ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണിന് കീഴിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ആദ്യ മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ പിന്നീട് തുടര്‍ തോല്‍വികളോടെ പതറുകയും പ്ലേ ഓഫില്‍ ഇടം നേടാന്‍ സാധിക്കാതെ പോവുകയും ചെയ്തു. ഇതിന് പിന്നാലെ സഞ്ജു സാംസണിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്നടക്കം ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സഞ്ജു സാംസണിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന സൂചന നല്‍കുന്ന വമ്പന്‍ നീക്കം നടത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്‌ലറുമായി നാല് വര്‍ഷത്തെ കരാറുണ്ടാക്കാനുള്ള പദ്ധതിയിലാണ് രാജസ്ഥാനെന്നാണ് ഡെയ്‌ലി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ടീം നായകനാണ് ബട്‌ലര്‍.
അവസാന സീസണില്‍ ബട്‌ലര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷെ ടി20യില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ബട്‌ലര്‍. 2022 സീസണില്‍ ബട്‌ലറിന്റ ബാറ്റിങ് വെടിക്കെട്ടാണ് കണ്ടത്. വിരാട് കോലിക്ക് ശേഷം ഒരു ഐപിഎല്‍ സീസണില്‍ നാല് സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിലേക്കെത്താനും ബട്‌ലര്‍ക്ക് സാധിച്ചു. ആധുനിക താരങ്ങളില്‍ മികച്ച ടി20 റെക്കോഡുള്ളവരിലൊരാളാണ് ബട്‌ലര്‍.
എന്നാല്‍ കരാറിനോട് ബട്‌ലര്‍ അനുകൂലമായാണോ പ്രതികരിച്ചതെന്നത് വ്യക്തമല്ല. ഒരു പക്ഷെ രാജസ്ഥാനില്‍ തുടരാന്‍ ബട്‌ലര്‍ നായകസ്ഥാനം ആവശ്യപ്പെട്ടാല്‍ ടീമിന് വഴങ്ങേണ്ടി വരും. ബട്‌ലറെ കൈവിട്ടാല്‍ പകരം മികച്ചൊരു വിദേശ താരത്തെ കണ്ടെത്തുക പ്രയാസമാണ്. ബട്‌ലര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണെന്നതിനാലും സൂപ്പര്‍ താരമാണെന്നതിനാലും അദ്ദേഹത്തിന്റെ ഡിമാന്റുകള്‍ രാജസ്ഥാന്‍ അംഗീകരിക്കാന്‍ സാധ്യതയുണ്ട്.

അങ്ങനെ വന്നാല്‍ സഞ്ജുവിന് ബട്‌ലര്‍ക്കായി വഴിമാറേണ്ടി വരും. നായകസ്ഥാനം പോയാല്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ തന്നെ സഞ്ജുവിന് പല വമ്പന്‍ ടീമുകളില്‍ നിന്നും ഓഫര്‍ വന്നിട്ടുണ്ട്. അദ്ദേഹം തന്നെയത് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ രാജസ്ഥാനൊപ്പം കപ്പടിക്കണമെന്ന ആഗ്രഹത്തിലാണ് സഞ്ജു ടീമിനൊപ്പം തുടര്‍ന്നത്. അടുത്ത സീസണില്‍ത്തന്നെ ബട്‌ലറെ നായകനാക്കിയാല്‍ സഞ്ജുവിനത് തിരിച്ചടിയാവും.
അടുത്ത മെഗാ ലേലത്തിലേക്ക് സഞ്ജു എത്തിപ്പെട്ടാല്‍ കോടികള്‍ തന്നെ ലഭിച്ചേക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ രണ്ട് വമ്പന്മാരാണ് സഞ്ജുവിനെ നോട്ടമിടുന്നതെന്നാണ് വിവരം. രാജസ്ഥാന്‍ നായകസ്ഥാനത്തുനിന്ന് മാറ്റിയാല്‍ ടീം വിടാന്‍ സഞ്ജു തയ്യാറായേക്കും. ഇത് രാജസ്ഥാന്റെ ആരാധകരില്‍ വലിയ കുറവുണ്ടാക്കിയേക്കും. സഞ്ജു നായകനായ ശേഷം രാജസ്ഥാന്റെ ആരാധക പിന്തുണയില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
ഇതില്‍ മലയാളി ആരാധകരാണ് കൂടുതല്‍. ഇത് സഞ്ജുവിനോടുള്ള ഇഷ്ടംകൊണ്ടാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു പടിയിറങ്ങിയാല്‍ ആരാധകരും ഒപ്പമിറങ്ങും. ഇത് രാജസ്ഥാന്റെ ആരാധക പിന്തുണ കുറക്കുമെന്ന കാര്യം ഉറപ്പാണ്. സഞ്ജു ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിനും ഇടമുണ്ട്. പിന്നീട് നടക്കുന്ന ടി20 പരമ്പരയിലും അദ്ദേഹം ഉള്‍പ്പെട്ടേക്കും.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യയെ നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സഞ്ജു രാജസ്ഥാന്‍ വിടുന്നതാണ് നല്ലത്. സിഎസ്‌കെയിലേക്ക് സഞ്ജുവിന് എത്താന്‍ സാധിച്ചാല്‍ അദ്ദേഹത്തിന്റെ കരിയറിലത് വലിയ മാറ്റമുണ്ടാക്കിയേക്കും. അതേ സമയം ആര്‍സിബിയിലേക്ക് കൂടുമാറിയാല്‍ സഞ്ജുവിന്റെ കരിയര്‍ താഴോട്ട് പോകാനാണ് സാധ്യത കൂടുതല്‍.