Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പട നയിച്ച് സഞ്ജു,'ടെസ്റ്റ്' കളിച്ച് രാഹുലും! റോയല്‍സിനു വിജയത്തുടക്കം

ജയ്പൂര്‍: സഞ്ജു സാംസണ്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി കത്തിക്കയറിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനു ഐപിഎല്ലില്‍ വിജയത്തുടക്കം. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റണ്‍സിനാണ് റോയല്‍സിന്റെ പിങ്ക് ആര്‍മി തുരത്തിയത്. സീസണിലെ ആദ്യ കളിയില്‍ തന്നെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുകയെന്ന 2020 മുതലുള്ള പതിവ് സഞ്ജു ഇത്തവണയും തെറ്റിച്ചില്ല.

പുറത്താവാതെ 82 റണ്‍സാണ് റോയല്‍സ് നായകന്‍ സ്‌കോര്‍ ചെയ്തത്. 52 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ആറു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെട്ടിരുന്നു. 194 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ലഖ്‌നൗവിനു മുന്നില്‍ റോയല്‍സ് വച്ചത്. മറുപടിയില്‍ ടോപ്പ് ഫോറിലെ മൂന്നു പേരും ഫ്‌ളോപ്പായതോടെ ലഖ്‌നൗവിനു റണ്‍ചേസ് ദുഷ്‌കരമായി തീര്‍ന്നു.

KL RAHUL

നിക്കോളാസ് പൂരനും (64*) നായകന്‍ കെഎല്‍ രാഹുലും (58) ഫിഫ്റ്റികള്‍ നേടിയെങ്കിലും മറ്റാരും ബാറ്റിങില്‍ ക്ലിക്കായില്ല. ആറു വിക്കറ്റിനു 173 റണ്‍സെടുത്ത് ലഖ്‌നൗ മല്‍സരം അടിയറവയ്ക്കുകയായിരുന്നു. രാഹുല്‍ 44 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടിച്ചപ്പോള്‍ പൂരന്‍ ബോളില്‍ ഫോറും സിക്‌സറും നേടി. 26 റണ്‍സെടുത്ത ദീപക് ഹൂഡയാണ് രണ്ടക്കം തികച്ച മറ്റൊരു താരം.

ക്വിന്റണ്‍ ഡികോക്ക് (4), ദേവ്ദത്ത് പടിക്കല്‍ (0), ആയുഷ് ബദോനി (1), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (3) എന്നിവരെല്ലാം ഫ്‌ളോപ്പായി. റേയല്‍സിനായി ട്രെന്റ് ബോള്‍ട്ട് രണ്ടു വിക്കറ്റുകളെടുത്തു.

നേരത്തേ നാലു വിക്കറ്റ് നഷ്ടത്തിലാണ് 193 റണ്‍സെന്ന വലിയ ടോട്ടല്‍ റോയല്‍സ് പടുത്തുയര്‍ത്തിയത്. സഞ്ജുവിനെക്കൂടാതെ മറ്റാരും റോയല്‍സ് നിരയില്‍ ഫിഫ്റ്റി പ്ലസ് കുറിച്ചില്ല. മുന്‍ സീസണുകളിലെല്ലാം മോശം ബാറ്റിങിന്റെ പേരില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം നേരിട്ട റിയാന്‍ പരാഗ് ഇത്തവണ മിന്നിച്ചു. 43 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 29 ബോളുകള്‍ നേരിട്ട പരാഗിന്റെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറും ഒരു ഫോറുമുണ്ടായിരുന്നു.

SANJU SAMSON

സഞ്ജു, പരാഗ് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ റോയല്‍സ് ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും 25 പ്ലസ് സ്‌കോര്‍ ചെയ്യാനായില്ല. യശസ്വി ജയ്‌സ്വാള്‍ (24), ജോസ് ബട്‌ലര്‍ (11), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. സഞ്ജുവിനോടൊപ്പം 20 റണ്‍സുമായി ധ്രുവ് ജുറേല്‍ പുറത്താവാതെ നിന്നു. നവീനുല്‍ ഹഖ് റോയല്‍സിനു വേണ്ടി രണ്ടു വിക്കറ്റുകളെടുത്തു.

റോയല്‍സിന്റെ തുടക്കം മോശമായിരുന്നു. അഞ്ചോവര്‍ ആവുമ്പോഴേക്കും രണ്ടു ഓപ്പണര്‍മാരെയും റോയല്‍സിനു നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 49 റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സഞ്ജു- പരാഗ് ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടുമായി റോയയല്‍സിനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. 93 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആയുഷ് ബദോനി, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, നവീനുല്‍ ഹഖ്, യഷ് ടാക്കൂര്‍.

Story first published: Sunday, March 24, 2024, 13:13 [IST]
Other articles published on Mar 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+