ഐസിസിയുടെ ടി20 ലോകകപ്പ് ടീമിലേക്കുള്ള സെലക്ഷന്‍ പരീക്ഷയാണ് ഇത്തവണത്തെ ഐപിഎല്ലെന്നു എല്ലാവര്‍ക്കുമറിയാം. കാരണം ടൂര്‍ണമെന്റിനു തൊട്ടു പിന്നാലെയാണ് ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ടൂര്‍ണമെന്റിനായി കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 30 ആണ്. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ അതുവരെയുള്ള പ്രകടനം വിലയിരുത്തിയാവും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുക്കുക.
നിലവില്‍ ലോകകപ്പ് പ്ലാനുകളുടെ ഭാഗമല്ലാത്ത ചില സര്‍പ്രൈസ് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന ഗംഭീര പ്രകടനം തന്നെയാണ് ഇതിന്റെ കാരണം. ലോകകപ്പിലെ മുന്‍ ടീമുകളെയെടുത്താല്‍ ചില അപ്രതീക്ഷിത താരങ്ങള്‍ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായിട്ടുണ്ടെന്നു നമുക്കു കാണാന്‍ സാധിക്കും. വരാനിരിക്കുന്ന ലോകകപ്പിലും ഈ തരത്തിലുള്ള ചില സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാം. ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ഇന്ത്യയുടെ ചില അണ്ടര്‍ റേറ്റഡ് കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവില്‍ ഈ റോളില്‍ ഇന്ത്യയന്‍ ടീമിലേക്കുള്ള ഫേവറിറ്റുകള്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണ്. ഇരുവരും ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളും ഇടംകൈയന്‍ ബാറ്റര്‍മാരുമാണ്. പക്ഷെ സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളെടുത്താല്‍ ഇവരില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയുള്ള പ്രകടനങ്ങള്‍ ഇന്ത്യക്കു ലഭിച്ചില്ലെന്നു കാണാം. അതുകൊണ്ടു തന്നെ സെലക്ഷന്‍ കമ്മിറ്റി ഇത്തവണ മാറി ചിന്തിച്ചേക്കും.
ക്രുനാല്‍ തീര്‍ച്ചയായും നല്ലൊരു ഓപ്ഷനാണ്. ലഖ്‌നൗവിനു വേണ്ടി ഐപിഎല്ലില്‍ മികച്ച ബൗളിങാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. നാലു മല്‍സങ്ങളില്‍ നിന്നും 5.5 എന്ന ഗംഭീര ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകള്‍ ക്രുനാല്‍ നേടിയിട്ടുണ്ട്. ബാറ്റിങിലാവട്ടെ നാലു കളിയില്‍ നിന്നും 48 റണ്‍സും സ്‌കോര്‍ ചെയ്തു. നേരിട്ടത് 29 ബോളുകളാണ്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു ക്രുനാലിനെ പരിഗണിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇംഗ്ലണ്ടിനെതിരേ അതിവേഗ ഫിഫ്റ്റി കുറിച്ച താരം കൂടിയാണ് അദ്ദേഹം.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണാണ് ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കു വരാനിടയുള്ള രണ്ടാമത്തെ അണ്ടര്‍ റേറ്റഡ് താരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ ഈ ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത് അദ്ദേഹമാണ്. നാലു മല്‍സരങ്ങളില്‍ നിന്നും 59.33 ശരാശരിയില്‍ 150.84 സ്‌ട്രൈക്ക് റേറ്റോടെ 178 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം ഒരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കുകയെന്ന അദ്ദേഹത്തിന്റെ മോഹം ഇത്തവണ പൂവണിഞ്ഞേക്കും. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ സഞ്ജു ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചെങ്കിലും തഴയപ്പെടുകയായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെയുള്ള സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇടകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദാണ് ലോകകപ്പ് ടീമിന്റെ ഭാഗമാവാനിടയുള്ള മൂന്നാമത്തെ അണ്ടര്‍ റേറ്റഡ് താരം. മികച്ചൊരു ഇടംകൈയന്‍ പേസറുടെ അഭാവം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ സ്ഥിരമായി വലയ്ക്കാറുണ്ട്. ഈ കുറവ് നികത്താന്‍ സാധിക്കുന്നയാളാണ് ഖലീല്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഉജ്ജ്വലമായിട്ടാണ് താരം ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 8.5 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ ഖലീല്‍ നേടിക്കളിഞ്ഞു. ഡിസിയുടെ വിക്കറ്റ് വേട്ടക്കാരനും അദ്ദേഹം തന്നെയാണ്.