കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അവരുടെ മൈതാനത്തു നേടിയ ത്രില്ലിങ് വിജയത്തിന്റെ ആഹ്ലാദത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. ഉറപ്പായും തോല്‍ക്കുമെന്നു കരുതപ്പെട്ട മല്‍സരമാണ് ജോട് ബട്‌ലറുടെ അവിശ്വസനീയ ഇന്നിങ്‌സിലേറി റോയല്‍സ് വിജയിച്ചുകയറിയത്. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും ഒറ്റയാള്‍ പോരാട്ടത്തിലൂടെ അദ്ദേഹം ടീമിനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. പുറത്താവാതെ 107 റണ്‍സാണ് ബട്‌ലര്‍ സ്‌കോര്‍ ചെയ്തത്. 60 ബോളുകള്‍ നേരിട്ട അദ്ദേഹം ഒമ്പതു ഫോറും ആറു സിക്‌സറുമടിച്ചു.
ആരുടെ ഇന്നിങ്‌സ് കണ്ടപ്പോഴാണ് മല്‍സരത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം റോയല്‍സ് ക്യാംപിനു ലഭിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അത് ബട്‌ലറല്ല, മറിച്ച് വാലറ്റത്ത് ഇറങ്ങിയ റോവ്‌മെന്‍ പവെലായിരുന്നുവെന്നാണ് സഞ്ജു പറയുന്നത്. എട്ടാം നമ്പറില്‍ ഇറങ്ങിയ പവെല്‍ 13 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 26 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്.

കെകെആറിനെതിരേ നേടിയ വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നു സഞ്ജു പറയുന്നു. നഷ്ടപ്പെട്ട വിക്കറ്റുകളില്‍ ഞങ്ങള്‍ക്കു ആശ്ചര്യമാണ് തോന്നിയത്. റോവ്‌മെന്‍ ചില സിക്‌സറുകളടിച്ചപ്പോഴാണ് ഈ ഗെയിം വിജയിക്കാന്‍ കഴിയമെന്നു തങ്ങള്‍ക്കു തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി. കെകെആറിന്റെ പ്രകടനത്തെയും സഞ്ജു അഭിനന്ദിച്ചു. അവരുടെ സ്പിന്നര്‍മാരുടെ പ്രകടനം റോയല്‍സിനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കിയതായും ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.
അല്‍പ്പം ഭാഗ്യവും കൂടിയുണ്ടായിരുന്നു. കെകെആറും വളരെ നന്നായിട്ടു തന്നെ ഈ മല്‍സരത്തില്‍ കളിച്ചു. അവരുടെ സ്പിന്‍ ബൗളിങ് മികവുറ്റതായിരുന്നു. വളരെ നന്നായിട്ടാണ് അവര്‍ ബൗള്‍ ചെയ്തത്. ഈ ഗ്രൗണ്ട് അവര്‍ക്കു നന്നായിട്ടു യോജിക്കുന്നതാണെന്നും സഞ്ജു വിശദമാക്കി.
സുനില്‍ നരെയ്‌നും വരുണ്‍ ചവ്രര്‍ത്തിയുമാണ് കെകെആറിനു വേണ്ടി മല്‍സരത്തില്‍ സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത്. ഇവരില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞത് നരെയ്‌നാണ്. നാലോവറില്‍ 7.5 ഇക്കോണമി റേറ്റില്‍ 30 റണ്‍സിനു രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. വരുണാവട്ടെ നാലോവറില്‍ ഒമ്പത് ഇക്കോണമി റേറ്റില്‍ രണ്ടു പേരെയും പുറത്താക്കി.

മല്‍സരത്തില്‍ റേയല്‍സിന്റെ ഹീറോയായി മാറിയ ബട്‌ലറെ പ്രശംസിക്കാനും സഞ്ജു മറന്നില്ല. കഴിഞ്ഞ ആറ്- ഏഴ് വര്‍ഷങ്ങളായി ജോസ് ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ് ഇത്തവണ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ വളരെയധികം സന്തോഷവാനാണ്. ജോസിന്റെ ഇന്നിങ്‌സാണ് ഏറ്റവും തലപ്പത്തു നില്‍ക്കുന്നത്. ഓപ്പണറായതിനാല്‍ തന്നെ അദ്ദേഹമുണ്ടെങ്കില്‍ ഒരു റണ്‍സും ചേസ് ചെയ്യാന്‍ അസാധ്യവുമല്ല. വളരെ സ്‌പെഷ്യലായ ഒന്നാണ് ഈ കളിയില്‍ ചെയ്തിരിക്കുന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ റണ്‍ചേസാണ് ഈ മല്‍സരത്തില്‍ റോയല്‍സ് നടത്തിയത്. 224 റണ്‍സിന്റെ വിജയലക്ഷ്യമാണ് റോയല്‍സിനു ഈ കളിയില്‍ കെകെആര്‍ നല്‍കിയത്. രണ്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവസാനത്തെ ഓവറിലെ അവസാന ബോളില്‍ സിംഗിളെടുത്ത് ബട്‌ലര്‍ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. അവസാന ആറോവറില്‍ നാലു വിക്കറ്റ് മാത്രം ശേഷിക്കെ 96 റണ്‍സ് റോയല്‍സിനു ജയിക്കാന്‍ ആവശ്യമായിരുന്നു, തുടര്‍ന്നുള്ള ഓവറുകളിലെല്ലം റണ്‍സ് വാരിക്കൂട്ടി റോയല്‍സ് വിജയത്തിലേക്കു കുതിക്കുകയായിരുന്നു.