മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ പോരാട്ടങ്ങള്‍ മൂന്നാം ആഴ്ച പിന്നിടുകയാണ്. ശക്തമായ പോരാട്ടങ്ങളാണ് ഓരോ മത്സരത്തിലും കാണാനാവുന്നത്. സൂപ്പര്‍ ടീമുകളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ആവേശം വാനോളമാണ്. രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെല്ലാം ഗംഭീര പ്രകടനമാണ് നടത്തുന്നത്.
മുംബൈ ഇന്ത്യന്‍സ് ശക്തമായ തിരിച്ചുവരവാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റ് മൂന്നാം ആഴ്ച പിന്നിടുമ്പോള്‍ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയുള്ള ബെസ്റ്റ് പ്ലേയിങ് 11 പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലും സുനില്‍ നരെയ്‌നുമാണുള്ളത്. ശുബ്മാന്‍ ഗില്‍ ഗുജറാത്തിന്റെ നായകനാണ്. ആറ് മത്സരത്തില്‍ നിന്ന് 2 ഫിഫ്റ്റി ഉള്‍പ്പെടെ 255 റണ്‍സാണ് ഗില്‍ നേടിയത്. 155.29 സ്‌ട്രൈക്ക് റേറ്റിലാണ് ഗില്ലിന്റെ പ്രകടനം.
നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ഗില്ലിന് സാധിക്കുന്നുണ്ട്. ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി സുനില്‍ നരെയ്‌നെ പരിഗണിക്കാം. പിഞ്ച് ഹിറ്ററായി ഇത്തവണ തകര്‍ത്തടിക്കാന്‍ നരെയ്‌ന് സാധിക്കുന്നുണ്ട്. നാല് മത്സരത്തില്‍ നിന്ന് 161 റണ്‍സാണ് നരെയ്ന്‍ നേടിയത്. 40ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന നരെയ്‌ന്റെ സ്‌ട്രൈക്ക് റേറ്റ് 189.41 ആണ്. പവര്‍പ്ലേയില്‍ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെക്കാന്‍ നരെയ്‌ന് സാധിക്കുന്നുണ്ട്.
മൂന്നാം നമ്പറില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണുള്ളത്. ഈ പ്ലേയിങ് 11ന്റെ നായകനും സഞ്ജുവാണ്. രാജസ്ഥാനെ 6ല്‍ 5 മത്സരത്തിലും ജയിപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചു. നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും മികവ് കാട്ടുന്ന സഞ്ജു ബാറ്റുകൊണ്ടും കസറുന്നു. 6 മത്സരത്തില്‍ നിന്ന് 264 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതില്‍ 3 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 155ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.

നാലാം നമ്പറില്‍ റിയാന്‍ പരാഗിനാണ് അവസരം. ഇത്തവണ സ്ഥിരതയോടെ കസറാന്‍ പരാഗിന് സാധിക്കുന്നുണ്ട്. 6 മത്സരത്തില്‍ നിന്ന് 284 റണ്‍സാണ് പരാഗ് നേടിയത്. 155.19 സ്‌ട്രൈക്ക് റേറ്റിലാണ് പരാഗിന്റെ പ്രകടനം. 18 വീതം സിക്‌സും ഫോറും പരാഗ് നേടിക്കഴിഞ്ഞു. ഇത്തവണ രാജസ്ഥാന്റെ വജ്രായുധം പരാഗാണെന്ന് പറയാം. അഞ്ചാം നമ്പറില്‍ ഹെന്‍ റിച്ച് ക്ലാസനെ പരിഗണിക്കാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ക്ലാസന്‍ കസറുകയാണ്.
5 മത്സരത്തില്‍ നിന്ന് 186 റണ്‍സാണ് ക്ലാസന്‍ അടിച്ചെടുത്തത്. 193.5 സ്‌ട്രൈക്ക് റേറ്റിലാണ് ക്ലാസന്‍ കസറുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ക്ലാസന് സാധിക്കുന്നുണ്ട്. ആറാം നമ്പറില്‍ ശിവം ദുബെക്കാണ് അവസരം. സിഎസ്‌കെ താരം 5 മത്സരത്തില്‍ നിന്ന് 176 റണ്‍സാണ് നേടിയത്. 160 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന ദുബെ സ്പിന്നര്‍മാര്‍ക്കെതിരേയാണ് കടന്നാക്രമിക്കുന്നത്. ഏഴാം നമ്പറില്‍ ആന്‍ഡ്രേ റസലിനെ കളിപ്പിക്കാം. 4 മത്സരത്തില്‍ നിന്ന് 115 റണ്‍സ് നേടിയ താരം ബൗളിങ്ങിലും മികവ് കാട്ടുന്നു.
ഫിനിഷര്‍ റോളില്‍ റസല്‍ ഇത്തവണ കസറുകയാണ്. എട്ടാം നമ്പറില്‍ യുസ് വേന്ദ്ര ചഹാലിനെ കളിപ്പിക്കാം. രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ 6 മത്സരത്തില്‍ നിന്ന് 11 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ്. ഒമ്പതാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 10 വിക്കറ്റുമായി ബുംറ മികവ് കാട്ടുന്നു.
10ാം നമ്പറില്‍ കഗിസോ റബാഡയെ കളിപ്പിക്കാം. 6 മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് റബാഡ വീഴ്ത്തിയത്. 11ാമനായി മുസ്തഫിസുര്‍ റഹ്‌മാനെ ഉള്‍പ്പെടുത്താം. 4 മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് സിഎസ്‌കെ താരം വീഴ്ത്തിയത്.