിന്തുണയുള്ള പിച്ചില്‍ സന്ദീപ് എതിരാളികളെ വിറപ്പിക്കും. ഇന്ത്യക്കായി 2 ടി20 കളിക്കാന്‍ സന്ദീപിന് സാധിച്ചു. എന്നാല്‍ പിന്നീട് അവസരം ലഭിച്ചില്ല.

രാജസ്ഥാന്‍ ടീമിലൂടെ മികച്ച യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഭാവിയില്‍ ഇന്ത്യക്കായി കളിക്കാന്‍ ശേഷിയുള്ള യുവതാരങ്ങളെ രാജസ്ഥാന്‍ വളര്‍ത്തുന്നതില്‍ അഭിമാനമുണ്ടെന്ന് സഞ്ജു പറഞ്ഞു. 'എല്ലാ സീസണിലും മികച്ച ക്രിക്കറ്റ് കാഴ്ചവെക്കാന്‍ രാജസ്ഥാന് സാധിക്കുന്നുണ്ട്. രാജ്യത്തെ മികച്ച യുവ പ്രതിഭകളെ കണ്ടെത്താന്‍ ടീമിന് സാധിക്കുന്നുണ്ട്. റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍ തുടങ്ങിയവരെല്ലാം രാജസ്ഥാന് മാത്രം പ്രതീക്ഷ നല്‍കുന്നവരല്ല. ഇന്ത്യക്കും കൂടി പ്രതീക്ഷ നല്‍കുന്നവരാണ്' സഞ്ജു പറഞ്ഞു.
ഹൈദരാബാദിനോട് തോറ്റതോടെ രാജസ്ഥാന്‍ ഫൈനല്‍ സീറ്റ് നേടാതെ പുറത്തായിരിക്കുകയാണ്. ഫൈനലില്‍ ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്. ഈ മത്സരത്തെക്കുറിച്ച് തന്റെ വിലയിരുത്തലും സഞ്ജു നടത്തി. 'ഫൈനലിലെ സാഹചര്യം രണ്ട് ടീമിനും അനുകൂലമാണ്. പവര്‍പ്ലേയിലെ പ്രകടനമാണ് നിര്‍ണ്ണായകമാവുക. ഹൈദരാബാദ് ബാറ്റ്‌സ്മാന്മാര്‍ വളരെ കൗതുകമുണ്ടാക്കുന്നു. മത്സരത്തെ കൈപ്പിടിയിലാക്കാന്‍ അവര്‍ക്കാവും.
കെകെആറും വലിയ ആത്മവിശ്വാസത്തോടെയാവും കളിക്കുക. മികച്ചൊരു മത്സരമായിരിക്കും ഫൈനലിലുണ്ടാവുക' സഞ്ജു കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ പുറത്തായതോടെ സഞ്ജുവും യുസ് വേന്ദ്ര ചഹാലും ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ജൂണ്‍ 1ന് ബംഗ്ലാദേശിനെതിരേ നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇരുവരും ഇന്ത്യക്കായി കളിച്ചേക്കും. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവും ചഹാലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ പ്ലേയിങ് 11ലേക്കെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇത്തവണ രാജസ്ഥാന്റെ പ്രകടനം ആരാധകര്‍ക്ക് വലിയ കിരീട പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആദ്യ പാദത്തിലെ മികവ് രണ്ടാം പാദത്തില്‍ ആവര്‍ത്തിക്കാന്‍ രാജസ്ഥാന് സാധിക്കാതെ പോയി. കഴിഞ്ഞ സീസണിലെ അതേ ദൗര്‍ഭല്യമാണ് ഇത്തവണയും ടീമിനെ വേട്ടയാടിയത്. ജോസ് ബട്‌ലര്‍ പ്ലേ ഓഫിന് മുമ്പ് ടീം വിട്ടത് രാജസ്ഥാനെ കാര്യമായി ബാധിച്ചു. അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ രാജസ്ഥാനാവുമോയെന്നത് കണ്ടറിയാം.