ലഖ്‌നൗ: സ്വപ്‌നതുല്യമായ കുതിപ്പ് നടത്തി ഐപിഎല്ലില്‍ പ്ലേഓഫ് ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരും 2022ലെ റണ്ണറപ്പുമായ രാജസ്ഥാന്‍ റോയല്‍സ്. ഒമ്പതു മല്‍സരങ്ങളില്‍ എട്ടും ജയിച്ച റോയല്‍സ് 16 പോയിന്റോടെയാണ് തലപ്പത്തു നില്‍ക്കുന്നത്. ഇനിയുള്ള അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിക്കാനായാല്‍ റോയല്‍സിനു പ്ലേഓഫ് ടിക്കറ്റ് ഭദ്രമാക്കാന്‍ സാധിക്കും.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ടിക്കറ്റ് നഷ്ടമായ റോയല്‍സിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ സീസണിലേത്. ഇത്രയും ഗംഭീര പ്രകടനം നടത്താന്‍ ഈ സീസണില്‍ റോയല്‍സിനെ സഹായിച്ചത് എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ റോയല്‍സ് ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കെട്ടഴിച്ച സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. പുറത്താവാതെ 71 റണ്‍സ് നേടിയാണ് അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്. 33 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
വിക്കറ്റ് കീപ്പറായി വിക്കറ്റിനു പിന്നില്‍ നില്‍ക്കാനാവുന്നത് ഭാഗ്യമായിട്ടാണ് കാണുന്നതെന്നു സഞ്ജു വ്യക്തമാക്കി. ഇതിനു പിന്നിലെ കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. വിക്കറ്റിനു പിന്നില്‍ നില്‍ക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വലിയ ഭാഗ്യവാനാണ്. കാരണം ഇവിടെ നില്‍ക്കുമ്പോള്‍ പിച്ചിനെക്കുറിച്ച് കൃത്യമായി വിലയിരുത്താന്‍ എനിക്കു സാധിക്കും.
ഈ മല്‍സരത്തില്‍ ന്യൂബോളില്‍ ബൗളര്‍മാര്‍മാര്‍ക്കു അല്‍പ്പം ആനുകൂല്യം ലഭിച്ചിരുന്നു. അതിനു ശേഷം ബാറ്റ് ചെയ്യാന്‍ മികച്ച വിക്കറ്റും കൂടിയായിരുന്നു ഇത്. പവര്‍പ്ലേയില്‍ ഒരോവര്‍ ബൗള്‍ ചെയ്യാനെത്തിയവരെല്ലാം നല്ല പ്രകടനം തന്നെ കാഴ്ചവച്ചതായും സഞ്ജു വ്യക്തമാക്കി.
ഈ സീസണില്‍ റോയല്‍സിന്റെ വിജയക്കുതിപ്പിനു പിന്നില്‍ ഒരുപാട് പ്ലാനിങ്ങുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തിരശീലയ്ക്കു പിറകില്‍ ഒരുപാട് പ്ലാനിങ്ങുകള്‍ നടന്നിട്ടുണ്ട്. ഇന്നിങ്‌സിന്റെ തുടക്കവും അവസാനവും മികച്ചതായിരുന്നു. മധ്യ ഓവറുകളില്‍ ഞങ്ങള്‍ അല്‍പ്പം റണ്‍സ് വിട്ടുകൊടുത്തതായും സഞ്ജു പറഞ്ഞു. ഈ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുവതാരം ധ്രുവ് ജുറേലിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ഈ ഫോര്‍മാറ്റില്‍ ഫോമെന്നത് താല്‍ക്കാലികം മാത്രമാണ്. ജുറേലിനെ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഞങ്ങള്‍ അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നു. നെറ്റ്‌സില്‍ ജുറേല്‍ ഒരു മണിക്കൂറൂം രണ്ടു മണിക്കൂറുമെല്ലാം ബാറ്റിങില്‍ പരിശീലനം നടത്താറുണ്ട്.
ഞങ്ങള്‍ വളരെ നന്നായിട്ടാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ അല്‍പ്പം ഭാഗ്യമുള്ളവരും കൂടിയാണ്. ഈയൊരു പ്രക്രിയ ശരിയായി തുടരേണ്ടത് ആവശ്യമാണ്. ടീം മീറ്റിങ്ങുകളില്‍ പ്രക്രിയകള്‍ ടിക്ക് ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഒരു സമയത്തു ഒരു മല്‍സരം മാത്രമേയുള്ളൂവെന്നും സഞ്ജു വിശദമാക്കി.
എല്‍എസ്ജിക്കെതിരേയുള്ള മാച്ച് വിന്നിങ് പ്രകടനത്തോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യതകളും സഞ്ജു വര്‍ധിപ്പിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തേക്കും ഉയര്‍ന്നിട്ടുണ്ട്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 77 ശരാശരിയില്‍ 161.08 സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.