Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ജയ്‌സ്വാള്‍, ജുറേല്‍; ഇവരെയൊക്കെ എങ്ങനെ സ്റ്റാറാക്കി? രഹസ്യം പരസ്യമാക്കി സഞ്ജു

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു പുതിയ താരോദയങ്ങളെ സംഭവന ചെയ്യുന്നതില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിലവിലെ ഇന്ത്യന്‍ ടീമിനെയെടുത്താല്‍ ചില മിന്നും താരങ്ങളെ സമ്മാനിക്കാന്‍ പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനും സാധിച്ചിട്ടുണ്ട്. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ എന്നിവര്‍ റോയല്‍സിലൂടെ തുടങ്ങി ഇപ്പോള്‍ ടീം ഇന്ത്യയിലും കസറുകയാണ്.

എങ്ങനെയാണ് പ്രതിഭാശാലികളായ യുവ താരങ്ങളെ ഈ തരത്തില്‍ കണ്ടെത്തുകയും വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍സ് ക്യാപ്റ്റനും മലയാളികളുടെ പ്രിയതാരവുമായ സഞ്ജു സാംസണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച സ്റ്റാര്‍ നഹി ഫാര്‍ എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

ദീര്‍ഘകാലമായി ഞാന്‍ രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. കിരീടം നേടുന്നതിനേക്കാള്‍ ഈ ഫ്രാഞ്ചൈസി മൂല്യം കല്‍പ്പിക്കുന്നത് യുവ താരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതിലാണെന്നു പറയാന്‍ സാധിക്കും. ടീമിലേക്കു വരുന്ന യുവതാരങ്ങളെ വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കാനും അവര്‍ക്ക് കരിയറില്‍ എല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കാനും റോയല്‍സ് ശ്രമിക്കാറുണ്ട്.

ഓരോ വര്‍ഷവും ഒന്നോ, രണ്ടോ അന്താരാഷ്ട്ര താരങ്ങളെ രാജ്യത്തിനു സമ്മാനിക്കാനും രാജസ്ഥാന്‍ റോയല്‍സ് പരിശ്രമിക്കാറുണ്ട്. ഇതു വളരെ മികച്ച കാര്യം തന്നെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഐപിഎല്ലില്‍ കളിക്കാന്‍ ആരംഭിച്ച 2013ലെ സീസണ്‍ മുതല്‍ ഇതു കാണാം. 2013ലായിരുന്നു ഞാന്‍ റോയല്‍സിനായി അരങ്ങേറിയത്. അടുത്ത വര്‍ഷം തന്നെ ഇന്ത്യന്‍ ടീമിലേക്കു വരികയും ചെയ്തുവെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

അന്നു മുതല്‍ ഓരോ സീസണിലും രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ആരെങ്കിലുമൊക്കെ ഇന്ത്യന്‍ ടീമിലേക്കു വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്പോഴാവട്ടെ യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, കുല്‍ദീപ് സെന്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലേക്കു ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഓരോ 15 അംഗ ടീമിനെയെടുത്താലും അതില്‍ മൂന്ന് മുതല്‍ അഞ്ചു വരെ റോയല്‍സ് താരങ്ങളെ കാണാന്‍ സാധിക്കും. ഇതു വളരെ സ്‌പെഷ്യലാണെന്നും സഞ്ജു പറയുന്നു.

ജയ്‌സ്വാള്‍, ജുറേല്‍ എന്നിവര്‍ റോയല്‍സ് ടീമിലുള്ളപ്പോള്‍ അതു എങ്ങനെയാണ് ടീം കോമ്പിനേഷനില്‍ ഇംപാക്ടുണ്ടാക്കാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. ടീമിനു വളരെയധികം മൂല്യം നല്‍കുന്ന കളിക്കാരാണ് ജയ്‌സ്വാളും ജുറേലും. കൂടാതെ അവരുടെ അനുഭവസമ്പത്തും ടീമിനു മുതല്‍ക്കൂട്ടാവുന്നു. മാത്രമല്ല വ്യത്യസ്ത തരത്തിലുള്ള കാഴ്ചപ്പാടുകള്‍ ഇവരിലൂടെ ടീമിനു ലഭിക്കുകയും ചെയ്യുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

JAISWAL- JUREL

റോയല്‍സിന്റെ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സ്പിന്നര്‍മാരാവണം ടീമില്‍ ഏറ്റവും സ്മാര്‍ട്ടായി ചിന്തിക്കുന്നവരെന്നു ഞാന്‍ കരുതുന്നു. യുസിയും (യുസ്വേന്ദ്ര ചഹല്‍) ആഷ് ഭായി (ആര്‍ അശ്വിന്‍) എന്നിവര്‍ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും സ്മാര്‍ട്ടായിട്ടുള്ള ക്രിക്കറ്റര്‍മാരാണ്.

ഇവരെപ്പോലെയുള്ളവര്‍ ടീമിലേക്കു ഒരുപാട് ഐഡിയകളും കാഴ്ചപ്പാടുകളുമെല്ലാം കൊണ്ടു വരികയും ചെയ്യുന്നു. ഇതു എന്റെ ജോലി കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നതാക്കി മാറ്റാറുമുണ്ട്. അവര്‍ ഒരുപാട് ഐഡിയകളുമായി വരുന്നതാണ് ഇതിനു കാരണമെന്നും സഞ്ജു ചിരിയോടെ വെളിപ്പെടുത്തി. അതേസമയം, പുതിയ സീസണില്‍ റോയല്‍സിന്റെ കന്നിയങ്കം ഈ മാസം 24നാണ്. കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ആദ്യ മല്‍സരത്തില്‍ റോയല്‍സിന്റെ എതിരാളികള്‍.

Story first published: Sunday, March 10, 2024, 17:35 [IST]
Other articles published on Mar 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+