ഐപിഎല്ലിന്റെ 17ാം സീസണിനു മാര്‍ച്ച് മൂന്നാം വാരത്തോടെ തുടക്കമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മാസത്തിലേറെ നീളുന്ന ക്രിക്കറ്റ് പൂരത്തിനു കൊടിയിറങ്ങുക മേയ് അവസാനത്തോടെയായിരിക്കും. ഇത്തവണയും 10 ടീമുകളാണ് കിരീടമോഹവുമായി പോര്‍ക്കളത്തിലെത്തുക. അക്കൂട്ടത്തില്‍ ഫേവറിറ്റുകളെന്നു വിളിക്കാവുന്നത് ചുരുക്കം ചില ടീമുകള്‍ മാത്രമാണ്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്, കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരെ ഇക്കൂട്ടത്തില്‍ പെടുത്താം.
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് താരസാന്നിധ്യം കൊണ്ട് കരുത്തരാണെങ്കിലും കിരീട ഫേവറിറ്റുകളില്‍ അവര്‍ ഒരിക്കലും ഉള്‍പ്പെടാറില്ല. ഇത്തവണയും അങ്ങനെ തന്നെയായിരിക്കും. എന്നാല്‍ സഞ്ജുവിനു വരാനിരിക്കുന്ന സീസണിലെങ്കിലും കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചേ തീരൂ. ഇല്ലെങ്കില്‍ ഒരു മോശം റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

ഒരു ഐപിഎല്‍ ട്രോഫി പോലുമില്ലാതെ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച താരങ്ങളുടെ ഓള്‍ടൈം ലിസ്റ്റില്‍ നിലവില്‍ സഞ്ജു നാലാംസ്ഥാനത്തുണ്ട്. അടുത്ത സീസണിലും ഇതിനു സാധിച്ചില്ലെങ്കില്‍ സഞ്ജു മൂന്നാംസ്ഥാനത്തേക്കു കയറും. കിരീടമില്ലാതെ അദ്ദേഹം ഇതിനകം കളിച്ചത് 152 മല്‍സരങ്ങളിലാണ്.
രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകള്‍ക്കൊപ്പമായിരുന്നു ഇത്. 2012ല്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്‌ക്വാഡില്‍ സഞ്ജുവുണ്ടായിരുന്നെങ്കിലും സീസണില്‍ ഒരു മല്‍സരം പോലും കളിച്ചില്ല. കെകെആര്‍ കൈവിട്ട ശേഷമാണ് അദ്ദേഹം റോയല്‍സിലേക്കു കൂടുമാറിയത്.
2013ലാണ് സഞ്ജു റോയല്‍സിലേക്കു വരുന്നത്. 2016, 17 സീസണുകളില്‍ റോയല്‍സിനു ഐപിഎല്ലില്‍ വിലക്ക് നേരിട്ടപ്പോള്‍ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു മാറുകയായിരുന്നു. 2018ല്‍ വിലക്കിനു ശേഷം റോയല്‍സ് തിരികെയെത്തിയപ്പോള്‍ അവര്‍ സഞ്ജുവിനെയും ടീമിലേക്കു മടക്കിക്കൊണ്ടുവന്നു.
2021 മുതല്‍ ടീമിനെ നയിക്കുന്നതും സഞ്ജുവാണ്. 2022ല്‍ അദ്ദേഹത്തിനു കീഴില്‍ റോയല്‍സ് കിരീടമെന്ന സ്വപ്‌നത്തിനു തൊട്ടരികെയെത്തിയെങ്കിലും ഫൈനലില്‍ കാലിടറുകയായിരുന്നു. കഴിഞ്ഞ സീസണിലാവട്ടെ നേരിയ വ്യത്യാസത്തില്‍ റോയസല്‍സിനു പ്ലേഓഫ് ബെര്‍ത്തും നഷ്ടമായി. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.
ഐപിഎല്‍ ട്രോഫിലിയില്ലാതെ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച താരങ്ങളുടെ ലിസ്റ്റില്‍ സഞ്ജു കഴിഞ്ഞാല്‍ തൊട്ടുമുകളിലുള്ളത് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്രയാണ്. 161 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനൊപ്പമാണ് മിശ്ര. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിരുന്നു താരം. പക്ഷെ ആര്‍ക്കൊപ്പവും ഐപിഎല്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായില്ല.

മിശ്രയ്ക്കു മുകളില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടും ഐപിഎല്‍ ട്രോഫിയില്ലാത്തവരില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ്. 237 മല്‍സരങ്ങളാണ് കിരീടമില്ലാതെ കോലി ഇതിനകം കളിച്ചതെങ്കില്‍ എബിഡി 184 മല്‍സരങ്ങളിലും ഇറങ്ങിയിരുന്നു.
2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബി ടീമിനോടൊപ്പമാണ് കോലി. താരമായി കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് ദീര്‍ഘകാലം ക്യാപ്റ്റനായെങ്കിലും കിരീടം മാത്രം എത്തിപ്പിടിക്കാനായില്ല. ഇപ്പോള്‍ കോലി വീണ്ടും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ആര്‍സിബിക്കൊപ്പം കളി തുടരുകയാണ്. 2022 മുതല്‍ ആര്‍സിബിയെ നയിക്കുന്നത് സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിയാണ്.
എബിഡിയുടെ ഐപിഎല്‍ കരിയറെടുത്താല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലൂടെയായിരുന്നു തുടക്കം. 2010 വരെ ഡല്‍ഹിക്കായി കളിച്ച അദ്ദേഹം 2011 മുതല്‍ 21ല്‍ വിരമിക്കും വരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനോടൊപ്പമായിരുന്നു. പക്ഷെ കിരീടമില്ലാതെ എബിഡിക്കു കളി മതിയാക്കേണ്ടി വന്നു.