സഞ്ജു സാംസണിനു കീഴില്‍ ഐപിഎല്ലിന്റെ 17ാം സീസണില്‍ മികച്ച രീതിയിലാണ് രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയിരിക്കുന്നത്. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ് റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെക്കൂടാതെ ഈ സീസണില്‍ പരാജയമറിയാത്ത ഏക ടീം കൂടിയാണ് റോയല്‍സ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസ കൊണ്ടു മൂടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തുമായി താരമ്യം ചെയ്യുമ്പോള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയാണ് കൂടുതല്‍ മികച്ചതെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. ഇതിന്റെ കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ ചോപ്ര വാനോളം പ്രശംസിച്ചത്.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയാണ് എനിക്കു ഒരുപാട് ഇഷ്ടപ്പെട്ടത്. അഞ്ചു ബൗളര്‍മാരെ കളിയില്‍ അദ്ദേഹം ഉപയോഗിക്കുന്ന രീതി അതിശയിപ്പിക്കുന്നതാണ്. ഈ സീസണില്‍ മാത്രമല്ല കഴിഞ്ഞ സീസണിലും നമ്മള്‍ ഇതു കണ്ടിട്ടുള്ളതാണ്. യുസ്വേന്ദ്ര ചഹലിനെ കൊണ്ട് ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടുള്ള ഒരേയൊരു ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത് പര്‍പ്പിള്‍ ക്യാപ്പിനു ചഹലിനെ അവകാശിയാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കും വഹിച്ചതായും ചോപ്ര വിലയിരുത്തി.
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സിന്റെ നാലാമത്തെ സീസണ്‍ കൂടിയാണിത്. 2020ലെ സീസണിനു ശേഷം ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരമായ സ്റ്റീവ് സ്മിത്തിനെ നായകസ്ഥാനത്തു നിന്നും നീക്കിയ റോയല്‍സ് അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് പുതിയ ക്യാപ്റ്റനായി തങ്ങളുടെ വിശ്വസ്തനായ സഞ്ജുവിനെ ചുമതലയേല്‍പ്പിച്ചത്. നായകനായുള്ള ആദ്യ സീസണ്‍ അദ്ദേഹത്തെ സംബന്ധിച്ച് മോശമായിരുന്നു. പ്ലേഓഫ് പോലുമെത്താതെ ടീം പുറത്താവുകയായിരുന്നു.
പക്ഷെ 2022ലെ സീസണിനു മുന്നോടിയായുള്ള മെഗാലേലം റോയല്‍സിനും അതോടൊപ്പം സഞ്ജുവിനും ഏറെ ഗുണം ചെയ്തു. മികച്ച പല താരങ്ങളെയും ലേലത്തില്‍ ടീമിലേക്കു കൊണ്ടു വരാന്‍ സാധിച്ചതോടെ റോയല്‍സ് മുമ്പത്തേക്കാള്‍ ശക്തരായി മാറി. സീസണില്‍ റോയല്‍സിന്റെ കുതിപ്പില്‍ ഇതു നിര്‍ണായകമായി മാറുകയും ചെയ്തു. ഒപ്പം സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ചേര്‍ന്നതോടെ റോയല്‍സ് സ്വപ്‌നതുല്യമായ കുതിപ്പ് നടത്തി.

2022ലെ ഐപിഎല്ലില്‍ റോയല്‍സിനെ ഫൈനലിലെത്തിച്ചാണ് സഞ്ജു കൈയടി നേടിയത്. 2008ലെ പ്രഥമ സീസണില്‍ ചാംപ്യന്‍മാരായ ശേഷം വീണ്ടുമൊരു ഐപിഎല്‍ ട്രോഫിക്കു തൊട്ടരികെ വരെയെത്തുകയും ചെയ്തു. പക്ഷെ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സിനു ഫൈനലില്‍ കീഴടങ്ങേണ്ടി വരികയായിരുന്നു. എങ്കിലും സഞ്ജുവിന്റെ നേതൃമികവ് ഏറെ പ്രശംസിക്കപ്പെട്ടു.
പക്ഷെ കഴിഞ്ഞ സീസണില്‍ ഇതേ പ്രകടനം തുടരാന്‍ റോയല്‍സിനായില്ല. നേരിയ വ്യത്യാസത്തില്‍ അവര്‍ക്കു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമാവുകയായിരുന്നു. ഒരു വിജയം മാത്രമകലെയാണ് റോയല്‍സിനു പ്ലേഓഫില്‍ ഇടം ലഭിക്കാതെ പോയത്. ജയിക്കേണ്ടിയിരുന്ന ചില മല്‍സരങ്ങളില്‍പ്പോലും പരാജയമേറ്റു വാങ്ങേണ്ടി വന്നതിനു റോയല്‍സിനു വലിയ വില നല്‍കേണ്ടി വരികയും ചെയ്തു.
ഈ സീസണില്‍ സഞ്ജുവിന്റെ മികച്ച ക്യാപ്റ്റന്‍സിലിയേറി റോയല്‍സ് മുന്നേറുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റണ്‍സിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനുമാണ് റോയല്‍സ് തകര്‍ത്തുവിട്ടത്.
തന്റെ ബൗളര്‍മാരെ വളരെ മികച്ച രീതിയിലാണ് ഈ മല്‍സരങ്ങളിലെല്ലാം സഞ്ജു റൊട്ടേറ്റ് ചെയ്തത്. ഇതാണ് ടീമിന്റെ കുതിപ്പിനു പ്രധാന കാരണം. ഡെത്ത് ഓവറുകളില്‍ മാത്രം സന്ദീപ് ശര്‍മയെ പരീക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ വലിയ വിജയമായി മാറുകയും ചെയ്തിരിക്കുകയാണ്.