ഗുവാഹത്തി: ഐപിഎല്ലില്‍ പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്കു കടക്കവെ തുടര്‍ തോല്‍വികളുടെ ഞെട്ടലിലാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിങ്‌സിനോടു അഞ്ചു വിക്കറ്റിന്റെ പരാജയമാണ് റോയല്‍സിനു നേിട്ടത്. ടൂര്‍ണമെന്റില്‍ അവരുടെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വി കൂടിയാണിത്. പഞ്ചാബിനെതിരേ റോയല്‍സിന്റെ പരാജയകാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളിയില്‍ റോയല്‍സിനു വിജയിക്കാന്‍ സാധിക്കുമായിരുന്നെന്നും പക്ഷെ ബാറ്റിങ് നിരയില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനമുണ്ടായില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഞങ്ങള്‍ക്കു കുറച്ചു കൂടി റണ്‍സ് ആവശ്യമായിരുന്നു. 10-15 റണ്‍സെങ്കിലും കുറവാണ് ടീം നേടിയതെന്നു ഞാന്‍ കരുതുന്നു. 160 റണ്‍സെങ്കിലും നേടേണ്ടിയിരുന്ന വിക്കറ്റാണിത്. കുറച്ചു കൂടി നന്നായി കളിച്ചിരുന്നെങ്കില്‍ 160ന് മുകളില്‍ റണ്‍സ് അനായാസം നേടാന്‍ സാധിക്കുമായിരുന്നു. അവിടെയാണ് ടീം പരാജയപ്പെട്ടതെന്നും സഞ്ജു വ്യക്തമാക്കി.

ഒരു ബൗളിങ് ഓപ്ഷന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നാവുമായിരുന്നു. എനിക്കു അഞ്ചു മികവുറ്റ ബൗളര്‍മാര്‍ ടീമിലുണ്ട്. പരാജയങ്ങളിലൂടെയാണ് കടന്നുപോവന്നുന്നതെന്നു ഞങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി നാലു മല്‍സരങ്ങളിലാണ് ഞങ്ങള്‍ തോറ്റിരിക്കുന്നത്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്കു എന്താണ് വര്‍ക്ക് ചെയ്യാത്തതെന്നു കണ്ടെത്തേണ്ടതുണ്ട്. ടീമില്‍ ഞങ്ങള്‍ക്കു ഒരുപാട് മാച്ച് വിന്നര്‍മാരുണ്ട്. ആരെങ്കിലുമൊരാള്‍ മുന്നിലേക്കു വരണം. ഞങ്ങള്‍ യഥാര്‍ഥ വൈദഗ്ധ്യം പുറത്തെടുക്കേണ്ട സമയമാണിതെന്നും സഞ്ജു പറയുന്നു.
ഞങ്ങള്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്‌തേ തീരൂ. 160-170 റണ്‍സ് ഈ മല്‍സരത്തില്‍ മികച്ച സ്‌കോറായിരിക്കുമെന്നാണ് കരുതിയത്. 200 പ്ലസ് റണ്‍സ് അനായാസം സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റുകളിലായിരുന്നു ഞങ്ങള്‍ കളിച്ചത്. ഈ മല്‍സരത്തിലേതു പോലെയുള്ള വിക്കറ്റുകളില്‍ അധികം കളിച്ചിട്ടില്ല. കൂടുതല്‍ സ്മാര്‍ട്ടായ ക്രിക്കറ്റ് ഞങ്ങള്‍ കളിക്കേണ്ടതുണ്ട്. കൂട്ടുകെട്ടുകളും പടുത്തുയര്‍ത്തേണ്ടത് ആവശ്യമാണ്. ശേഷിച്ച മല്‍സരങ്ങളില്‍ കാര്യങ്ങള്‍ നന്നായി വരുമെന്നു പ്രതീക്ഷിക്കുന്നതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള സഞ്ജുവിന്റെ തീരുമാനം പാളുകയായിരുന്നു. ബാറ്റിങ് നിര ക്ലിക്കാവാതെ പോയപ്പോള്‍ ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തില്‍ 144 റണ്‍സ് സ്‌കോര്‍ ചെയ്യാനേ കഴിഞ്ഞുള്ളൂ. റിയാന്‍ പരാഗിന്റെ (48) ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ റോയല്‍സിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമാവുമായിരുന്നു. 34 ബോളില്‍ ആറു ഫോറുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. മറ്റാരും തന്നെ 30 റണ്‍സ് പോലും തികച്ചില്ല.

28 റണ്‍സെടുത്ത ആര്‍ അശ്വിനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. സഞ്ജുവും അരങ്ങേറ്റ മല്‍സരം കളിച്ച ഇംഗ്ലീഷ് ഓപ്പണര്‍ ടോം കോഹ്ലര്‍ കാഡ്‌മോറും 18 റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 12 റണ്‍സും നേടി. മറ്റാരും രണ്ടക്കത്തിലെത്തിയില്ല.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (4) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ധ്രുവ് ജുറേല്‍ ഗോള്‍ഡന്‍ ഡെക്കായും റോവ്‌മെന്‍ പവെല്‍ നാലു റണ്‍സിനും പുറത്തായി. ഇംപാക്ട് പ്ലെയറായി ഡൊണോവന്‍ ഫെരേരയെ പരീക്ഷിച്ചെങ്കിലും ഏഴു റണ്‍സെടുക്കാനേ ആയുള്ളൂ. പഞ്ചാബിനായി നായകന്‍ സാം കറെന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
മറുപടിയില്‍ ഏഴു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ പഞ്ചാബ് വിജയത്തിലെത്തുകയായിരുന്നു. നായകന്റെ ഇന്നിങ്‌സ് കളിച്ച കറെനാണ് പഞ്ചാബിന്റെ ഹീറോയായത്. ബൗളിങിനു പിന്നാലെ ബാറ്റിങിലും താരം കസറി. പുറത്താവാതെ 63 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 41 ബോളുകള്‍ നേരിട്ട കറെന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും കറെനാണ്.